റാണിപുരത്തും വിനോദ സഞ്ചാരത്തിന് നിരോധനം

By web deskFirst Published Mar 14, 2018, 11:44 AM IST
Highlights
  • പ്രതിദിനം 100 മുതല്‍ 200 വരെയും സീസണായാല്‍ 500ലധികവും സഞ്ചാരികള്‍ എത്തിയിരുന്ന പരിസ്ഥിതി വിനോദ സഞ്ചാര കേന്ദ്രമാണ് റാണീപുരം. 

കാസര്‍കോട്: കേരള തമിഴ്‌നാട് അതിര്‍ത്തിയിലെ തേനിക്ക് സമീപം കുരങ്ങണി മലയിലുണ്ടായ കാട്ടുതീ അപകടം മുന്‍നിര്‍ത്തി കാസര്‍കോട് റാണീപുരം വിനോദസഞ്ചാര കേന്ദ്രത്തിലും ട്രക്കിംഗിന് വനംവകുപ്പ് നിരോധനം ഏര്‍പ്പെടുത്തി.  വേനല്‍ കനത്തതോടെ കാട്ടുതീയുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് വനം വകുപ്പിന്റെ തീരുമാനം. നിലവില്‍ സഞ്ചാരികളുടെ സുരക്ഷയ്ക്കായി നിയമിച്ചിട്ടുള്ള വനസംരക്ഷണ സമിതി ജീവനക്കാരെ കാട്ടുതീയടക്കമുള്ള അപകട സാധ്യതകള്‍ നീരീക്ഷിക്കാനായി ജോലിയില്‍ നിലനിര്‍ത്തും.

വനമേഖലായതിനാല്‍ അഗ്‌നി രക്ഷാ സേനയ്ക്കടക്കം എത്തിച്ചേരാനും സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാനും കഴിയാത്ത പ്രദേശങ്ങളാണ് റാണീപുരം വിനോദ സഞ്ചാര കേന്ദ്രത്തിലേത്. ഇവിടത്തെ പ്രധാന ആകര്‍ഷണമായ മാനിമലയിലേക്ക് നടപ്പാത മാത്രമാണ് നിലവിലുള്ളത്. അതുകൊണ്ട് തന്നെ അപകടം സംഭവിച്ചാല്‍ ഇവിടേക്ക് വാഹനങ്ങള്‍ക്ക് എത്തിച്ചേരാനും സാധിക്കില്ല. 

ഓരോ വേനല്‍കാലത്തും വലിയ തോതിലുള്ള അപകടങ്ങള്‍ക്ക് കാരണമായിട്ടില്ലെങ്കിലും കാട്ടുതീ പടര്‍ന്ന് പിടിക്കാറുള്ള വനമേഖല കൂടിയാണ് റാണീപുരം. ഇതൊക്കെ പരിഗണിച്ചാണ് സഞ്ചാരികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രതിദിനം 100 മുതല്‍ 200 വരെയും സീസണായാല്‍ 500ലധികവും സഞ്ചാരികള്‍ എത്തിയിരുന്ന പരിസ്ഥിതി വിനോദ സഞ്ചാര കേന്ദ്രമാണ് റാണീപുരം. 

സ്‌കൂള്‍ അവധി തുടങ്ങുന്നതോടെ കുട്ടികളടക്കം കൂടുതല്‍ സഞ്ചാരികള്‍ എത്തേണ്ട സീസണ്‍ സമയത്താണ് ദുരന്തം മുന്നില്‍ കണ്ട് വന മേഖലയിലേക്കുള്ള പ്രവേശനത്തിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം വിനോദ സഞ്ചാരികള്‍ക്ക് പ്രവേശനം നല്‍കേണ്ടെന്ന തീരുമാനം അനിശ്ചിതമായി നീണ്ടാല്‍ നിലവില്‍ നഷ്ടത്തില്‍ പ്രവൃത്തിക്കുന്ന റാണീപുരത്തെ ഡി.റ്റി.പി.സിസ്വകാര്യ റിസോര്‍ട്ടുകളുടെ സ്ഥിതി കഷ്ടത്തിലാകും.

click me!