ഇറാനെതിരായ യുഎസ്-ഇസ്രായേൽ സൈനിക നീക്കത്തിൽ അറബ് രാജ്യങ്ങൾ സജീവ പങ്കാളികളാകാൻ താൽപ്പര്യം പ്രകടിപ്പിച്ചതായി ഡൊണാൾഡ് ട്രംപ് വെളിപ്പെടുത്തി. ഇറാൻ തങ്ങളുടെ രാജ്യങ്ങളിൽ മിസൈൽ ആക്രമണം നടത്തിയതോടെയാണ് അറബ് രാഷ്ട്രങ്ങൾ നിലപാട് മാറ്റിയതെന്നും ട്രംപ് പറഞ്ഞു. 

വാഷിംഗ്ടൺ: ഇറാൻ ഭരണകൂടത്തിനെതിരെയുള്ള യുഎസ്-ഇസ്രായേൽ സൈനിക നീക്കത്തിൽ സജീവ പങ്കാളികളാകാൻ അറബ് രാജ്യങ്ങൾ താൽപ്പര്യം പ്രകടിപ്പിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തുടക്കത്തിൽ വിമുഖത കാണിച്ചിരുന്ന അറബ് രാഷ്ട്രങ്ങൾ, ഇറാൻ തങ്ങളുടെ മണ്ണിൽ മിസൈൽ ആക്രമണം നടത്തിയതോടെ നിലപാട് മാറ്റുകയായിരുന്നുവെന്ന് സിഎൻഎന്നിന് നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു. ഇസ്രായേലിലെയും യുഎസ് സൈനിക താവളങ്ങളിലെയും ആക്രമണത്തിന് പിന്നാലെ ബഹ്‌റൈൻ, ജോർദാൻ, കുവൈറ്റ്, സൗദി അറേബ്യ, ഖത്തർ, യുഎഇ എന്നീ രാജ്യങ്ങളിലെ ഹോട്ടലുകൾക്കും അപ്പാർട്ട്‌മെന്റുകൾക്കും നേരെ ഇറാൻ മിസൈൽ വർഷിച്ചു. ഇത് അറബ് ലോകത്തെ പ്രകോപിപ്പിച്ചു. നിങ്ങൾ ഇതിൽ ഇടപെടേണ്ടതില്ല എന്ന് ഞങ്ങൾ അവരോട് പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ അവർക്ക് യുദ്ധം ചെയ്യണം. അവർ സജീവമായി രംഗത്തുണ്ട്," ട്രംപ് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നിലവിലെ സൈനിക നീക്കം മുൻകൂട്ടി നിശ്ചയിച്ചതിലും വേഗത്തിൽ പുരോഗമിക്കുകയാണ്. ഇറാന് മേലുള്ള ഏറ്റവും വലിയ ആക്രമണം ഇനിയും വരാനിരിക്കുന്നതേയുള്ളൂവെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. അമേരിക്കയും ആറ് അറബ് രാജ്യങ്ങളും (ബഹ്‌റൈൻ, ജോർദാൻ, കുവൈറ്റ്, ഖത്തർ, സൗദി അറേബ്യ, യുഎഇ) ചേർന്ന് തിങ്കളാഴ്ച സംയുക്ത പ്രസ്താവന പുറത്തിറക്കി. ഇറാന്റെ നടപടി നഗ്നമായ നിയമലംഘനമാണെന്നും ഭീകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും പ്രസ്താവനയിൽ പറയുന്നു. സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ഇറാന്റെ നീക്കം മേഖലയിലെ സമാധാനം തകർക്കുന്നതാണെന്നും ഇവർ കുറ്റപ്പെടുത്തി.

അതേസമയം, ഇറാന് നേരെയുള്ള ഇസ്രയേലിന്റെയും അമേരിക്കയുടെയും സംയുക്ത ആക്രമണത്തെ ന്യായീകരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തിയിരുന്നു. ഇറാൻ ആണവായുധം നിർമിക്കുന്നത് ലോകത്തിന് ഭീഷണിയെന്നാവർത്തിച്ച് ട്രംപ്. മുന്നറിയിപ്പുകളെല്ലാം ഇറാൻ അവഗണിച്ചു. ഇനിയും സൈനിക നടപടി തുടരുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. ലോക സുരക്ഷക്കായാണ് ഇറാനെ ആക്രമിച്ചത്. ബാലിസ്റ്റിക് മിസൈലുകൾ അമേരിക്കക്ക് ഭീഷണിയാണ്. എത്ര കാലം യുദ്ധം തുടരാനും അമേരിക്കക്ക് സാധിക്കും. ഇറാൻ നാവിക സേനയുടെ 10 കപ്പലുകളാണ് തകർത്തതെന്നും ട്രംപ് പറഞ്ഞു.

ഇറാൻ-ഇസ്രയേൽ സംഘർഷത്തിൽ നി‍‍ർണായക പ്രതികരണവുമായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും രംഗത്തെത്തി. യുദ്ധം എത്ര കാലം തുടരുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തീരുമാനിക്കുമെന്ന് പ്രതിരോധ സെക്രട്ടറി മാധ്യമങ്ങളോട് പ്രതികരിച്ചു. യുദ്ധം എത്ര കാലം തുടരുമെന്ന് വ്യക്തമാക്കാൻ പീറ്റ് ഹെഗ്സെത്ത് തയ്യാറായില്ല. ആക്രമണത്തിന്റെ സമയക്രമവും വ്യാപ്തിയും കുറഞ്ഞും കൂടിയും കൊണ്ടേയിരിക്കും. അവ ഏത് തരത്തിലാകുമെന്ന് പറയാനാകില്ലെന്നും ഹെഗ്‌സെത്ത് വ്യക്തമാക്കി. പ്രസിഡന്‍റ് ആണ് ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കുക. അടുത്ത ദിവസങ്ങളിൽ കൂടുതൽ യുഎസ് പോർ വിമാനങ്ങൾ മിഡിൽ ഈസ്റ്റ് മേഖലയിലേക്ക് എത്തുമെന്നും അദ്ദേഹം പറഞ്ഞു.