
മാവേലിക്കര: ബാന്‍ഡ്‌സെറ്റ് കലാകാരനായിരുന്ന കൊല്ലം പള്ളിപ്പുറം അനുഗ്രഹാ നഗറില്‍ 181 -ാം വീട്ടില്‍ ഡെസ്റ്റമനെ (26) കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി തഴക്കര കല്ലിമേല്‍ വരിക്കോലേത്ത് റോബിന്‍ ഡേവിഡ് (23), രണ്ടാം പ്രതി അറുന്നൂറ്റിമംഗലം പൂയപ്പള്ളില്‍ പുത്തന്‍വീട്ടില്‍ ബിബിന്‍ വര്‍ഗ്ഗീസ് (സായിപ്പ്- 23) എന്നിവരെ ജീവപര്യന്തം കഠിന തടവിനും 5 ലക്ഷം രൂപവീതം പിഴക്കും വിധിച്ച് മാവേലിക്കര അഡീ. ജില്ലാകോടതി 1 ജഡ്ജി ജോബിന്‍ സെബാസ്റ്റ്യന്‍ ഉത്തരവിട്ടു
ഡസ്റ്റമന്റെ അമ്മ ഷാര്‍ലറ്റിന് പ്രതികള്‍ 5 ലക്ഷം രൂപ വീതം നല്‍കണം. പിഴയൊടുക്കിയില്ലെങ്കില്‍ ഒരുവര്‍ഷം കൂടി ശിക്ഷ അനുഭവിക്കണം. 2015 ഏപ്രില്‍ 13ന് പുലര്‍ച്ചെ 1.30 നായിരുന്നു സംഭവം. കൊച്ചാലുമ്മൂട് ജില്ലാ കൃഷിത്തോട്ടത്തിന് സമീപമുള്ള സമീപമുള്ള പമ്പില്‍ നിന്നും ബൈക്കില്‍ പെട്രോള്‍ നിറക്കുന്നതിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
ഡെസ്റ്റമനും ആറ് സുഹൃത്തുക്കളും ശാസ്താംകോട്ടയിലെ പരിപാടിക്കുശേഷം പൊറ്റമേല്‍ കടവിലുള്ള ദേവാലയത്തിലെ റാസയില്‍ തൃശൂര്‍ ടീം നയിക്കുന്ന ബാന്‍ഡ് മേളം കാണാനായി എത്തി. എന്നാല്‍ തൃശൂരില്‍ നിന്നുള്ള ടീം എത്താഞ്ഞതിനെ തുടര്‍ന്ന് രണ്ടു സുഹൃത്തുക്കള്‍ മടങ്ങി പോയി. ഡെസ്റ്റമിനുള്‍പ്പടെയുള്ള മറ്റുള്ളവര്‍ കൊല്ലകടവിലെ സുഹൃത്തിന്റെ വീട്ടില്‍ കയറി ഭക്ഷണം കഴിച്ച ശേഷം രാത്രി 12.45 ന് കൊല്ലത്തേക്കു മടങ്ങി.
ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ പെട്രോള്‍ നിറക്കാന്‍ ജില്ലാ കൃഷിതോട്ടത്തിനു സമീപമുള്ള പമ്പില്‍ കയറി. പിന്നാലെ എത്തിയ കാറിന്റെ ഡിക്കി തുറന്ന് കിടക്കുകയാണെന്ന വിവരം കാറിലിരുന്നവരെ അറിയിച്ചതാണ് സംഭവങ്ങളുടെ തുടക്കം. കാറിലുണ്ടായിരുന്ന ബിബിനും, റോബിനും ഡെസ്റ്റമിനേയും സുഹൃത്തുക്കളെയും അസഭ്യം പറയുകയും ഇരുകൂട്ടരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും ചെയ്തു. തുടര്‍ന്ന് ബൈക്കെടുത്തു പോകുവാന്‍ ശ്രമിച്ച ഡെസ്റ്റമനേയും സുഹൃത്തുക്കളേയും ജില്ലാ കൃഷിതോട്ടം ഓഫീനു മുന്നില്‍ കാറ് കുറുകെ വെച്ച് പ്രതികള്‍ തടഞ്ഞു നിര്‍ത്തി.
ഇവിടെ വച്ച് വീണ്ടും ഇവര്‍ തമ്മില്‍ വാക്ക് തര്‍ക്കവും അടിപിടിയും ഉണ്ടായി. ഇതിനിടെ കത്തിയെടുത്ത റോബിന്‍ ഡെസ്റ്റമനെ അഞ്ച് തവണ കുത്തി. കുത്ത് കൊണ്ട് വീണ ഡസ്റ്റമിനെ എടുക്കാന്‍ സമ്മതിക്കാതെ ഇവര്‍ സുഹൃത്തുക്കളെ കത്തികാട്ടി വിരട്ടുകയും ചെയ്തു. ഡെസ്റ്റമിന്റെ മരണത്തിനു കാരണമായത് ഇടതു നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ്. വാഹന സൗകര്യം ഇല്ലാതിരുന്നതിനാല്‍ ബൈക്കില്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. 24 സാക്ഷികളെ വിസ്തരിച്ചു. 42 രേഖകളും 28 തൊണ്ടിമുതലുകളും ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി അഡീ. ഗവ. പ്ലീഡര്‍ ആന്‍ഡ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ. പി സന്തോഷ് ഹാജരായി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam