പൊതുമേഖലാ സ്ഥാപനമായ യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന് സർക്കാർ നൽകിയ 76.22 കോടി രൂപയുടെ വായ്പയും പലിശയും ഓഹരി മൂലധനമാക്കി മാറ്റി. ഈ തീരുമാനത്തോടെ കമ്പനിയിലെ സർക്കാർ ഓഹരി വിഹിതം വർധിക്കും

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനമായ യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന് വൻ ആശ്വാസം. 2019 വരെ സർക്കാരിൽ നിന്ന് എടുത്ത വായ്‌പയും പലിശയും പിഴ പലിശയും കമ്പനി ഇനി തിരിച്ചടക്കേണ്ട. ഈ തുക ഓഹരി മൂലധനമാക്കി മാറ്റാൻ ഇന്ന് ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. 2019 മാർച്ച് 31 വരെയുള്ള 50.01 കോടി രൂപയുടെ സര്‍ക്കാര്‍ വായ്പയും ഇതിൻ്റെ പലിശയും പിഴ പലിശയും ചേർത്ത് 76.22 കോടി രൂപയാണ് ഓഹരി മൂലധനമാക്കി മാറ്റുന്നത്. ഇതോടെ കമ്പനിയിൽ സർക്കാരിൻ്റെ ഓഹരി വിഹിതം മൂല്യം 81.22 കോടി രൂപയായി വര്‍ധിക്കും.

കൊല്ലം ജില്ലയിലെ മണിച്ചിനഴികത്ത് പ്രവർത്തിക്കുന്ന യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, 'മീറ്റർ കമ്പനി' എന്ന പേരിലാണ് അറിയപ്പെടുന്നത്. 1950 ൽ സ്ഥാപിചതമായ ഈ കമ്പനി സ്മാർട്ട് മീറ്ററുകൾ ഉൾപ്പെടെ വൈദ്യുതി മീറ്ററുകളും വാട്ടർ മീറ്ററുകളും മോട്ടോർ സ്റ്റാർട്ടറുകളും സ്ട്രീറ്റ് ലൈറ്റുകളും സോളാർ ഉൽപ്പന്നങ്ങളുമൊക്കെയാണ് നിർമിക്കുന്നത്. ഇന്ത്യയിലുടനീളം സ്മാർട്ട് എനർജി മീറ്ററിംഗ് സംവിധാനം നടപ്പിലാക്കുന്നതിനാണ് കമ്പനി ഇപ്പോൾ ശ്രമിക്കുന്നത്. പ്രമുഖ കമ്പനികളുമായി ചേർന്ന് കൺസോർഷ്യം രൂപീകരിക്കാനുള്ള നടപടികൾ കമ്പനി സ്വീകരിച്ചിട്ടുണ്ട്. ഡിഫൻസ്, ഏറോസ്പേസ് എന്നീ മേഖലകളിലേക്ക് കൂടി പ്രവർത്തനം വ്യാപിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നു. ഇതിനായി ബിസിനസ് ഡെവലപ്‌മെന്റ് കൺസൾട്ടന്റുമാരെ നിയമിക്കാനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട് കോന്നി, സുൽത്താൻ ബത്തേരി, തൃത്താല അടക്കം കേരളത്തിലെ വിവിധ മണ്ഡലങ്ങളിൽ എം.എൽ.എ ഫണ്ട് ഉപയോഗിച്ചുള്ള ഹൈമാസ്റ്റ് ലൈറ്റുകളും മിനിമസ്റ്റ് ലൈറ്റുകളും നിർമിക്കുന്നതും സ്ഥാപിക്കുന്നതിനുമുള്ള കരാറുകളും കമ്പനി ഏറ്റെടുത്തിട്ടുണ്ട്. ബിസിനസ് രംഗത്ത് മികച്ച മുന്നേറ്റം ലക്ഷ്യമിടുന്ന കമ്പനിക്ക് ഇപ്പോഴത്തെ സർക്കാർ തീരുമാനം ഏറെ ആശ്വാസകരമാണ്. നിലവിൽ പൊതുമേഖലാ സ്ഥാപനമായതിനാൽ തന്നെ, സർക്കാർ നിയന്ത്രണത്തിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്.