ജപ്തി;ഭിന്നശേഷിക്കാരനും കുടുംബത്തിനും അഭയം തൊഴുത്ത്

By Web DeskFirst Published Mar 31, 2018, 8:48 AM IST
Highlights
  • പ്തി ചെയ്ത വീടിന്‍റെ പുട്ട് പൊളിച്ച് നാട്ടുകാര്‍ കുടുംബത്തെ തിരികെ പാര്‍പ്പിച്ചിരുന്നു
  • എന്നാല്‍ വീണ്ടും  സഹകരണ ബാങ്ക് കുടുംബത്തെ കുടിയൊഴിപ്പിച്ചു

കോഴിക്കോട്: ജപ്തി ചെയ്ത വീടിന്‍റെ പൂട്ട് പൊളിച്ച് നാട്ടുകാർ തിരികെ പാർപ്പിച്ച ഭിന്നശേഷിക്കാരനെയും കുടുംബത്തെയും  കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് വീണ്ടും കുടിയിറക്കി. വീടിനോട് ചേർന്നുള്ള തൊഴുത്തിൽ അഭയം തേടിയിരിക്കുകയാണ് കോഴിക്കോട് നരിപ്പറ്റ മുള്ളന്‍പത്തെ നാണുവും കുടുംബവും. 

കോഴിക്കോട് ജില്ലാ സഹകരണ ബാങ്കില്‍ നിന്നെടുത്ത വായ്പാ തിരിച്ചടവ് മുടങ്ങിയതിനെത്തുടര്‍ന്ന് നരിപ്പറ്റ മുളളന്‍പത്ത് നാണുവിനെയും അഞ്ചംഗ കുടുംബത്തെയും ഒക്ടോബർ 23 നായിരുന്നു ജപ്തി ചെയ്ത് ഇറക്കിവിട്ടത്. കിടപ്പാടം ഇല്ലാതായ ഇവരെ നാട്ടുകാരുടെ നേതൃത്വത്തിൽ വീടിന്‍റെ പൂട്ട് പൊളിച്ച് അടുത്ത ദിവസം തിരികെ പ്രവേശിപ്പിച്ചു. എന്നാൽ  മാർച്ച് ഏഴിന് വീണ്ടും ബാങ്ക് അധികൃതർ പൊലീസുമായെത്തി രണ്ടാമതും ജപ്തി നടപ്പാക്കി.

വീട്ടിൽ കയറുന്നുണ്ടോയെന്ന് പരിശോധിക്കാൻ മൂന്നുപേരെ സുരക്ഷക്കും നിയോഗിച്ചു.നാട്ടുകാരുടെ നേതൃത്വത്തിൽ പൂട്ട് പൊളിച്ച് വീട്ടിൽ കയറിയതിന് നാണുവിനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. ഇരു കാലുകള്‍ക്കും വൈകല്യമുളള നാണു 2009ലാണ് മൂന്നുലക്ഷം രൂപ വായ്പയെടുത്തത്. ഇതിനകം ഒന്നരലക്ഷം രൂപ തിരിച്ചടച്ചു. മൊത്തം 5.34 ലക്ഷം ഉടൻ അടച്ചില്ലെങ്കിൽ കിടപ്പാടം ലേലം ചെയ്യുമെന്നാണ് ബാങ്ക് അറിയിച്ചിരിക്കുന്നത്. ചെറുകിടക്കാര്‍ക്കെതിരെ ജപ്തി നടപടി പാടില്ലെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കുമ്പോഴാണ് കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിന്‍റെ ഈ നടപടി.
 

click me!