
തിരുവനന്തപുരം: അഞ്ച് ലക്ഷം രൂപയുടെ ആയുഷ്മാന്‍ ഭാരത് ഇന്‍ഷുറന്‍സിന് അര്‍ഹതയുണ്ടെന്നറിയിച്ച് കേരളത്തിലെ 18 ലക്ഷത്തോളം പേര്‍ക്ക് പ്രധാനമന്ത്രി നേരിട്ട് കത്തയച്ചു. പദ്ധതി നടത്തിപ്പിനായി ഇൻഷുറൻസ് കമ്പനിയെ കണ്ടെത്താനുള്ള ടെൻഡർ നടപടികൾ പോലും സർക്കാർ തുടങ്ങിയിട്ടില്ലെന്നിരിക്കെയാണ് പ്രധാനമന്ത്രിയുടെ കത്ത് കേരളത്തിലെത്തിയിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാരുകളുടെ പങ്കാളിത്തത്തോടെ കേന്ദ്രം നടപ്പാക്കുന്ന ആയുഷ്മാന്‍ ഭാരത് ഇന്‍ഷുറന്‍സ് പദ്ധതിക്കായി കേരളം തയ്യാറെടുപ്പുകൾ തുടങ്ങിയിട്ടേയുള്ളു. കുറഞ്ഞത് രണ്ടു മാസമെങ്കിലും കഴിഞ്ഞേ ഗുണഭോക്താക്കൾക്ക് പദ്ധതിയുടെ ഗുണം ലഭിക്കുകയുള്ളു. എന്നാല്‍ ഇതിനിടെയാണ് കേരളത്തിലെ 18 ലക്ഷത്തോളം പേര്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സിന്‍റെ അര്‍ഹത അറിയിച്ച് പ്രധാനമന്ത്രി നേരിട്ട് കത്തയച്ചത്. സ്പീഡ് പോസ്റ്റിലയച്ച കത്ത് ഇതിനകം സംസ്ഥാനത്ത് ഏഴ് ലക്ഷത്തോളം പേര്‍ക്ക് കിട്ടിക്കഴിഞ്ഞു. ബാക്കിയുളളവര്‍ക്ക് വരും ദിവസങ്ങളില്‍ കത്ത് കിട്ടും. കത്തിനൊപ്പം ഗുണഭോക്താവിന്‍റെ അർഹത വ്യക്തമാക്കുന്ന നമ്പറുമുണ്ട്.
പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ ഗുണഭോക്താക്കളുടെ പട്ടികയ്ക്കു പകരം 2011ലെ സാമൂഹ്യ സാമ്പത്തിക സെന്‍സസ് അടിസ്ഥാനമാക്കിയാണ് പ്രധാനമന്ത്രി കത്തയച്ചത്. എന്നാൽ പ്രധാനമന്ത്രി കത്തയച്ച ഭൂരിഭാഗം പേരും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ ഗുണഭോക്താക്കളുടെ പട്ടികയില്‍ ഉളളവര്‍ തന്നെയെന്നാണ് ആരോഗ്യ വകുപ്പിന്‍റെ കണക്കുകൂട്ടല്‍.
ആയുഷ്മാന്‍ ഭാരത് പദ്ധതിയനുസരിച്ച് സര്‍ക്കാര്‍ ആശുപത്രികളിലും തിരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും അഞ്ച് ലക്ഷം രൂപയുടെ ചികിത്സ സൗജന്യമാണ്. കത്ത് കിട്ടിയവര്‍ നാളെ മുതൽ ചികിത്സ തേടിയെത്തിയാല്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിസന്ധിയിലാകും. പ്രധാനമന്ത്രിയുടെ കത്തുമായി ആരെങ്കിലും ഇന്‍ഷൂറന്‍സ് സേവനം തേടിയെത്തിയാല്‍ തത്ക്കാലം ആര്‍എസ്ബിഐ പദ്ധതി പ്രകാരം നല്‍കുന്ന 30000 രൂപ വരെയുളള ചികിത്സ മാത്രമെ നല്‍കാനാകൂ. ഇതുണ്ടാക്കാവുന്ന തർക്കങ്ങളും ആശയക്കുഴപ്പങ്ങളുമാണ് സർക്കാരിന്‍റെ മുന്നിലുള്ള വെല്ലുവിളി.
രണ്ടു പേജുളള കത്തിന്‍റെ ആദ്യ ഭാഗം കേന്ദ്ര സര്‍ക്കാരിന്‍റെ കഴിഞ്ഞ നാലു വര്‍ഷത്തെ ഭരണനേട്ടങ്ങളാണ് വിവരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രധാനമന്ത്രി അയച്ച കത്തിന് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam