ആലുവ പുഴയില്‍ നഴ്സിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് കീഴടങ്ങി

By Web TeamFirst Published Jan 22, 2019, 8:51 PM IST
Highlights

എറണാകുളം സ്വദേശിനിയായ യുവതിയെ ആലുവ പുഴയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബംഗളുരുവിൽ നഴ്സായ ആൻലിയയുടെ മരണത്തിന് പിന്നിൽ ഭർതൃവീട്ടിലെ പീഡനമാണെന്ന് ആരോപണമുയർന്നിരുന്നു

ചാവക്കാട്: ബംഗളുരുവിൽ നഴ്സായി ജോലി ചെയ്യുന്ന ആൻലിയ എന്ന യുവതിയെ ദുരൂഹസാഹചര്യത്തിൽ ആലുവ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് ജസ്റ്റിൻ മാത്യു കീഴടങ്ങി. ചാവക്കാട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് ജസ്റ്റിൻ കീഴടങ്ങിയത്. നാല് മാസം മുമ്പാണ് ജീർണിച്ച നിലയിൽ ആൻലിയയുടെ മൃതദേഹം ആലുവ പുഴയിൽ കണ്ടെത്തിയത്. കോടതി ജസ്റ്റിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

ഗാർഹികപീഡനം ആരോപിച്ച് ആൻലിയയുടെ അച്ഛൻ ഹൈജിനസ് തൃശ്ശൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് ഗാർഹികപീഡനം, ആത്മഹത്യപ്രേരണാകുറ്റം എന്നിവ ജസ്റ്റിനെതിരെ പൊലീസ് ചുമത്തിയിരുന്നു. ഗുരുവായൂർ അസിസ്റ്റന്‍റ് കമ്മീഷണർക്കായിരുന്നു അന്വേഷണച്ചുമതല. എന്നാൽ കേസിൽ തുടർനടപടികളുണ്ടാകുന്നില്ലെന്ന് കാണിച്ച് ആൻലിയയുടെ അച്ഛൻ വീണ്ടും മുഖ്യമന്ത്രിയെ സമീപിച്ചു. തുടർന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്.

കഴിഞ്ഞ ഓഗസ്റ്റ് 25-നാണ് ആൻലിയയെ തൃശ്ശൂരിൽ നിന്ന് കാണാതായത്. 28-ന് മൃതദേഹം ആലുവ പുഴയിൽ നിന്ന് കണ്ടെത്തി. മകളെ കാണാനില്ലെന്ന് കാണിച്ച് ഹൈജിനസ് പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ ജസ്റ്റിൻ ഒളിവിൽ പോയി. തുടർന്ന് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത് അറിഞ്ഞതോടെയാണ് വന്ന് കീഴടങ്ങിയത്. 

നാളെ ജസ്റ്റിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. കൂടുതൽ ചോദ്യം ചെയ്യലിന് ശേഷം തെളിവെടുപ്പിന് കൊണ്ടുവരുമെന്നും പൊലീസ് അറിയിച്ചു.

ആൻലിയയും അച്ഛൻ ഹൈജിനസും അമ്മ ലീലാമ്മയും വിവാഹവേളയിൽ:

 

click me!