ബാർ കോഴക്കേസ് ; ഇടക്കാല വിധി ഇന്ന്

By Web TeamFirst Published Sep 18, 2018, 6:52 AM IST
Highlights

മാണിക്കെതിരെ ബാർ കോഴക്കേസിൽ ഇടക്കാല വിധി ഇന്ന്. കേസിന്‍റെ തുടരന്വേഷണ കാര്യത്തില്‍ സർക്കാരിന്‍റെ അനുമതി വേണമോയെന്ന് കാര്യത്തിലാണ് തിരുവനന്തപുരം വിജിലൻസ് കോടതി ഇന്ന് വ്യക്തത വരുത്തുക. 
 

തിരുവനന്തപുരം: മാണിക്കെതിരെ ബാർ കോഴക്കേസിൽ ഇടക്കാല വിധി ഇന്ന്. കേസിന്‍റെ തുടരന്വേഷണ കാര്യത്തില്‍ സർക്കാരിന്‍റെ അനുമതി വേണമോയെന്ന് കാര്യത്തിലാണ് തിരുവനന്തപുരം വിജിലൻസ് കോടതി ഇന്ന് വ്യക്തത വരുത്തുക. 

പൂട്ടിയ ബാറുകള്‍ തുറക്കാൻ ധനമന്ത്രിയായിരുന്ന കെ.എം.മാണി കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിന് തെളിവുകളില്ലെന്ന വിജിലൻസ് റിപ്പോർട്ടാണ് കോടതി മുന്നിലുള്ളത്. ഇത് മൂന്നാമത്തെ പ്രാവശ്യമാണ് വിജിലൻസ് മാണിക്ക് ക്ലീൻ ചിററ് നൽകിയത്. അന്വേഷണ റിപ്പോർട്ട് തള്ളി തുടരന്വേഷണത്തിന് ഉത്തരവിടുകയോ, അല്ലെങ്കിൽ നിലവിള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതി നേരിട്ട് കേസെടുക്കണമെന്നുമാണ് കേസിൽ കക്ഷി ചേർന്നവരുടെ ആവശ്യം. 

വി.എസ്.അച്യുതാനന്ദൻ, ആരോപണം ഉന്നയിച്ച ബിജു രമേശ്, എൽഡിഎഫ് കണ്‍വീനർ എ.വിജയരാഘവൻ, വി.മുരളീധരന്‍ എംപി എന്നിവരാണ് ഇക്കാര്യം കോടതിൽ ആവശ്യപ്പെട്ടത്. ഇതിനിടെയാണ് ജനപ്രതിനിധികള്‍ക്കും സർക്കാർ ഉദ്യോഗസ്ഥർക്കുമെതിരെ അന്വേഷണം നടക്കുന്നതിന് മുമ്പ് സർക്കാർ അനുമതി വേണമെന്ന ഭേദഗതി അഴിമതി നിരോധന നിയമത്തിൽ കേന്ദ്രം കൊണ്ടുവന്നത്. 

ഇതോടെ കോടതിയിൽ, ബാർ കോഴക്കേസിൽ പുതിയ നിയമഭേഗതി ബാധമാണോയെന്ന കാര്യത്തിലായി വാദം. ഭേദഗതി ബാർ കേസിൽ ബാധകമാവില്ലെന്നാണ് മാണിക്കെതിരെ കക്ഷി ചേർന്നവർ വാദിച്ചത്. ഇതിനാണ് ഇന്ന് ഇടക്കാല ഉത്തരവിലൂടെ വിജിലൻസ് കോടതി വ്യക്തത വരുത്താൻ പോകുന്നത്. തീരുമാനം എന്തായാലും മേൽക്കോടതികളിലെ നിയമപോരാട്ടത്തിനായിരിക്കും ഇന്നത്തെ ഉത്തരവ് വഴിതുറക്കുക. 
 

click me!