
ബംഗ്ലാദേശിലെ ഒരു ബാല്യകാലത്തിന്റെ ഞെട്ടിപ്പിക്കുന്ന അനുഭവമാകുകയാണ് ഒരു കുറിപ്പ്. ബംഗ്ലാദേശിലെ ഒരു തെരുവില്‍ ചങ്ങലയില്‍ ബന്ധിക്കപ്പെട്ട ഒരു കുട്ടിയുടെ ചിത്രം ഫോട്ടാഗ്രാഫർ ജി.എ.ബി. ആകാശ് പകര്‍ത്തി. എന്താണ് ആ കുട്ടി ചങ്ങലയില്‍ കിടക്കാന്‍ എന്നതിന്റെ കാരണമാണ് ആകാശിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ ആധാരം.
ഭാര്യ മരിച്ച കമൽ ഹൊസിൻ എന്ന ചെരുപ്പുകുത്തിക്ക് സ്വന്തമെന്ന് പറയാൻ ആകയുള്ളത് പത്ത് വയസുകാരിയായ മകൾ സാന്റാ മാത്രമാണ്. ഈ കുട്ടിയെ പലപ്പോഴും കാണാതെ പോകാറുണ്ടായിരുന്നു. കുട്ടിയെ തേടിയിറങ്ങുന്ന കമൽ കണ്ടെത്തുന്നത് പലപ്പോഴും ലൈംഗിക തൊഴിലാളികളുടെയും ലഹരിക്ക് അടിമപ്പെട്ടവരുടെയും ഇടയ്ക്കാണ്. അമ്മയില്ലാതെ വളർന്ന സാന്റായെ നോക്കാൻ വേറെയാരുമില്ല.
ഇതിനാൽ, നിവൃത്തിയില്ലാതെ തന്റെ മകളെ ചങ്ങലയ്ക്കിടാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. കമലിന്റെ ദുരവസ്ഥ വിവരിച്ച് ആകാശ് ഫേസ്ബുക്കിൽ പോസ്റ്റിടുകയും ചെയ്തു. പോസ്റ്റ് വൈകാതെ തന്നെ വൈറലായി മാറി.
ഈ പോസ്റ്റിന്റെ പ്രസക്തഭാഗം ഇങ്ങനെ
കഴിഞ്ഞ പത്ത് ദിവസങ്ങളായി പത്ത് വയസുകാരിയായ എന്റെ മകൾ സാന്റയെ ഞാൻ ഇരുന്പ് ചങ്ങലയിൽ പൂട്ടിയിട്ടിരിക്കുകയാണ്. സാന്റാ ഇനിയും വീട്ടിൽ നിന്നും ഇറങ്ങി പോകാതിരിക്കാനാണ് ഞാൻ അങ്ങനെ ചെയ്തത്. അവളെ നഷ്ടപ്പെടുമോ എന്ന ഭീതിയാണ് എനിക്ക്. കഴിഞ്ഞ പ്രാവശ്യം അവൾ ഇറങ്ങിപ്പോയതിനു ശേഷം എട്ടു രാത്രികൾക്കു ശേഷമാണ് ഞാൻ കണ്ടെത്തിയത്. രാവും പകലും അവൾക്കായി ഞാൻ തിരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. മാർക്കറ്റ്, പാർക്കുകൾ, റെയിൽവേ സ്റ്റേഷൻ എന്നിങ്ങനെ എല്ലായിടത്തും അവളെ ഞാൻ തിരഞ്ഞു. പക്ഷെ അവിടെയെങ്ങും അവൾ ഇല്ലായിരുന്നു.
അങ്ങനെ പത്ത് ദിവസത്തെ തിരച്ചിലിനു ശേഷം ലഹരിക്ക് അടിമപ്പെട്ടവരും ലൈംഗിക തൊഴിലാളികളും വിഹരിക്കുന്ന ഒരു പാലത്തിനു അടിയിൽ നിന്നുമാണ് അവളെ ഞാൻ കണ്ടെത്തിയത്. ഞാൻ കാണുന്പോൾ ചെരിപ്പുകൾ നന്നാക്കാൻ ഞാനുപയോഗിക്കുന്ന പശ അവൾ ലഹരിക്കായി മണത്തുകൊണ്ടിരിക്കുകയായിരുന്നു. പിന്നീട് കഴിഞ്ഞ എട്ടു മാസത്തിനിടയ്ക്ക് നിരവധി പ്രാവശ്യം സാന്റയെ കാണാതായി. എനിക്ക് മരിക്കുന്നതു പോലെയാണ് പലപ്പോഴും തോന്നാറ്. അവളുടെ കാലിലെ ചങ്ങല അഴിച്ചാൽ അവൾ എങ്ങോട്ടെങ്കിലും പോകും. ചെരിപ്പുകുത്തിയായ എന്റെ ഒരു മാസത്തെ വരുമാനം 5000 തക്കാ( 3,900) രൂപയാണ്. ഈ തുക കൊണ്ടാണ് ചേരിയിലെ വീട്ടിൽ ഞങ്ങൾ താമസിക്കുന്നത്. നല്ല ഒരു ആശുപത്രിയിലോ ഡോക്ടറുടെയോ അടുത്ത് അവളെ കാണിക്കുന്നതിനുള്ള സാന്പത്തിക ഭദ്രത എനിക്കില്ല.
സാന്റയ്ക്ക് ഏഴു വയസുള്ളപ്പോഴാണ് അവളുടെ അമ്മ മരിക്കുന്നത്. എന്റെ കുട്ടിയെ നന്നായി നോക്കാൻ പോലും എനിക്ക് കഴിയുന്നില്ല. ലഹരിക്ക് അടിമയായ തെരുവിലെ മറ്റ് കുട്ടികളുമായാണ് സാന്റയുടെ ചങ്ങാത്തം. അവളുടെ കാലിൽ ചങ്ങല ഇടുന്പോൾ മരിക്കുന്നതു പോലെയാണ് എനിക്ക് തോനുന്നത്. നേർവഴി കാട്ടികൊടുക്കാൻ ഒരു അമ്മ പോലുമില്ലാത്ത കുട്ടിയെ എന്നെ പോലെ ദരിദ്രനായ ഒരു പിതാവിന് ഇതല്ലാതെ വേറെ എന്താണ് ചെയ്യാൻ കഴിയുക.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam