
മോസ്കോ: ലോകകപ്പിന്‍റെ നാളുകള്‍ സന്തോഷങ്ങളുടെയും സങ്കടങ്ങളുടെയും കൂടിയാണ്. വിജയം നേടി കുതിക്കുമ്പോള്‍ അത് ആഘോഷങ്ങളുടെ നിമിഷങ്ങളാണ്. ലോക വേദിയില്‍ കാലിടറി വീണ് പോകുമ്പോള്‍ അത് തീരാനഷ്ടത്തിന്‍റെ വേദനയാണ് സമ്മാനിക്കുക. നോക്കൗട്ടിന്‍റെ ആദ്യ കടമ്പ കഴിയുമ്പോള്‍ നിരവധി നെഞ്ചില്‍ തട്ടുന്ന നിമിഷങ്ങള്‍ക്കാണ് റഷ്യ വേദിയായിരിക്കുന്നത്. അതില്‍ അര്‍ജന്‍റീനയുടെ നെഞ്ച് തകര്‍ത്ത കെയ്‍ലിയന്‍ എംബാപെയുടെ ഗോളുകളും, ജപ്പാനെ അവസാന നിമിഷം കരയിച്ച ബെല്‍ജിയത്തിന്‍റെ ഗോളും എല്ലാം ആ പ്രധാന മുഹൂര്‍ത്തങ്ങളില്‍ ഉള്‍പ്പെടും. അത് ഏതെല്ലാമാണെന്ന് നോക്കാം...
ഇംഗ്ലണ്ടിന്‍റെ ഷൂട്ടൗട്ട് വിജയം
ലോകകപ്പില്‍ നിര്‍ഭാഗ്യങ്ങള്‍ എപ്പോഴും പിന്തുടരുന്ന ടീമാണ് ഇംഗ്ലണ്ട്. ഷൂട്ടൗട്ട് എപ്പോഴൊക്കെയുണ്ടായിട്ടുണ്ടോ, അന്നെല്ലാം തോറ്റ് മടങ്ങാനായിരുന്നു ഇംഗ്ലീഷ് പടയുടെ വിധി. റഷ്യന്‍ ലോകകപ്പില്‍ ഹാരി കെയ്നും സംഘവും അത് തിരുത്തി കുറിച്ചിരിക്കുന്നു. പ്രീക്വാര്‍ട്ടറിന്‍റെ അവസാന പോരാട്ടത്തില്‍ അവസാന നിമിഷം വരെ ചോര ചിന്തപ്പെട്ട മത്സരത്തില്‍ കൊളബിയയെയാണ് ഇംഗ്ലണ്ട് പരാജയപ്പെടുത്തിയത്.
നെയ്മര്‍ കളി തുടങ്ങി
ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായി കടമ്പ കടന്നെങ്കിലും ബ്രസീലിന് പേരിലെ പെരുമ കളത്തിലെടുക്കാന്‍ സാധിച്ചിരുന്നില്ല. അതിന്‍റെ പ്രധാന കാരണം സൂപ്പര്‍ താരം നെയ്മര്‍ നിറം മങ്ങിയതാണ്. ഫൗളുകളില്‍ അമിതാഭിനയം നടത്തുന്നവന്‍ എന്ന് പേര് വീണെങ്കിലും പ്രീക്വാര്‍ട്ടറില്‍ മെക്സിക്കോയ്ക്കെതിരെ ഒരു ഗോളടിച്ചും ഒന്നിന് വഴിയൊരുക്കിയും ഫോമിലേക്കുയരാന്‍ പിഎസ്ജി താരത്തിന് സാധിച്ചു. ബെല്‍ജിയത്തെ ക്വാര്‍ട്ടറില്‍ നേരിടുമ്പോള്‍ മഞ്ഞപ്പടയുടെ പ്രധാന ഊര്‍ജവും നെയ്മറിന്‍റെ ഫോമാണ്.
ചരിത്രമായി റഷ്യ
പ്രീക്വാര്‍ട്ടറില്‍ സ്പെയിനും റഷ്യയും ഏറ്റുമുട്ടിയപ്പോള്‍ ആരും ആതിഥേയരുടെ വിജയം പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍, പാസിംഗ് ഗെയിമിലൂടെ കളം നിറഞ്ഞെങ്കിലും ഗോളടിക്കാന്‍ മറന്ന സെര്‍ജിയോ റാമോസിനും സംഘത്തിനും കനത്ത പ്രഹരമാണ് റഷ്യന്‍ പട നല്‍കിയത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ റഷ്യന്‍ ഗോള്‍ കീപ്പര്‍ ഇകര്‍ അകിന്‍ഫീവ് ആണ് റഷ്യയുടെ രക്ഷകനായത്. സെര്‍ജിയോ റാമോസ്, ജെറാര്‍ഡ് പിക്വെ, ആന്ദ്രേ ഇനിയേസ്റ്റ എന്നിവര്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചപ്പോള്‍ കോകേ, അസ്പാസ് എന്നിവരുടെ ഷോട്ടുകള്‍ അകിന്‍ഫീവ് രക്ഷപ്പെടുത്തി. റഷ്യന്‍ താരങ്ങളുടെ കിക്ക് ഒന്നു പോലും സ്പാനിഷ് ഗോല്‍ കീപ്പര്‍ ഡി ഹിയയ്ക്ക തടുക്കാനും സാധിച്ചില്ല.
ജപ്പാന്‍റെ നിര്‍ഭാഗ്യം
ലോകകപ്പിലെ ഇതുവരെയുള്ള ഏറ്റവും മികച്ച മത്സരമാണായാണ് ബെല്‍ജിയവും ജപ്പാനും തമ്മിലുള്ള പ്രീക്വാര്‍ട്ടര്‍ മത്സരത്തെ വിശേഷിപ്പിക്കുന്നത്. രണ്ടു ഗോളിന് വമ്പന്മാരായ ബെല്‍ജിയത്തെ പിന്നാലാക്കി മികച്ച പ്രകടനമാണ് ഏഷ്യന്‍ ശക്തികള്‍ പുറത്തെടുത്തത്. പിന്നീട് ഒപ്പമെത്തിയ ബെല്‍ജിയം, അവസാന നിമിഷത്തെ ഗോളില്‍ ഹോണ്ടയെയും സംഘത്തെയും പരാജയപ്പെടുത്തി. യൂറോപ്യന്‍ കരുത്തര്‍ക്കെതിരെ പുറത്തെടുത്ത ജപ്പാന്‍റെ വീര്യത്തെ ലോകം മുഴുവന്‍ കയ്യടികളോടെയാണ് അഭിനന്ദിച്ചത്.
മെസിയുടെ കണ്ണീരും എംബാപെയുടെ ഗോളും
ലോകകപ്പിലെ മരണപോരാട്ടമായ അര്‍ജന്‍റീന ഫ്രാന്‍സ് മത്സരത്തില്‍ താരമായി ഉതിച്ചത് ഫ്രഞ്ച് പടയുടെ കെയ്‍ലന്‍ എംബാപെയാണ്. പത്താം നമ്പര്‍ കുപ്പായത്തില്‍ കളത്തിലെത്തിയ പത്തൊന്‍പതുകാരന്‍റെ വേഗത്തിന് മുന്നില്‍ അര്‍ജന്‍റീന താരങ്ങളും സാക്ഷാല്‍ മെസിയും പകച്ചു നില്‍ക്കുന്നത് നിരവധി പ്രാവശ്യം കാണാനായി. കാല്‍പ്പന്ത് കളിയിലെ രാജകുമാരന്‍റെ കണ്ണീര്‍ റഷ്യന്‍ വീണപ്പോള്‍ രണ്ടു ഗോളുകളുമായി അതിന് വഴിയൊരുക്കിയത് എംബാപെയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam