ശബരിമലയിൽ അന്നദാനത്തിന് ആർഎസ്എസ് സംഘടന; അയ്യപ്പസേവാ സമാജവുമായി ദേവസ്വംബോർ‍ഡ് കരാർ ഒപ്പിടും

By Web TeamFirst Published Nov 30, 2018, 11:00 AM IST
Highlights

അന്നദാനഫണ്ടിൽ പണമില്ലെന്ന കാരണം പറഞ്ഞാണ് അന്നദാനത്തിന് അയ്യപ്പസേവാ സമാജത്തിന് കരാർ നൽകുന്നത്. പമ്പയിലും നിലയ്ക്കലും നടത്തുന്ന അന്നദാനത്തിനാണ് കരാർ നൽകാൻ തീരുമാനിച്ചിരിക്കുന്നത്.

പമ്പ: പമ്പയിലും നിലയ്ക്കലും നടത്തുന്ന അന്നദാനത്തിന് ആർഎസ്എസ് അനുകൂല സംഘടനയ്ക്ക് കരാർ നൽകാൻ ദേവസ്വംബോർഡിന്‍റെ തീരുമാനം. അന്നദാനഫണ്ടിൽ പണമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കരാർ മറ്റൊരു സംഘടനയ്ക്ക് നൽകുന്നത്. അയ്യപ്പസേവാസമാജവുമായി ഉടൻ ദേവസ്വംബോർഡ് കരാർ ഒപ്പിടും. 

ശബരിമല സമരവുമായി ബന്ധപ്പെട്ടുള്ള സമവായശ്രമത്തിന്‍റെ ഭാഗമായാണ് കരാർ നൽകുന്നതെന്നാണ് സൂചന. ശബരിമലയിൽ പ്രതിഷേധസമരം നടത്തിയ അയ്യപ്പസേവാ സമാജത്തിനാണ് കരാർ നൽകുന്നതെന്നതാണ് ശ്രദ്ധേയം. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ചേർന്ന ദേവസ്വംബോർഡ് യോഗത്തിലാണ് നിർണായകതീരുമാനം ഉണ്ടായിരിക്കുന്നത്. അവിടെ ആവശ്യമായ ഭക്ഷണം എത്തിയ്ക്കുകയും വോളണ്ടിയർമാരെ നൽകുകയും ചെയ്യുകയാണ് അയ്യപ്പസേവാസമാജത്തിന്‍റെ ചുമതല. എന്നാൽ നടത്തിപ്പ് ചുമതല ദേവസ്വംബോർഡിനാകുമെന്നാണ് ബോർഡ് കമ്മീഷണർ എൻ . വാസു വ്യക്തമാക്കുന്നത്.

വർഷങ്ങൾക്ക് മുമ്പ് ശബരിമലയിൽ അന്നദാനം നടത്തിയിരുന്നത് ചില സന്നദ്ധസംഘടനകളായിരുന്നു. എന്നാൽ ഈ സംഘടനകൾ വ്യാപകമായ പണപ്പിരിവ് നടത്തുകയും അന്നദാനത്തിന് ശേഷം ശുചീകരണപ്രവർത്തനങ്ങൾ കാര്യക്ഷമമല്ലെന്ന് പരാതിയുയരുകയും ചെയ്ത സാഹചര്യത്തിലാണ് ഹൈക്കോതി തന്നെ ഇടപെട്ട് ദേവസ്വംബോർഡിനോട് അന്നദാനം നടത്താൻ നിർദേശിയ്ക്കുകയായിരുന്നു. തുടർന്ന് കഴിഞ്ഞ മൂന്ന് വർഷമായി പമ്പയിലും നിലയ്ക്കലും അന്നദാനം നടത്തുന്നത് ദേവസ്വംബോർഡാണ്. 

എന്നാൽ ഈ വർഷം തീർഥാടകരുടെ വരവ് കുറഞ്ഞതോടെ വരുമാനം കുറഞ്ഞു, അന്നദാനഫണ്ടിൽ പണമില്ലാതായി. ഇതോടെയാണ് ഒരു സന്നദ്ധസംഘടനയെ അന്നദാനം ഏൽപ്പിയ്ക്കുന്നതെന്നാണ് ദേവസ്വംബോർഡിന്‍റെ വാദം. 

2008-ൽ കുമ്മനം രാജശേഖരൻ രൂപം നൽകിയ സംഘടനയാണ് അയ്യപ്പസേവാ സമാജം. ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരെ നേരിട്ട് പ്രതിഷേധങ്ങൾ സംഘടിപ്പിച്ച സംഘടന കൂടിയാണിത്. സ്വാമി അയ്യപ്പദാസ് നേതൃത്വം നൽകുന്ന സംഘപരിവാർ സംഘടനകളിലൊന്ന് കൂടിയാണ് അയ്യപ്പസേവാസമാജം. 

ഹൈക്കോടതിയുടെ നിരീക്ഷണത്തിലാണ് ശബരിമലയിലെ അന്നദാനമടക്കമുള്ള എല്ലാ കാര്യങ്ങളും നടക്കുന്നത്. ദേവസ്വംബോർഡ് മാത്രമേ അന്നദാനം നടത്താവൂ എന്ന ഉത്തരവിനെതിരെ നേരത്തേ ആർഎസ്എസ് അനുകൂല സംഘടനയായ അയ്യപ്പസേവാ സമാജവും കോൺഗ്രസ് അനുകൂല സംഘടനയായ അയ്യപ്പസേവാസംഘവും ഹൈക്കോടതിയെ സമീപിച്ചിരുന്നു. അന്ന് അയ്യപ്പസേവാസംഘത്തിന് മാത്രമാണ് അന്നദാനത്തിന് ഹൈക്കോടതി അനുമതി നൽകിയത്. ഇത്തവണ അന്നദാനത്തിന് അയ്യപ്പസേവാസമാജത്തിന് കരാർ നൽകുന്നതിന് മുൻപ് ഹൈക്കോടതിയുടെ അനുമതി തേടിയിട്ടില്ലെന്ന് വ്യക്തമാണ്. നേരത്തേ ഒരിയ്ക്കൽ അന്നദാനത്തിന് ഹൈക്കോടതി അനുമതി നിഷേധിച്ച സംഘടനയ്ക്ക് അന്നദാനത്തിന് കരാർ നൽകുന്നതെങ്ങനെ എന്ന ചോദ്യമാണ് ഉയരുന്നത്. 

ഒത്തുകളിയെന്ന ആരോപണവുമായി കോൺഗ്രസ്

ശബരിമലയിൽ അന്നദാനത്തിന്‍റെ ചുമതല അയ്യപ്പസേവാസമാജത്തിന് നൽകുന്നത് ഒത്തുകളിയാണെന്നാണ് കോൺഗ്രസ് ആരോപിയ്ക്കുന്നത്. 2017-ൽ കോൺഗ്രസിന്‍റെ അനുകൂല സംഘടനയായ അയ്യപ്പസേവാസംഘത്തിന് അന്നദാനത്തിന് ഹൈക്കോടതി അനുമതി കിട്ടിയിട്ടുണ്ട്. ഇത്തവണ ആർഎസ്എസ് അനുകൂലസംഘടനയായ അയ്യപ്പസേവാ സമാജത്തിന് കരാർ നൽകുന്നതോടെ ശബരിമല സമരം ഒത്തുതീർക്കാനുള്ള ഒത്തുകളിയാണെന്നാണ് കോൺഗ്രസ് നേതാവും മുൻ ദേവസ്വംബോർഡ് പ്രസിഡന്‍റുമായ പ്രയാർ ഗോപാലകൃഷ്ണൻ ആരോപിയ്ക്കുന്നത്. 

ശബരിമല സമരം അവസാനിപ്പിച്ചതിന് ഇടത് സർക്കാർ ബിജെപിയ്ക്കും ആർഎസ്എസ്സിനും നൽകിയ പ്രത്യുപകാരമാണിതെന്നാണ് കോൺഗ്രസ് നേതാവ് രാജ്‍മോഹൻ ഉണ്ണിത്താൻ ആരോപിയ്ക്കുന്നത്. കോടികൾ മറിയുന്ന പരിപാടിയാണിതെന്നും, ഇത് ബിജെപിയും സിപിഎമ്മും തമ്മിലുള്ള ഒത്തുകളിയാണെന്നും രാജ്‍മോഹൻ പറയുന്നു. 

click me!