കാടിന്‍റെ തലയെടുപ്പുമായി കാട്ടുപോത്തുകൂട്ടം ദേശീയോദ്യാനത്തില്‍

By Web DeskFirst Published Jun 8, 2018, 9:53 PM IST
Highlights
  • മൂന്നാര്‍ നിന്നും കോവിലൂരിലേയ്ക്ക് പോകുന്ന വഴിയില്‍ പാമ്പാടുംചോല നാഷണല്‍ പാര്‍ക്കിനു സമീപത്തുള്ള കാട്ടിലായിരുന്നു കാട്ടുപോത്തുകള്‍ എത്തിയത്.

ഇടുക്കി:  കാടിന്‍റെ തലയെടുപ്പുമായി റോഡിനോടു ചേര്‍ന്നുള്ള കാടിനുള്ളില്‍ വിലസിയ കാട്ടുപോത്തിന്‍ കൂട്ടം കാഴ്ചക്കാരില്‍ രസകരമായ ദൃശ്യങ്ങള്‍ സമ്മാനിച്ചു. മൂന്നാര്‍ നിന്നും കോവിലൂരിലേയ്ക്ക് പോകുന്ന വഴിയില്‍ പാമ്പാടുംചോല നാഷണല്‍ പാര്‍ക്കിനു സമീപത്തുള്ള കാട്ടിലായിരുന്നു കാട്ടുപോത്തുകള്‍ എത്തിയത്. പന്ത്രണ്ടോളം കാട്ടുപോത്തുകളും ഒരു കുട്ടിയാണ് കാടിന്റെ സൗന്ദര്യം കാമറയ്ക്കു മുമ്പില്‍ തുറന്നു കാട്ടിയത്. വാഹനങ്ങളില്‍ അതു വഴി കടന്നു പോയവര്‍ക്കും കാട്ടുപോത്തുകള്‍ രസകരമായ നിമിഷങ്ങള്‍ പകര്‍ന്നു നല്‍കി. പാമ്പാടുംചോലയിലെ വന മേഖലയില്‍ കാട്ടുപോത്തുകളെ സാധാരണയായി കാണാമെങ്കിലും കുട്ടിയെ അത്ര പെട്ടെന്ന് കാണാനാകുമായിരുന്നില്ല.

കൂട്ടത്തിലുണ്ടായിരുന്ന പോത്തിന്‍കുട്ടിയുടെ ഓട്ടവും ചാട്ടവുമെല്ലാം രസം പകരുന്നതായിരുന്നു. കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്ധ്യാനമായ പാമ്പാടുംചോല നാഷണല്‍ പാര്‍ക്കിലാണ് കൂടുതലായി കാട്ടുപോത്തുകള്‍ ഉള്ളത്. കാട്ടാനയെപ്പോലെ വാഹനങ്ങളെയും ആള്‍ക്കാരെയും കാട്ടുപോത്ത് ആക്രമിക്കുന്നത് പതിവല്ലെങ്കിലും സാധാരണക്കാര്‍ക്ക് കാട്ടുപോത്തുകള്‍ ഇപ്പോഴും ഭയമുണര്‍ത്തുന്നതാണ്. കാടുകള്‍ മനുഷ്യസാന്നിധ്യത്താല്‍ സജീവമായതോടെ കാട്ടുപോത്തുകള്‍ക്കും കാട് സ്വന്തമല്ലാതായി. കാടിറങ്ങേണ്ട അവസ്ഥയിലായ കാട്ടുപോത്തുകള്‍ മനുഷ്യവാസ മേഖലകളില്‍ പലപ്പോഴും എത്താറുണ്ട്. മാസങ്ങള്‍ക്കു മുമ്പ് മറയൂരിലെ ഒരു വീട്ടിനുള്ളില്‍ കാട്ടുപോത്ത് അകപ്പെട്ടിരുന്നു. മൂന്നാര്‍ ടൗണിനോടു ചേര്‍ന്നുള്ള മലയിലും കാട്ടപോത്ത് എത്തിയിരുന്നു. 

click me!