ബാബറി കേസ്; അദ്വാനിയെ ഉള്‍പ്പെടെ വിചാരണ ചെയ്യണമെന്ന് സി ബി ഐ

By Web DeskFirst Published Apr 6, 2017, 4:10 AM IST
Highlights

ന്യൂഡൽഹി: ബാബരി മസ്ജിദ് കേസിൽ മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍ കെ അദ്വാനി ഉള്‍പ്പെടെയുള്ളവരെ വിചാരണ ചെയ്യണമെന്ന് സി ബി ഐ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. പ്രതികളുടെ വിചാരണ ലക്നോ കോടതിയിൽ നടത്തണമെന്നും സി.ബി.ഐ ആവശ്യപ്പെട്ടു.

കേസിൽ രണ്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. റായ് ബറേലി കോടതി 57 സാക്ഷികളെ വിസ്തരിക്കുകയും 100ലധികം തെളിവുകൾ പരിശോധിക്കുകയും ചെയ്തിട്ടുണ്ട്. അതുപോലെ ലക്നോ കോടതി 195 സാക്ഷികളെ വിസ്തരിക്കുകയും 300ലധികം തെളിവുകൾ പരിശോധിക്കുകയും ചെയ്തു. എന്നാൽ, സാങ്കേതിക കാരണങ്ങളുടെ പേരില്‍ പ്രതികളായ 21 പേർക്കെതിരെയുള്ള ക്രിമിനൽ ഗൂഢാലോചന കുറ്റം കീഴ് കോടതി ഒഴിവാക്കിയതായും സി.ബി.ഐ സുപ്രീംകോടതിയിൽ വാദിച്ചു.

ക്രിമിനല്‍ ഗൂഢാലോചന കേസില്‍ നിന്ന് അദ്വാനി ഉള്‍പ്പെടെയുള്ളവരെ ഒഴിവാക്കാനാവില്ലെന്ന് വാദം കേൾക്കുന്നതിനിടെ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

1992 ഡിസംബര്‍ ആറിനാണ് ബാബറി മസ്ജിദ് തകർക്കപ്പെട്ടത്. എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി, കല്യാൺ സിങ്, ഉമാഭാരതി, വിനയ് കത്യാർ അശോക് സിംഗാൾ എന്നിവരെ കൂടാതെ സാധ്വി ഋതംബര, വി.എച്ച് ദാൽമിയ, മഹന്ത് അവൈദ്യനാഥ്, ഗിരിരാജ് കിഷോർ, ആർ.വി. വേദാന്തി, പരമ ഹംസ് രാംചന്ദ്ര ദാസ്, ജഗദീഷ് മുനി മഹാരാജ്, ബി.എൽ ശർമ, നൃത്യഗോപാൽ ദാസ്, ധരം ദാസ് തുടങ്ങിയവരാണ് കേസിലെ പ്രധാന പ്രതികൾ.

click me!