
ജർമ്മനി:
ഫോക്സ് വാഗന്റെ കീഴിലുള്ള ആഡംബര കാർ നിർമ്മാതാക്കളായ ഔഡിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ റൂപർട്ട് സ്റ്റേഡ്ളറെ വാഹനങ്ങളിലെ വിഷവാതക പരിശോധനയിൽ കൃത്രിമം കാണിച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. അറസ്റ്റ് സ്ഥിരീകരിച്ചതായി വോക്സ് വാഗൻ വക്താവ് അറിയിച്ചു. ജർമ്മനിയിൽ വച്ചാണ് റൂപർട്ട് അറസ്റ്റിലായത്. വിഷവാതകങ്ങൾ പുറന്തള്ളുന്നത് കണ്ടുപിടിക്കാൻ സാധിക്കാത്ത സോഫ്റ്റ് വെയർ വാഹനത്തിനുള്ളിൽ ഘടിപ്പിച്ചാണ് കൃത്രിമം നടത്തിയിരിക്കുന്നത്.
മൂന്നു വർഷം മുമ്പാണ് ഈ അഴിമതിയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തു വരുന്നത്. അന്തരീക്ഷത്തിന് ദോഷകരമായ വിധത്തിൽ വിഷവാതകങ്ങൾ പുറന്തള്ളുന്ന അവസ്ഥയാണ് ഔഡി കാറുകൾക്കുള്ളത്. എന്നാൽ എയർ പൊല്യൂഷൻ പരിശോധനകളിൽ വ്യക്തമാകാത്ത രീതിയിലാണ് കാറിന്റെ ഉൾഭാഗം ഡിസൈൻ ചെയ്തിരിക്കുന്നത്. കാറിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന സോഫ്റ്റ് വെയറിലൂടെയാണ് ഇത് സാധ്യമാകുന്നത്. വോക്സവാഗൻ കാറുകളിലാണ് ഈ ഉപകരണങ്ങൾ ആദ്യം കണ്ടെത്തിയത്. പിന്നീട് ഓഡി കാറുകളും ഈ അഴിമതിയിൽ ഉൾപ്പെടുകയായിരുന്നു.
കഴിഞ്ഞ മാസമാണ് അറുപതിനായിരം എ6, എ7 മോഡലുകളിൽ ഇതേ പ്രശ്നം കണ്ടത്. എമിഷൻ സോഫ്റ്റ് വെയർ പ്രശ്നങ്ങളായിരുന്നു മിക്കവയിലും ഉണ്ടായിരുന്നത്. കഴിഞ്ഞ വർഷം പുറത്തിറക്കിയ എട്ടുലക്ഷത്തി അമ്പതിനായിരം ഔഡി കാറുകളിൽ ചിലത് മാത്രമേ മാറ്റം വരുത്തി നിരത്തിലിറക്കാൻ സാധിക്കുമായിരുന്നുള്ളൂ. ദോഷകരമായി വിഷവാതകം പുറന്തള്ളുന്നതുമായി ബന്ധപ്പെട്ട് കൂടുതൽ പ്രശ്നങ്ങൾ ഔഡി കാറിന് മേൽ ആരോപിക്കപ്പെട്ടിട്ടുണ്ട്.
ബുധനാഴ്ച സ്റ്റേഡ്ളറെ കൂടുതൽ ചോദ്യം ചെയ്യലിന് വിധേയനാക്കുമെന്ന് ജർമ്മൻ പത്രം റിപ്പോർട്ട് ചെയ്യുന്നു. 2015 സെപ്റ്റംബറിലാണ് ഈ അഴിമതി പുറത്തു വന്നത്. അമേരിക്കയിലാകെ ആറ് ലക്ഷം ഔഡി കാറുകൾ എമിഷൻ പരിശോധനയിൽ പരാജയപ്പെട്ടവയാണ് എന്ന് വോക്സ് വാഗൻ സമ്മതിച്ചിട്ടുണ്ട്. ലോകെത്തെങ്ങുമുള്ള പതിനൊന്ന് ദശലക്ഷം കാറുകൾ ഇത്തരം സോഫ്റ്റ്വെയറുകൾ സ്ഥാപിച്ചിട്ടുണെന്നും ഇവർ ഏറ്റു പറയുന്നുണ്ട്. ഈ വാതകങ്ങൾ അന്തരീക്ഷ വായുവിൽ കലരുന്നത് വളരെയധികം പ്രശ്നങ്ങൾക്ക് കാരണമാകും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam