ഇന്ത്യയില്‍ വിദേശികൾക്കെതിരെ ഏറ്റവുമധികം അക്രമങ്ങൾ ദില്ലിയിൽ

By Web DeskFirst Published May 5, 2016, 3:42 AM IST
Highlights

കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹരിഭായ് പാർത്ഥി ഭായ് ചൗധരി രാജ്യസഭയിൽ സമർപ്പിച്ച രേഖകളിലാണ് രാജ്യ തലസ്ഥാനത്തിന് നാണക്കേടുണ്ടാക്കുന്ന കണക്കുകളുള്ളത്. 2014 മുതൽ ഇന്ത്യയിൽ വിദേശികൾക്ക് ഏറ്റവുമധികം അക്രമങ്ങൾ നേരിടേണ്ടി വന്ന സ്ഥലം ദില്ലിയാണെന്ന് സർക്കാർ സഭയെ അറിയിച്ചു. 164 കേസുകളാണ് ദില്ലിയിൽ റജിസ്റ്റർ ചെയ്തത്. 

73 കേസുകളുമായി ഗോവ രണ്ടാമതും 66 കേസുകളുമായി ഉത്തർപ്രദേശ് മൂന്നാമതും നിൽക്കുന്നു. മഹാരാഷ്ട്രയിൽ 59 കേസുകളാണ് റജിസ്റ്റർ ചെയ്തത്. എന്നാൽ വടക്കു കിഴക്കൻ സംസ്ഥാനങ്ങളായ അസം, അരുണാചൽ പ്രദേശ്, മണിപ്പൂർ,മേഘാലയ, നാഗാലാന്‍റ് ,സിക്കിം എന്നിവിടങ്ങളിൽ കേസുകളില്ല. ലക്ഷദ്വീപ്,ആന്‍റമാൻ നിക്കേബാർ, ദാദ്ര നഗർ ഹവേലി, ദാമൻ ദിയു എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലും ഉത്തരാഖണ്ഢ്,ഛത്തീസ്ഗഢ്,ജാർഖണ്ഢ് എന്നീ സംസ്ഥാനങ്ങളിലും കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. 

നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ ശേഖരിച്ച  കണക്കുകളാണ് കേന്ദ്രം രാജ്യസഭയിൽ വച്ചത്. ഇന്ത്യയിലാകെ 486 കേസുകളാണ് വിദ്യാർത്ഥികളടക്കമുള്ള വിദേശികൾക്കെതിരെയുണ്ടായ അക്രമങ്ങളെ തുടർന്ന് റജിസ്റ്റർ ചെയ്തത്. കേസുകളുടെ നടപടി ക്രമങ്ങൾ പൂർത്തിയായതായും സർക്കാർ സഭയെ അറിയിച്ചു. 

ഇതിനിടെ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ വിദേശ ജയിലുകളിൽ മരിച്ച ഇന്ത്യക്കാരുടെ വിവരങ്ങൾ  കേന്ദ്രസർക്കാർ ലോക്സഭയിൽ വച്ചു. 49 ഇന്ത്യക്കാരാണ് വിവിധ രാജ്യങ്ങളിലെ ജയിലുകളിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മരിച്ചതെന്നും ഇതിൽ പതിമൂന്ന് പേ‍ർ പാകിസ്ഥാനിലാണെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വികെ സിങ് ലോക്സഭയെ അറിയിച്ചു.

click me!