
തിരുവനന്തപുരം: മീ ടൂ ക്യാമ്പയിന്‍ കേരളത്തിലും ശക്തിയാര്‍ജ്ജിക്കുന്നതിനിടയില്‍ നടിയെ ആക്രമിച്ച കേസില്‍ മലയാള സിനിമ സംഘടനകള്‍ എന്തുനടപടി സ്വീകരിച്ചെന്ന സംവിധായക അഞ്ജലി മേനോന്‍റെ ചോദ്യത്തിന് മറുപടിയുമായി സംവിധായകന്‍ ബൈജു കൊട്ടാരക്കര. നടി ആക്രമിക്കപ്പെട്ടതിന്‍റെ പിറ്റേദിവസം തന്നെ മാക്ട ഫെഡറേഷന്‍ പത്രസമ്മേളനം നടത്തി സിനിമാ മേഖലയില്‍ നിന്നുള്ള നീചമായ ഈ പ്രവണതയെ എതിര്‍ത്തിരുന്നു. അന്നുമുതല്‍ അവള്‍ക്കൊപ്പമാണ് നില്‍ക്കുന്നത്. എന്നാല്‍ സിനിമയിലെ വിലക്ക് ഭയന്നോ താരങ്ങളുടെ ഡേറ്റ് കിട്ടില്ല എന്ന് കരുതിയോ അന്നൊന്നും സഹപ്രവര്‍ത്തയ്ക്ക് വേണ്ടി മിണ്ടാതിരുന്ന അഞ്ജലി ഇപ്പോള്‍ മീ ടൂ വിനെ പിന്തുണയ്ക്കുന്നു. പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് താനുള്‍പ്പെടെയുള്ള സംഘടനയുടെ അംഗമായിട്ടും അയാളെ പുറത്താക്കാന്‍ അഞ്ജലി ആവശ്യപ്പെട്ടിട്ടില്ലെന്നുമാണ് ബൈജു ഫേസ്ബുക്കിലൂടെ ആരോപിക്കുന്നത്.
15 വര്‍ഷം മലയാള സിനിമയില്‍ സജ്ജീവമായിരുന്ന ഒരു നടി 2017ല്‍ ആക്രമിക്കപ്പെട്ടിട്ട് എന്ത് നടപടിയാണ് സിനിമാ സംഘടനകള്‍ സ്വീകരിച്ചതെന്നായിരുന്നു അഞ്ജലിയുടെ ചോദ്യം. ബോളിവുഡില്‍ ഉയര്‍ന്ന ലൈംഗികാരോപണങ്ങളില്‍ ആക്രമിക്കപ്പെട്ടവര്‍ക്കൊപ്പമാണ് മുംബെയിലെ സിനിമാ സംഘടനകള്‍. മീ ടൂ ക്യാമ്പയിനില്‍ ആരോപണം നേരിട്ട താരങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുകയാണ് ബോളിവുഡിലെ സംഘടനകള്‍. അവര്‍ യാഥാര്‍ത്ഥ്യത്തിലേക്ക് ഉണര്‍ന്ന് കഴിഞ്ഞു. അതിജീവിച്ചവരെ പിന്തുണയ്ക്കുന്ന നിലപാടാണ് അവരുടേത്. എന്നാല്‍ നടിയെ ആക്രമിക്കപ്പെട്ട കേസിലെ സിനിമ സംഘടനകളുടെ നിലപാട് ഏറെ അസ്വസ്ഥതയുണ്ടാക്കുന്നതെന്നായിരുന്നു അഞ്ജലി ബ്ലോഗിലൂടെ തുറന്നടിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam