
പാലക്കാട്: ശിശുമരണങ്ങളുടെ പശ്ചാത്തലത്തിൽ അട്ടപ്പാടിക്ക് പ്രഖ്യാപിച്ച ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ പദ്ധതി സർക്കാർ അട്ടിമറിക്കുന്നതായി ആരോപണം. ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥയെ മാറ്റിയതോടെ, പദ്ധതി താളംതെറ്റിയെന്നാണ് ആദിവാസികൾ പറയുന്നത്. രാഷ്ട്രീയ ലക്ഷ്യം വച്ച് സംസ്ഥാന സർക്കാർ, പദ്ധതി കൈക്കലാക്കിയെന്നും ആരോപണമുണ്ട്.
അട്ടപ്പാടിയിൽ തുടർച്ചയായ ശിശുമരണങ്ങളുടെ പശ്ചാത്തലത്തിൽ 2014ലാണ് ദേശീയ ഗ്രാമീണ ഉപജീവന മിഷൻ പ്രഖ്യാപിച്ചത്. കുംടുംബശ്രീ മാതൃകയിലുളള സമഗ്ര ആദിവാസി വികസന പദ്ധതി അറിയപ്പെട്ടിരുന്നത് ട്രൈബൽ കുടുംബശ്രീ എന്നപേരിലാണ്. അയൽകൂട്ടങ്ങളെ ഊരുസമിതികള്‍ വഴി ഏകോപിപ്പിച്ചായിരുന്നു പ്രവർത്തനം.
60% തുക കേന്ദ്ര സര്‍ക്കാരും 40% തുക സംസ്ഥാനവും നൽകും. ആദിവാസികളെ കൃഷിയിലേക്ക് തിരികെ കൊണ്ടുവരിക, സ്വാശ്രയത്വം, പോഷകാഹാര ലഭ്യത, വിദ്യാഭ്യാസം തുടങ്ങിയ പദ്ധതിയുടെ ലക്ഷ്യങ്ങളിൽ ചിലത് മാത്രം. എന്നാൽ നിലവിൽ ഉപജീവന മിഷൻ ആദിവാസി ക്ഷേമത്തിനുതകുന്ന ഒരു പ്രവർത്തിയും ചെയ്യുന്നില്ലെന്നാണ് ആദിവാസികളുടെ പരാതി.
പ്രോജക്റ്റ് ഓഫീസറായിരുന്ന സീമ ഭാസ്കറിനെ മാറ്റിയത് ഗൂഢലക്ഷ്യം വച്ചെന്നിവർ പറയുന്നു. പ്രാദേശിക ഭരണ സമിതികള്‍ക്ക് പദ്ധതിയിൽ നിയന്ത്രണമില്ലാത്തതും എതിർപ്പിന് കാരണമായി. പദ്ധതി നിലച്ചതോടെ വലിയ പ്രതിഷേധമാണ് ആദിവാസി സമൂഹത്തിൽ നിന്നുയർന്നത്. പ്രോജക്റ്റ് ഓഫീസ് സ്ഥിതിചെയ്യുന്ന അഗളിയിൽ ആദിവാസി സമരം നൂറാം ദിവസത്തിലേക്കെത്തുകയാണ്.
എന്നാൽ പദ്ധതി കാലാവധി അവസാനിച്ചതോടെയാണ് സംസ്ഥാന കുടുംബശ്രീ മിഷൻ ഏറ്റെടുത്തെന്നാണ് ഔദ്യോഗിക വിശദീകരണം. കോട്ടം തട്ടാതെ നടപ്പാക്കുമെന്ന് അവകാശപ്പെടുമ്പോഴും ഒരു നടപടികളും വേഗത്തിലല്ലെന്നാണ് യാഥാർത്ഥ്യം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam