Latest Videos

എച്ച്ഐവി മറച്ച് വച്ച കാമുകനെ 25 തവണ കുത്തി കൊലപ്പെടുത്തിയ മോഡലിന് വധശിക്ഷ

First Published Jul 20, 2018, 10:55 PM IST
Highlights
  • കൊലപാതകം മനുഷ്യത്വരഹിതമെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി ശിക്ഷ വിധിച്ചത്

നയ്റോബി:  എച്ച്ഐവി രോഗമുള്ളത് തന്നില്‍ നിന്ന് മറച്ച് വച്ച് ലൈംഗികബന്ധം പുലര്‍ത്താന്‍ ശ്രമിച്ച കാമുകനെ കുത്തിക്കൊന്ന മോഡലായ കാമുകിയ്ക്ക്  വധശിക്ഷ വിധിച്ച് കോടതി. റൂത്ത് കമാന്‍ഡേ എന്ന കെനിയന്‍ മോഡലാണ് തന്നെ വഞ്ചിക്കാന്‍ ശ്രമിച്ച കാമുകനെ വകവരുത്തിയത്. കൊലപാതകം മനുഷ്യത്വരഹിതമെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി ശിക്ഷ വിധിച്ചത്. 

എച്ച് ഐവി രോഗത്തിന് കാമുകന്‍ ചികില്‍സയ്ക്ക് വിധേയനാവുന്നതിന്റെ വിവരങ്ങള്‍ റൂത്തില്‍ നിന്ന് മറച്ച് വച്ച കാമുകന്‍ മുഹമ്മദ് ഫരീദ് സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിന് റൂത്തിനെ നിര്‍ബന്ധിക്കുകയായിരുന്നു. എന്നാല്‍ ചികില്‍സാ വിവരങ്ങള്‍ ആകസ്മികമായി അറിഞ്ഞ റൂത്ത് വിവരങ്ങള്‍ തിരക്കിയതോടെ കാമുകന്‍ ക്ഷുഭിതനായി റൂത്തിനെ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. ചെറുത്ത് നില്‍പ്പിനിടെയായിരുന്നു കാമുകന്‍ കൊല്ലപ്പെട്ടത്. ഇരുപത്തഞ്ചിലധികം കുത്തേറ്റായിരുന്നു ഇയാള്‍ മരിച്ചത്. 

24 നാലുകാരിയായ മോജല്‍ ജയിലില്‍ വച്ച് നടന്ന സൗന്ദര്യ മല്‍സരത്തില്‍ കിരീടം നേടിയിരുന്നു. 2015 ല്‍ നടന്ന കൊലപാതകത്തിന്റെ വിചാരണ പുരോഗമിക്കുന്നതിനിടെയായിരുന്നു റൂത്ത് മല്‍സരത്തില്‍ ജയിച്ചത്. കൊലപാതകത്തില്‍ റൂത്ത് കുറ്റവാളിയാണെന്ന് കഴിഞ്ഞ മേയ് മാസം കണ്ടെത്തിയിരുന്നു. കാമുകനെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ റൂത്ത് അയാളുടെ മൊബൈല്‍ ഫോണ്‍ നിരീക്ഷിച്ചിരുന്നുവെന്ന് കോടതി വിശദമാക്കി. രക്ഷപെടാനുള്ള ശ്രമത്തിനിടെയാണ് കുത്തിയതെന്ന വാദം കോടതി തള്ളി. ഒരാളെ തുടര്‍ച്ചയായി 25 തവണ കുത്തിയത് രക്ഷപെടാനുള്ള ശ്രമമായി കാണാന്‍ സാധിക്കില്ലെന്നും കോടതി പറഞ്ഞു. 

കൊലപാതകത്തിന്റെ കാരണത്തിന്റെ പേരില്‍ റൂത്തിനെ വെറുതെ വിടുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും കോടതി ചൂണ്ടിക്കാണിച്ചു.  മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ശിക്ഷയെ ക്രൂരമെന്നാണ് വിശേഷിപ്പിച്ചത്. റൂത്തിന് ശരിയായ ശിക്ഷ ലഭിച്ചുവെന്നാണ് മുഹമ്മദ് ഫരീദിന്റെ കുടുംബം പ്രതികരിക്കുന്നത്. ശിക്ഷയ്ക്കെതിര അപ്പീല്‍ നല്‍കുമെന്ന് റൂത്തിന്റെ അഭിഭാഷകന്‍ പ്രതികരിച്ചു. 
 

click me!