
കൊച്ചി : അയ്യപ്പനെ അപമാനിക്കുന്ന പ്രവര്‍ത്തികള്‍ തുടര്‍ന്നാല്‍ സര്‍ക്കാറിന് കേരളം മുഴുവൻ 144 പ്രഖ്യാപിക്കേണ്ട ഗതി വരുമെന്നു ബിജെപി സംസ്ഥാന വക്താവ് ബി.ഗോപാലകൃഷ്ണൻ. ശബരിമല തോന്നുന്നതുപോലെ തുറക്കുകയും അടയ്ക്കുകയും ചെയ്യാമെന്നാണു സർക്കാർ കരുതുന്നതെങ്കിൽ വിശ്വാസികൾ എകെജി സെന്‍ററും അടപ്പിക്കും. വിശ്വാസികൾക്കു ബിജെപിയുടെ പിന്തുണയുണ്ട്. അയ്യപ്പനുമായി യുദ്ധം ചെയ്യുന്നതു തുടർന്നാൽ ഇന്ത്യയിലെ കമ്യൂണിസത്തിന്‍റെ അന്തകനായി അയ്യപ്പൻ മാറും.
വിധി തടുക്കാനാകില്ലെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.സർക്കാരും കമ്യൂണിസ്റ്റ് പാർട്ടിയും ഓരോ ദിവസവും ഓരോ തന്ത്രങ്ങളുമായാണു വരുന്നത്. രാഷ്ട്രീയ അടവുനയം ശബരിമലയിൽ വേണ്ട. ദേവസ്വം ബോർഡുകളെ സർക്കാർ കയ്യിലെ കളിപ്പാവയാക്കി മാറ്റിയിരിക്കുകയാണ്. കൊച്ചി ദേവസ്വം ബോർഡിൽ സിഐടിയുക്കാരെയാണു നിയമിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ക്രിസ്ത്യൻ, മുസ്‍ലിം യുവതികളെ ശബരിമല കയറ്റാൻ കൊണ്ടുവന്നവർ ഇന്നു ദലിത് യുവതിയുമായാണു വന്നിരിക്കുന്നത്. സവർണ, അവർണ സംഘർഷമുണ്ടാക്കാനാണു സർക്കാർ ശ്രമം.
ശബരിമലയിൽ നാപ്കിനുമായി വന്ന സ്ത്രീയെ മല ചവിട്ടിച്ചതിനു പിന്നിൽ ഇ.പി.ജയരാജനും കോടിയേരിയുമാണ്. കോടിയേരിയുടെ മകന് ഇവരുമായുള്ള ബന്ധം അറിവുള്ളതാണ്. ഇവരെ കൊണ്ടുവന്നതിനു പിന്നിൽ മതലഹളയാണു ലക്ഷ്യമിടുന്നത്. ശബരിമലയിലെ ക്രമസമാധാന നില സംരക്ഷിക്കണം എന്നാണു കേന്ദ്ര സർക്കാരിന്‍റെ സർക്കുലറിലുള്ളത്. ഇതിനെ സർക്കാരും ശിങ്കിടികളും തെറ്റായി വ്യാഖ്യാനിച്ചാണു കലഹമുണ്ടാക്കാൻ ശ്രമിക്കുന്നത്.
കോൺഗ്രസിനു ശബരിമല വിഷയത്തിൽ നപുംസക നിലപാടാണുള്ളത്. ഒന്നുകിൽ വിശ്വാസികളുടെ ഒപ്പം നിൽക്കണം. അല്ലെങ്കിൽ നിലപാട് തുറന്നുപറയണം. ഇതു രണ്ടുമില്ലാത്ത കോൺഗ്രസ് ശിഖണ്ഡി സമീപനമാണു കാണിക്കുന്നതെന്നും ബി.ഗോപാലകൃഷ്ണൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam