കാറിന്‍റെ തുറന്നിട്ട ഡിക്കിയിലിരുന്ന് അപകടരമായ രീതിയിൽ നൃത്തവും അഭ്യാസപ്രകടനവും നടത്തിയ യുവാക്കളുടെ വീഡിയോ പുറത്ത് വന്നതോടെ സംഭവത്തിൽ പരപ്പനങ്ങാടി പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.
മലപ്പുറം: പരപ്പനങ്ങാടിയിൽ വിവാഹ ആഘോഷം പൊലിപ്പിക്കുന്നതിനായി ഓടിക്കൊണ്ടിരുന്ന കാറുകളിൽ അപകടകരമായ രീതിയിൽ അഭ്യാസപ്രകടനങ്ങൾ കാണിച്ച യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. പരപ്പനങ്ങാടി – കോഴിക്കോട് റോഡിൽ വിവാഹസംഘത്തെ അനുഗമിച്ച രണ്ടു കാറുകളുടെ ഡിക്കിയിലിരുന്നായിരുന്നു യുവാക്കളുടെ അഭ്യാസപ്രകടനം. കാറിന്‍റെ തുറന്നിട്ട ഡിക്കിയിലിരുന്ന് അപകടരമായ രീതിയിൽ നൃത്തവും അഭ്യാസപ്രകടനവും നടത്തിയ യുവാക്കളുടെ വീഡിയോ പുറത്ത് വന്നതോടെ സംഭവത്തിൽ പരപ്പനങ്ങാടി പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് വാഹനങ്ങൾ കണ്ടെത്തി പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.
പരപ്പനങ്ങാടിയിൽ റോഡിൽ അഭ്യാസപ്രകടനം നടത്തിയവരെ പിടികൂടിയതായി കേരള പൊലീസ് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് അറിയിച്ചത്. മറ്റ് യാത്രക്കാർക്ക് അപകടമുണ്ടാക്കുന്ന രീതിയിൽ വാഹനമോടിച്ച യുവാക്കളോട് അപകടസാധ്യതയുണ്ടെന്ന് യാത്രക്കാർ മുന്നറിയിപ്പു നൽകിയെങ്കിലും ഇവർ അവഗണിച്ചു. ഒടുവിൽ ദൃശ്യങ്ങൾ പകർത്തിയയാൾ പരപ്പനങ്ങാടി പൊലീസിൽ പരാതിപ്പെട്ടതിനെ തുടർന്ന് പൊലീസ് കേസെടുക്കുകയും വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്യുകയായിരുന്നു.


