സൗദിയില്‍ നിതാഖാത് പദ്ധതി നടപ്പാക്കുന്നത് നീട്ടി വെച്ചു

By Web DeskFirst Published Dec 10, 2016, 6:32 PM IST
Highlights

റിയാദ്: സൗദിയില്‍ പുതിയ നിതാഖാത് പദ്ധതി നടപ്പാക്കുന്നത് നീട്ടി വെച്ചു. പുതിയ തീയ്യതി പ്രഖ്യാപിച്ചിട്ടില്ല. സ്വകാര്യ സ്ഥാപനങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് പദ്ധതി നീട്ടി വെച്ചത്. സ്വകാര്യ മേഖലയില്‍ സൗദി ജീവനക്കാരുടെ എണ്ണത്തെക്കാളുപരി അവരുടെ പദവിക്കും തൊഴില്‍ സാഹചര്യത്തിനും പ്രാധാന്യം നല്‍കുന്ന സന്തുലിത നിതാഖാത് ഡിസംബര്‍ പതിനൊന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. 

സ്വകാര്യ സ്ഥാപനങ്ങളുടെ ആവശ്യം പരിഗണിച്ച് പുതിയ നിതാഖാത് നടപ്പാക്കുന്നത് നീട്ടി വെച്ചതായി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. പുതിയ തിയ്യതി മന്ത്രാലയം പ്രഖ്യാപിച്ചിട്ടില്ല. സൗദികള്‍ക്ക് ഉന്നത പദവികളില്‍ ജോലി നല്‍കുക, ജോലി സ്ഥിരത ഉറപ്പ് വരുത്തുക, സൗദി വനിതകള്‍ക്കും ഭിന്ന ശേഷിയുള്ളവര്‍ക്കും ജോലി നല്‍കുക, സ്വദേശികള്‍ക്ക് ആകര്‍ഷകമായ ശമ്പളവും മറ്റു ആനുകൂല്യങ്ങളും നല്‍കുക തുടങ്ങിയവ സന്തുലിത നിതാഖാതിന്‍റെ ലക്ഷ്യങ്ങളായിരുന്നു. 

ഇവ നടപ്പിലാക്കുന്ന സ്ഥാപനങ്ങള്‍ക്ക്  നിതാഖാത് പ്രകാരം ഉയര്‍ന്ന കാറ്റഗറിയില്‍ ഇടം നേടാം. പദ്ധതി നടപ്പിലാക്കാന്‍ സ്ഥാപനങ്ങള്‍ക്ക് ആറു മാസത്തെ സാവകാശം അനുവദിച്ചിരുന്നു. ഈ സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് സമയം നീട്ടി നല്‍കിക്കൊണ്ടുള്ള മന്ത്രാലയത്തിന്‍റെ അറിയിപ്പ് വരുന്നത്. 

ആറു മാസത്തിനുള്ളില്‍ പദ്ധതി നടപ്പിലാക്കാന്‍ പല സ്ഥാപനങ്ങള്‍ക്കും സാധിക്കാത്ത സാഹചര്യത്തിലാണ് കൂടുതല്‍ സമയം അനുവദിക്കുന്നത്. പദ്ധതി പ്രാബല്യത്തില്‍ വരുന്നതോടെ നിലവില്‍ വിദേശികള്‍ ജോലി ചെയ്യുന്ന പല തസ്തികകളും സ്വദേശികള്‍ക്കായി നീക്കി വെക്കുമെന്നും, പദ്ധതിയുമായി സഹകരിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ ശിക്ഷാ നടപടി കൈകൊള്ളുമെന്നും നേരത്തെ തൊഴില്‍ മന്ത്രാലയം അറിയിച്ചിരുന്നു.

click me!