കോഴിക്കോട് മൂന്നാലിങ്കലിൽ മകനെ കുത്തിപരിക്കേൽപ്പിച്ച സംഭവത്തിൽ പിതാവും മറ്റൊരു മകനും കസ്റ്റഡിയിൽ. മകൻ ആക്രമിക്കാൻ ശ്രമിച്ചപ്പോള്‍ പ്രതിരോധിച്ചതാണെന്നാണ് പിതാവിന്‍റെ മൊഴി.
കോഴിക്കോട്: കോഴിക്കോട് പിതാവ് മകനെ കുത്തി പരിക്കേൽപ്പിച്ചു. പരിക്കേറ്റ മകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. കോഴിക്കോട് മൂന്നാലിങ്കലിലാണ് സംഭവം. പള്ളിക്കണ്ടി സ്വദേശി യാസിൻ അറാഫത്തിനാണ് കുത്തേറ്റത്. സംഭവത്തിൽ യാസിന്‍റെ പിതാവ് അബൂബക്കര്‍ സിദ്ദീഖും മറ്റൊരു മകൻ മുഹമ്മദ് ജാബിറും കസ്റ്റഡിയിലായി. സംഭവത്തിൽ കേസെടുത്ത പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. അതേസമയം, മകൻ യാസിൻ ആക്രമിക്കാൻ ശ്രമിച്ചപ്പോള്‍ താനും മകനും ചേര്‍ന്ന് പ്രതിരോധിച്ചതാണെന്നാണ് മൊഴി. മകൻ യാസിൻ നിരന്തരം ആക്രമിക്കാൻ ശ്രമിക്കുന്നതായി കാണിച്ച് പിതാവ് നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു. കുത്തേറ്റ യാസിർ അറാഫത്തിനെ കോഴിക്കോട് ബീച്ചാശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. യാസിൻ ലഹരിക്കടിമയാണെന്നും സ്ഥിരമായി ആക്രമിക്കാറുണ്ടെന്നുമാണ് സിദ്ദീഖിന്‍റെ മൊഴി.



