കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ ട്രാക്കുകളിൽ വെള്ളം കയറിയതിനാൽ ട്രെയിൻ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. മലബാർ, ചെന്നൈ എക്സ്പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകൾ വൈകുമെന്ന് അധികൃതർ അറിയിച്ചു.
തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം സെൻട്രൽ റെയിൽവെ സ്റ്റേഷനിലെ ട്രാക്കുകളിൽ വെള്ളം കയറി. ഒന്നും രണ്ടും ട്രാക്കുകളിൽ ഇപ്പോഴും വെള്ളക്കെട്ട് നിലനിൽക്കുന്നുണ്ട് എന്നാണ് അധികൃതര്‍ അറിയിക്കുന്നത്. തിരുവനന്തപുരം സെൻട്രൽ റെയിൽവെ സ്റ്റേഷനില്‍ നിന്ന് പുറപ്പെടാനുള്ള ട്രെയിനുകളും, തിരുവനന്തപുരം സെൻട്രൽ വഴി കടന്ന് പോകുന്ന ട്രെയിനുകളും അല്പം വൈകുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു. മലബാർ എക്സ്പ്രസ് 28 മിനിറ്റ് വൈകിയാണ് സർവീസ് നടത്തുന്നത്. ചെന്നൈ എക്സ്പ്രസ് പുറപ്പെടാൻ വൈകും. പ്രശ്നം പരിഹരിക്കാൻ ശ്രമം നടക്കുകയാണെന്നും അധികൃതർ അറിയിച്ചു.
മഴ സാധ്യത
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ നേരിയ മഴയ്‌ക്ക് സാധ്യതയുണ്ട്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. (പുറപ്പെടുവിച്ച സമയവും തീയതിയും 07.00 PM; 28/02/2026)
