എകെജിക്കെതിരായ പരാമര്‍ശത്തില്‍ ബല്‍റാമിന്റെ മാപ്പ്; പി കെ ശശിക്ക് പരിഹാസവും

Published : Sep 08, 2018, 02:31 PM ISTUpdated : Sep 10, 2018, 04:26 AM IST
എകെജിക്കെതിരായ പരാമര്‍ശത്തില്‍ ബല്‍റാമിന്റെ മാപ്പ്; പി കെ ശശിക്ക് പരിഹാസവും

Synopsis

എകെജിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ മാപ്പു ചോദിച്ച് വി ടി ബല്‍റാം. പരോക്ഷമായി പി കെ ശശിയെ പരിഹസിച്ചാണ് ബല്‍റാമിന്റെ മാപ്പപേക്ഷ. പി കെ ശശിക്കെതിരായ ലൈംഗീകാരോപണത്തില്‍ പ്രതിരോധത്തിലായ പാര്‍ട്ടിയേയും കണക്കിന് പരിഹസിച്ചാണ് വി ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. 

പാലക്കാട്: എകെജിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ മാപ്പു ചോദിച്ച് വി ടി ബല്‍റാം. പരോക്ഷമായി പി കെ ശശിയെ പരിഹസിച്ചാണ് ബല്‍റാമിന്റെ മാപ്പപേക്ഷ. പി കെ ശശിക്കെതിരായ ലൈംഗീകാരോപണത്തില്‍ പ്രതിരോധത്തിലായ പാര്‍ട്ടിയേയും കണക്കിന് പരിഹസിച്ചാണ് വി ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. 

ഒരു ഫേസ്ബുക്ക് ഗ്രൂപ്പിലെ തർക്കത്തിനിടയിൽ ആദരണീയനായ ഒരു കമ്മ്യൂണിസ്റ്റ് നേതാവിനെതിരെ എന്റെ ഭാഗത്തുനിന്നുണ്ടായ അനുചിതമായ പരാമർശത്തെത്തുടർന്ന് അദ്ദേഹത്തിന്റെ അനുയായികൾക്കും അതോടൊപ്പം "ഒളിവുകാലത്തെ വിപ്ലവ പ്രവർത്തനം" എന്ന പരാമർശത്തിലൂടെ കമ്യൂണിസ്റ്റ് അനുഭാവികളായ ഒരുപാട് സ്ത്രീകൾക്കും ഉണ്ടായ മനോവിഷമത്തിൽ ഞാൻ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു. ഇങ്ങോട്ട് പ്രകോപിപ്പിച്ചയാൾക്ക് നൽകിയ മറുപടിക്കമന്റാണെന്നും ഞാനായിട്ട് ഒരിക്കലും അത്  ആവർത്തിക്കാനാഗ്രഹിക്കുന്നില്ലെന്നും അന്നു മുതൽ എത്രയോ തവണ വിശദീകരിച്ച ആ പരാമർശങ്ങൾ മുൻകാല പ്രാബല്യത്തോടെ ഇപ്പോൾ പിൻവലിക്കുന്നുവെന്ന് ബല്‍റാം പോസ്റ്റില്‍ വിശദമാക്കുന്നു.  

ചരിത്രബോധമോ വർത്തമാനകാലബോധമോ ഇല്ലായ്മയിൽ നിന്നുള്ള അവിവേകമായി അതിനെ ഏവരും കണക്കാക്കണമെന്ന് അഭ്യർത്ഥിക്കുന്നു. എന്റെ ഓഫീസ് രണ്ട് തവണ തകർക്കുകയും നേരിട്ട് കല്ലെറിഞ്ഞ് ആക്രമിക്കുകയും എട്ട് മാസത്തോളം ജനപ്രതിനിധി എന്ന നിലയിലുള്ള ഔദ്യോഗിക കൃത്യനിർവ്വഹണത്തെ തടസ്സപ്പെടുത്തുകയുമൊക്കെച്ചെയ്യാൻ ചില സംഘടനകൾ രംഗത്തിറങ്ങിയത് അവർക്ക് സ്ത്രീ സംരക്ഷണക്കാര്യത്തിലും കമ്മ്യൂണിസ്റ്റ് ആരോഗ്യ സംരക്ഷണക്കാര്യത്തിലുമുള്ള ആത്മാർത്ഥമായ താത്പര്യം മൂലമാണെന്നും ഇപ്പോൾ തിരിച്ചറിയുന്നുവെന്നും ബല്‍റാം പറയുന്നു. 

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തുടക്കകാലം മുതൽ സ്ത്രീ സംരക്ഷണ വിഷയത്തിലും മനുഷ്യസഹജമായ തെറ്റുകളെ തിരുത്തുന്ന കാര്യത്തിലും പാർട്ടിക്ക് പാർട്ടിയുടേതായ സംവിധാനങ്ങളും രീതികളും ഉണ്ടെന്നും ഇക്കാര്യത്തിൽ പാർട്ടിക്കകത്തുള്ളവരോടും പുറത്തുള്ളവരോടും വിവേചനമില്ലെന്നുമുള്ള വസ്തുതയും ഈയടുത്താണ് മനസ്സിലായതെന്ന് ബല്‍റാം വിശദമാക്കുന്നു. 

എന്റെ ഭാഗത്തുനിന്നുണ്ടായത് അക്ഷന്തവ്യമായ അപരാധമാണെങ്കിലും തിരിച്ച് എന്നോട് അങ്ങേയറ്റം മാന്യവും സംസ്ക്കാര സമ്പന്നവുമായ ഭാഷയിൽ കാര്യങ്ങൾ വിശദീകരിച്ച് എന്റെ തെറ്റ് ബോധ്യപ്പെടുത്തിയ സൈബർ സിപിഎമ്മുകാർക്കും, എന്നും എപ്പോഴും സമാന നിലപാടുകൾ ഉറക്കെപ്പറയാൻ ആർജ്ജവം കാണിച്ചിട്ടുള്ള നിഷ്പക്ഷ സാംസ്ക്കാരിക നായകന്മാർക്കും ആത്മാർത്ഥമായ നന്ദിയുണ്ടെന്നും ബല്‍റാം കൂട്ടിച്ചേര്‍ത്തു.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഓപ്പറേഷന്‍ ഡിഹണ്ട്: കേരളത്തിൽ പോലീസ് വലവിരിച്ചു; 1441 പേരെ പരിശോധിച്ചു, 63 പേർ കുടുങ്ങി
രണ്ട് ദിവസത്തെ സന്ദർശനം, ഉപരാഷ്ട്രപതി 29 ന് തിരുവനന്തപുരത്ത്