നാളെ നടക്കുന്ന കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയില്‍ പങ്കെടുക്കും : പി.ജെ.കുര്യന്‍

By Web DeskFirst Published Jun 10, 2018, 12:24 PM IST
Highlights
  • തനിക്കുള്ള പരാതികളും ആക്ഷേപങ്ങളും യോഗത്തിൽ അറിയിക്കും.

ദില്ലി: നാളെ ദില്ലിയില്‍ നടക്കുന്ന കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യ സമിതിയോഗത്തില്‍ പങ്കെടുക്കുമെന്ന് പി.ജെ.കുര്യന്‍. തനിക്കുള്ള പരാതികളും ആക്ഷേപങ്ങളും യോഗത്തിൽ അറിയിക്കും. തന്നെ വെട്ടിനിരത്താന്‍ ഉമ്മന്‍ ചാണ്ടി ശ്രമിച്ചെന്ന് പി.ജെ.കുര്യന്‍ നേരത്തെ ആരോപിച്ചിരുന്നു. രാജ്യസഭാ സീറ്റ് കിട്ടാത്തതില്‍ പരാതിയില്ല. സീറ്റ് ആവശ്യപ്പെട്ടിട്ടുമില്ല. എന്നാലും ഉമ്മന്‍ ചാണ്ടി സ്വന്തം അജണ്ട നടപ്പാക്കാന്‍ തന്നെ വെട്ടിനിരത്തിയതാണെന്നും പി.ജെ.കുര്യന്‍ ആരോപിച്ചിരുന്നു. 

രാഹുലിന് പരാതി നൽകാനുള്ള കുര്യന്‍റെ തീരുമാനം ഉചിതമെന്ന് ഉമ്മന്‍ ചാണ്ടി. അപ്പോള്‍ കാര്യങ്ങള്‍ കുര്യന് മനസ്സിലാകുമെന്നും ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു. ആരോപണത്തിന് യുവ എംഎൽഎമാര്‍ മറുപടി നൽകട്ടേയെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു. ഗൂഢാലോചനാവാദത്തിന് ഹസ്സനും ചെന്നിത്തലയും മറുപടി നൽകണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഉമ്മൻ ചാണ്ടിക്കെതിരായ വിമർശനങ്ങളിൽ എ ഗ്രൂപ്പിന് അതൃപ്തിയുണ്ടെന്ന് സൂചനയുണ്ട്. ഒറ്റ തിരിഞ്ഞു ആക്രമിക്കാൻ ശ്രമിക്കുന്നുവെന്ന് എ ഗ്രൂപ്പ് വിമര്‍ശനം.

ഇതിനിടെ രാജ്യസഭാ സീറ്റ് മാണിക്ക് നൽകിയതിൽ എ.കെ ആന്‍റണി അതൃപ്തി അറിയിച്ചു. രാജ്യസഭാ സീറ്റ് കൈമാറും മുൻപ് തന്നോട് വേണ്ടത്ര ചർച്ച നടത്താത്തതിലാണ് ആന്‍ണിക്ക് അതൃപ്തി. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും എം എം ഹസ്സനും തീരുമാനം എടുത്ത ശേഷമാണ് സീറ്റ് മാണിക്ക് നൽകാന്‍ തീരുമാനിച്ചതിനെക്കുറിച്ച് ആന്‍റണിയെ അറിയിക്കുന്നത്. രാജ്യസഭാ സീറ്റ് ഇല്ലെങ്കിൽ മാണി വരില്ലെന്നും ലീഗ് കടുത്ത നിലപാട് എടുക്കുമെന്നും ഹൈക്കമാന്‍റിനെ മൂന്ന് നേതാക്കളും ധരിപ്പിച്ചു. ആന്‍റണിയുടെ അതൃപ്തി കൂടി കണക്കിലെടുത്താണ് ഹൈക്കമാൻറ് എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കിനോട് കേരളത്തിലെ വിവാദങ്ങളെ കുറിച്ച് റിപ്പോ‍ർട്ട് തേടിയത്. 

രാജ്യസഭാ തെരഞ്ഞെടുപ്പിൽ ജോസ് കെ.മാണിക്ക് തന്നെ വോട്ട് ചെയ്യുമെന്ന് വി.ടി.ബൽറാം ഫേസ്ബുക്ക് പോസ്റ്റിട്ടു. എന്നാൽ തീരുമാനത്തോട് വിയോജിപ്പ് ഉണ്ടെന്നും ബൽറാം പറഞ്ഞു. രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയതില്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വി.ടി ബല്‍റാം കനത്ത പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. കേരളത്തിലെ കോണ്‍ഗ്രസ് മെച്ചപ്പെട്ട നേതൃത്വം അര്‍ഹിക്കുന്നുവെന്നും നേതാക്കള്‍ക്ക് ഹലേലൂയ്യ പാടാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉണ്ടാകില്ലെന്നുമാണ് പോസ്റ്റിലൂടെ വി.ടി ബല്‍റാം പറഞ്ഞത്. നേതൃത്വത്തിനിടയിലെ അധികാരത്തര്‍ക്കം പരസ്യപോരിലേക്ക് കടക്കുന്നതിനിടെയാണ് കെപിസിസിയുടെ നിർണ്ണായക രാഷ്ട്രീയകാര്യ സമിതി നാളെ ചേരുന്നത്. 

click me!