കര്‍ഷക സംഘടനകളുടെ അഖിലേന്ത്യാ ബന്ദ് ഇന്ന്

By Web DeskFirst Published Jun 10, 2018, 7:05 AM IST
Highlights
  • കര്‍ഷക സംഘടനകളുടെ അഖിലേന്ത്യാ ബന്ദ് ഇന്ന്

ദില്ലി: കാര്‍ഷിക പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വിവിധ കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത അഖിലേന്ത്യാ ബന്ദ് ഇന്ന്. ഗ്രാമപ്രദേശങ്ങളില്‍ നിന്ന് നഗരങ്ങളിലേക്ക് വാഹനങ്ങള്‍ പ്രവേശിക്കുന്നത് തടയുമെന്ന് കര്‍ഷകസംഘടനകള്‍ വ്യക്തമാക്കി. കേരളത്തില്‍ കരിദിനമായാണ് ആചരിക്കുന്നത്.

കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളുക, താങ്ങുവില ഉറപ്പ് നല്‍കുക എന്നിവ ആവശ്യപ്പെട്ടുള്ള കര്‍ഷക സമരം പത്ത് ദിവസം പിന്നിടുമ്പോഴും ചര്‍ച്ചയ്ക്ക് തയാറാകാത്ത സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചാണ് രാജ്യവ്യാപക ബന്ത്. രാഷ്ട്രീയ കിസാന്‍ സംഘിന്‍റെ നേതൃത്വത്തില്‍ 130ഓളം കര്‍ഷക സംഘടനകള്‍ സംയുക്തമായാണ് പ്രതിഷേധിക്കുന്നത്.

നഗരപ്രദേശങ്ങള്‍ക്ക് പകരം ഗ്രാമീണമേഖലകളിലാണ് കര്‍ഷകര്‍ പ്രതിഷേധിക്കുക. കടകമ്പോളങ്ങള്‍ അടച്ചിട്ട് സമരത്തില്‍ പങ്ക് ചേരണമെന്ന് വ്യാപരസംഘടനകളോട് കര്‍ഷകസംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംഘര്‍ഷ സാധ്യതയുടെ പശ്ചാതലത്തില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സുരക്ഷ ശക്തമാക്കി.

ബന്തിന് മുന്നോടിയായി കഴിഞ്ഞദിവസം മഹാരാഷ്ട്രയിലും ഹരിയാനയിലും കര്‍ഷകര്‍ ദേശീയപാത ഉപരോധിച്ച് പ്രതിഷേധിച്ചിരുന്നു.ആറ് കര്‍ഷകര്‍ വെടിയേറ്റ് മരിച്ച മന്‍സോറില്‍ കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധ റാലിയില്‍ മുന്‍ വിഎച്ച്പി അധ്യക്ഷന്‍ പ്രവീണ്‍ തൊഗാഡിയ യശ്വന്ത് സിന്‍ഹ അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കും. എന്നാല്‍ ഇന്നത്തെ ബന്തില്‍ നിന്നും അഖിലേന്ത്യാ സഭ വിട്ടുനില്‍ക്കുകയാണ്

 

click me!