സൗജന്യ ഭക്ഷണം നല്‍കിയില്ല; ബാര്‍ ഹോട്ടലിന് മുന്നില്‍ മോട്ടോര്‍ വെഹിക്കിള്‍  ഇന്‍സ്‌പെക്ടറുടെ പരിശോധന

By Web deskFirst Published Dec 13, 2017, 9:46 PM IST
Highlights

തൃശൂര്‍: ബാര്‍ ഹോട്ടലില്‍ സൗജന്യ ഭക്ഷണം നല്‍കാത്തതിന്റെ പേരില്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍  ഇന്‍സ്‌പെക്ടര്‍ വാഹന പരിശോധനയ്ക്കായി ബാറിന് മുന്നില്‍ നിലയുറപ്പിച്ചെന്ന് പരാതി. തൃശൂരിലെ നിയ റെസിഡന്‍സി ഉടമയാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്കും സിറ്റി പൊലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കിയത്. എന്നാല്‍  ലുങ്കിയുടുത്ത് ചെന്ന തന്നെ ഹോട്ടലില്‍ കയറ്റാതിരുന്നതില്‍ തര്‍ക്കമുണ്ടായത് മോശം രീതിയില്‍ പ്രചരിപ്പിക്കുകയാണെന്ന് ഉദ്യോഗസ്ഥന്‍ പറയുന്നു.
 
തൃശൂരിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍  ഇന്‍സ്‌പെക്ടര്‍ കിഷോറും കുടുംബവും. കഴിഞ്ഞ ഞായറാഴ്ച്ചയാണ് ഭക്ഷണം കഴിക്കാന്‍ ഒളരിയിലെ നിയ റെസിഡന്‍സിയിലെത്തിയത്. ഭക്ഷണം കഴിച്ച ശേഷം ബില്ല് നല്‍കിയപ്പോള്‍ ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നാണ് ഹോട്ടലിലെ ജീവനക്കാര്‍ പറയുന്നത്.

ജീവനക്കാരെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ സഹിതം ഹോട്ടലുടമകള്‍ തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്കും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്കും പരാതി നല്‍കി. തര്‍ക്കമുണ്ടായതിന് തൊട്ടടുത്ത ദിവസം ഔദ്യോഗിക വേഷത്തിലെത്തിയ ഉദ്യോഗസ്ഥന്‍ പ്രതികാരബുദ്ധിയോടെ ഹോട്ടലിന് മുന്നില്‍ വാഹനപരിശോധന നടത്തിയെന്നും പരാതിയില്‍ പറയുന്നു.  

അതേസമയം കുടുംബവുമായി ഹോട്ടലില്‍ പോയപ്പോള്‍ ലുങ്കിയുടുത്ത തനിക്ക് ജീവനക്കാര്‍ പ്രവേശനം നിഷേധിച്ചെന്നും ഇത് ചോദ്യം ചെയ്യുകമാത്രമാണ് ഉണ്ടായതെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.ബാര്‍ ഹോട്ടലിന് മുന്നിലെ  വാഹന പരിശോധന നാട്ടുകാര്‍ തടഞ്ഞിരുന്നു.ഔദ്യോഗിക കൃത്യ നിര്‍വഹണം തടഞ്ഞതിനെതിരെ ഉദ്യോഗസ്ഥന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
 

click me!