ആലപ്പുഴ പുന്നമടക്കായലിൽ ഹൗസ് ബോട്ടിൽ നിന്ന് വീണ് സ്പാ ജീവനക്കാരിയായ ശരണ്യ മരിച്ചു. അഞ്ച് യുവാക്കൾക്കൊപ്പമുണ്ടായിരുന്ന ശരണ്യയുടെ മരണത്തിൽ ദുരൂഹത ഉയർന്നതിനെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു, പ്രാഥമിക നിഗമനം മുങ്ങിമരണമെന്നാണ്.

ആലപ്പുഴ: പുന്നമടക്കായലില്‍ സ്പാ ജീവനക്കാരി ഹൗസ് ബോട്ടില്‍ നിന്ന് കായലില്‍ വീണ് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇന്നലെ അര്‍ധരാത്രിയോടെ കായലില്‍ വീണ യുവതിയുടെ മൃതദേഹം ഇന്ന് രാവിലെയാണ് കണ്ടെടുത്തത്. നാട്ടുകാരില്‍ ചിലര്‍ ദുരൂഹത ആരോപിച്ചതിനെ തുടര്‍ന്ന് ബോട്ടിലുണ്ടായിരുന്ന അഞ്ച് യുവാക്കളെ പൊലീസ് വിശദമായി ചോദ്യം ചെയ്തെങ്കിലും കുറ്റകൃത്യമെന്തെങ്കിലും നടന്നതിന് തെളിവൊന്നും കിട്ടിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

തമിഴ്നാട് രാജപാളയം സ്വദേശിയായ 34കാരി ശരണ്യ രാധാകൃഷ്ണനാണ് മരിച്ചത്. നഗരത്തിലെ സ്പായില്‍ ജീവനക്കാരിയായിരുന്നു ശരണ്യ. തമിഴ്നാട്ടില്‍ നിന്ന് എത്തിയ അഞ്ച് യുവാക്കളടങ്ങുന്ന സംഘം സ്പായില്‍ നിന്ന് ശരണ്യയെ ഹൗസ്ബോട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയിരുന്നു. എക്പ്ലോര്‍ ഇന്‍ കേരള എന്ന് പേരുളള ഹൗസ്ബോട്ടില്‍ ശരണ്യയും യുവാക്കളും ഒന്നിച്ച് സംസാരിച്ച് നില്‍ക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കിട്ടിയിട്ടുണ്ട്.

അര്‍ധരാത്രി പന്ത്രണ്ട് മണിയോടെ മറ്റൊരു ഹൗസ്ബോട്ടിലേക്ക് ശരണ്യ കയറുന്നതിനിടെ കാല്‍വഴുതി കായലില്‍ വീഴുകയായിരുന്നെന്നാണ് യുവാക്കളുടെ മൊഴി. ഇന്ന് രാവിലെ ഫയര്‍ഫോഴ്സ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഹൗസ്ബോട്ടില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി നാട്ടുകാരില്‍ ചിലര്‍ക്ക് ആരോപണമുണ്ടായിരുന്നു. സാഹചര്യങ്ങളിലെ ദുരൂഹത കണക്കിലെടുത്താണ് ഹൗസ്ബോട്ടിലുണ്ടായിരുന്ന യുവാക്കളെ പൊലീസ് ചോദ്യം ചെയ്തത്. എന്നാല്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ശരണ്യയുടേത് മുങ്ങിമരണമാണെന്നുമുളള നിഗമനമാണ് നോര്‍ത്ത് പൊലീസ് പങ്കുവയ്ക്കുന്നത്. വിശദമായ അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.