
തൃശൂര്‍: തൃശൂരിലെ ബെവ്കോ ഔട്ട്‍ലെറ്റിൽ മദ്യം വാങ്ങാനെത്തിയവർ സുരക്ഷാ ജീവനക്കാരനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഹൈക്കോടതിയിൽ പരാതി നൽകുമ്പോൾ കൊടുത്ത ദൃശ്യങ്ങളാണ് പുറത്തായത്. സംഘർഷം രൂക്ഷമായതിനാൽ സ്ഥലത്ത് നിന്ന് ബെവ്കോ ഔട്ട്‍ലെറ്റ് മാറ്റണമെന്ന വ്യാപാരികളുടെ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.
തൃശൂർ കുറുപ്പം റോഡിലെ ബെവ്‍കോ ഔട്ട്‍ലെറ്റിന് മുന്നിൽ മദ്യം വാങ്ങാനെത്തിയ സംഘം സുരക്ഷാ ജീവനക്കാരനായ ജോസിനെ മർദ്ദിക്കുന്ന ദൃശ്യങ്ങളാണിത്. കഴിഞ്ഞ 12-ാം തിയ്യതിയായിരുന്നു സംഭവം. കുറുപ്പം റോഡിലെ ഔട്ട്‍ലെറ്റിന് മുന്നിൽ സംഘർഷം നടക്കുന്നത് പതിവാണ്. ഔട്ട്‍ലെറ്റ് മാറ്റണമെന്ന വ്യാപാരികളുടെ പരാതി ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണ് വീണ്ടും സ്ഥലത്ത് ആക്രമണം ഉണ്ടായത്.
സംഭവത്തിൽ രണ്ടു പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. വ്യാപാരികളുടെ പരാതിയെത്തുടർന്ന് തൃശൂർ ഈസ്റ്റ് എസ്ഐയെ വിളിച്ചുവരുത്തിയ ഹൈക്കോടതി പൊലീസ് കാവൽ ഏർപ്പെടുത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കേസിൽ രണ്ടു പേരെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam