
കൊച്ചി: ബാർ കോഴക്കേസിലെ കേസ് ഡയറിയിൽ കൂട്ടിചേർക്കലുകളുളളതായി വിജിലൻസ് കോടതി. ബാർ കേസിലെ അന്വേഷണം തടസ്സപ്പെടാതിരിക്കാൻ കേസ് ഡയറി അന്വേഷണ സംഘത്തിന് മടക്കി നൽകി. കേസ് ഡയറിയിൽ തിരുത്തൽ വരുത്തിയെന്ന് ആരോപണ വിധേയമായ 8,9 വാല്യങ്ങളുടെ പകർപ്പ് കോടതിക്ക് നൽകാനും ഉത്തരവിട്ടു.
ബാർ കേസിലെ അന്വേഷണം അട്ടിമറിച്ചെന്നാരോപണത്തെ തുടർന്നാണ് വിജിലൻസ് കോടതി കേസ് ഡയറി വിളിച്ച് വരുത്തിയത്. നാലായിരം പേജുകളുളള കേസ് ഡയറിയിൽ ശങ്കർ റെഡ്ഡി ഡയറക്ടറായിരുന്ന കാലയളവിലെ വാല്യങ്ങളാണ് കോടതി പരിശോധിച്ചത്. കേസിൽ തുടരന്വേഷണ റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷം കോടതി കേസ് ഡയറി ഹാജരാക്കാൻ ഉത്തരവിട്ടു. ഈ ഉത്തരവിന് പിന്നാലെയാണ് കേസ് ഡയറിയിൽ കൂട്ടിച്ചേർക്കലുകൾ വരുത്തിയെന്നാണ് ആരോപണം.
മുൻ തിയതിയിൽ കേസ് ഡയറിയിൽ കൂട്ടിച്ചേർക്കലുകൾ വരുത്തിയെന്നാണ് പായിച്ചറ നവാസ് സമർപ്പിച്ച ഹർജിയിലെ പ്രധാന ആരോപണം. ഈ വാല്യങ്ങളുടെ പകർപ്പ് പരിശോധിച്ച ശേഷം നാളെ ഹർജിയിൽ തീർപ്പ് കൽപ്പിക്കാമെന്ന് കോടതി ഉത്തരവിട്ടു.എന്നാൽ ഈ ആരോപണങ്ങളുടെ മറവിൽ ബാർ കേസിന്റെ നിലവിലെ അന്വേഷണം തടസ്സപ്പെടുത്താനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഈ സാഹചര്യം ഒഴിവാക്കുന്നതിനായാണ് ആരോപണ വിധേയമായ വാല്യങ്ങളുടെ പകർപ്പ് കോടതി ആവശ്യപ്പെട്ടത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam