ബേപ്പൂര്‍ ബോട്ടപകടം; രണ്ടു വിദേശകപ്പലുകളോട് തീരം വിടരുതെന്ന് നിര്‍ദ്ദേശം

By Web DeskFirst Published Oct 16, 2017, 11:54 AM IST
Highlights

കോഴിക്കോട്: ബേപ്പൂരില്‍ ബോട്ട് അപകടത്തില്‍ പെടുമ്പോള്‍ സമീപത്തുണ്ടായിരുന്ന രണ്ടു വിദേശ കപ്പലുകളോട് തീരം വിടരുതെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിംഗ് നിര്‍ദ്ദേശിച്ചു. രണ്ടു കപ്പലുകളും നിലവില്‍ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലാണുളളത്. രക്ഷപ്പെട്ടവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഈ കപ്പലുകളില്‍ ഉടന്‍ പരിശോധന നടത്തും.

തമിഴ്നാട്ടില്‍നിന്നുളള മല്‍സ്യബന്ധനബോട്ടായ ഇമ്മാനുവല്‍ ബേപ്പൂര്‍ തീരത്ത് അപകടത്തില്‍ പെടുമ്പോള്‍ സമീപത്തുണ്ടായിരുന്നത് മൂന്നു കപ്പലുകളാണെന്ന് നാവികസേന കണ്ടെത്തിയിരുന്നു. മുംബൈയിലേക്കും ഗുജറാത്തിലേക്കും പോവുകയായിരുന്ന വിദേശ കപ്പലുകളായിരുന്നു ഇവയില്‍ രണ്ടെണ്ണം. ഈ കപ്പലുകള്‍ക്കാണ് തീരം വിടരുതെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിംഗ് നിര്‍ദ്ദേശം നല്‍കിയത്. ഈ കപ്പലുകളില്‍ ഉടന്‍ പരിശോധന നടത്തും.

ശ്രീലങ്കയിലേക്ക് പോവുകയായിരുന്ന മറ്റൊരു കപ്പലും അപകടസമയം കടലിലുണ്ടായിരുന്നു. ഈ കപ്പലിനെക്കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്. നാവികസേന, കോസ്റ്റ് ഗാര്‍ഡ്, പോര്‍ട്ട് എന്നീ വിഭാഗങ്ങളുമായി യോജിച്ചാണ് ഡി.ജി ഷിപ്പിംഗ് അന്വേഷണം നടത്തുന്നത്. അതേസമയം, തൊഴിലാളികള്‍ നല്‍കിയ മൊഴിയില്‍ ബോട്ടിലിടിച്ച കപ്പലിനെക്കുറിച്ചുളള സൂചനകളില്‍ വ്യക്തതക്കുറവുണ്ടെന്നും അന്വേഷണം ഉദ്യോഗസ്ഥര്‍ പറയുന്നു.

അപകടം നടന്നത് രാത്രിയായതിനാലും അപകട സമയത്ത് കനത്ത മഴയായിരുന്നതിനാലും രക്ഷപ്പെട്ടവര്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ നല്‍കാനായിട്ടില്ല. സംഭവം നടന്ന് 12 മണിക്കൂറിന് ശേഷമാണ് അപകടിവരം അറിഞ്ഞത് എന്നതും വിവരശേഖരണത്തിന് തടസമായി. എന്നാല്‍ ബോട്ടിലിടിച്ചത് ചുവപ്പുകളറുളള വലിയ കപ്പലാണെന്ന വിവരമായിരുന്നു രക്ഷപ്പെട്ടവര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്.

 

 

click me!