
ബോംബേ: നാസിക്കില്‍ നിന്ന് ബോംബേയിലേക്ക് കര്‍ഷകര്‍ നടത്തിയ ലോങ് മാര്‍ച്ച് ചരിത്രത്തിന്‍റെ ഭാഗമായപ്പോള്‍ മാധ്യമശ്രദ്ധ നേടിയവരുടെ കൂട്ടത്തില്‍ ഒരു 48 വയസ്സുകാരനുണ്ട്. ലോങ് മാര്‍ച്ചിനിടെയ്ക്ക് ആരുടെ മൊബൈലില്‍ ചാര്‍ജ് തീര്‍ന്നുപോയാലും അവര്‍ സോളാര്‍ കാക്കയെ വിളിക്കും. തന്‍റെ തലയില്‍ ഘടിപ്പിച്ച സോളാര്‍ പാനലുമായി നത്തു ഉധര്‍ എന്ന കര്‍ഷക സഭ പ്രക്ഷോഭകാരി ഉടന്‍ കര്‍മ്മനിരതനായി അവിടെ ഓടിയെത്തും. നാസിക്ക് ജില്ലയിലെ ത്രയമ്പക്ക് താലൂക്കിലെ ഗണേഷ് ഗാഗോണിലാണ് നത്തുവിന്‍റെ വീട്.
നത്തുവിന്‍റെ നാട്ടില്‍ വൈദ്യുതക്ഷാമം രൂക്ഷമാണ് അതിനുളള പരിഹാരമായാണ് മൊബൈല്‍ ചര്‍ജിംഗിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി സോളാര്‍ പാനാല്‍ വാങ്ങിയത്. അഖിലേന്ത്യ കര്‍ഷക സഭയുടെ ലോങ് മാര്‍ച്ചിന് പോകാന്‍ തീരുമാനിച്ചപ്പോള്‍ തന്‍റെ മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ സോളാര്‍ പാനലും കൂടെക്കരുതി. മാര്‍ച്ച് കുറച്ചുദൂരം പിന്നിട്ടതോടെ കൂടെ നടന്നവരുടെ പലരുടെയും മൊബൈലുകള്‍ "ചത്തു". അതോടെ നാടുമായി ബന്ധപ്പെടാനാവാതെ പലരും വിഷമത്തിലായി. നത്തു തന്‍റെ സോളാര്‍ പാനലില്‍ നിന്ന് മൊബൈലുകളെല്ലാം ചാര്‍ജ് ചെയ്തുതുടങ്ങി. അതോടെ നത്തു മാര്‍ച്ചിനിടെയിലെ മൊബൈല്‍ ചാര്‍ജിംഗ് കിയോസ്ക്കായി മാറി.
മാര്‍ച്ചിനിടെ വെയിലിന്‍റെ കാഠിന്യം കുറയ്ക്കാനും എപ്പോഴും ചാര്‍ജ് ചെയ്യാനുമായി നത്തു സോളാര്‍ പാനല്‍ തന്‍റെ തലയില്‍ പ്രതിഷ്ഠിച്ചു. നത്തുവിന്‍റെ സേവനത്തെക്കുറിച്ച് ബോംബേയിലേക്ക് ഒഴുകിക്കൊണ്ടിരുന്ന 50,000 ത്തിന് മുകളില്‍ വരുന്ന ചെങ്കടലിലെ ഭൂരിഭാഗവും അറിഞ്ഞതോടെ നത്തു ഉധറിന് സ്നേഹത്തോടെ കര്‍ഷക സുഹൃത്തുക്കള്‍ ഒരു പേരിട്ടു "സോളാര്‍ കാക്ക". നത്തുവിന് ഭാര്യയും രണ്ടുകുട്ടികളുമുണ്ട്. ഗ്രാമത്തില്‍ സ്വത്തായി അദ്ദേഹത്തിന് മൂന്ന് എരുമകളും നാല് ഏക്കര്‍ കൃഷിസ്ഥലവുമുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam