
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിന്‍റെ പ്രവർത്തനം പുനരാരംഭിക്കാത്തതിനാൽ എറണാകുളം ജില്ലയിൽ ഇന്നും മാലിന്യ നീക്കം നിലച്ചു. പലയിടത്തും മാലിന്യം കുന്നുകൂടിത്തുടങ്ങി. പ്രശ്നം പരിഹരിക്കാൻ ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ വൈകിട്ട് ചർച്ച നടത്തും.
തുടർച്ചയായി ഉണ്ടാകുന്ന തീപിടുത്തം തടയാൻ ശാശ്വത നടപടി വേണെന്നാവശ്യപ്പെട്ട് ബ്രഹ്മപുരം പ്ലാൻറിന് സമീപത്തുള്ള നാട്ടുകാർ മാലിന്യവുമായി എത്തുന്ന വാഹനങ്ങൾ തടഞ്ഞ് തിരിച്ചയക്കുകയാണ്. ഇതാണ് എറണാകുളം ജില്ലയിൽ മാലിന്യ നീക്കം തടസ്സപ്പെടാൻ കാരണം.
തൃക്കാക്കര നഗരസഭയിൽ രണ്ടു ദിവസമായി ശേഖരിച്ച മാലിന്യം ലോറികളിൽ തന്നെ കിടക്കുകയാണ്. ഇതുമൂലം രാവിലെ എത്തിയ തൊഴിലാളികളോട് വീടുകളിൽ നിന്നും മാലിന്യം ശേഖരിക്കേണ്ടെന്ന് നഗരസഭ നിർദ്ദേശിച്ചു. നഗരസഭകൾ ശേഖരിക്കാത്തതിനാൽ പല വീടുകളിലും മാലിന്യം പുഴുവരിച്ചു തുടങ്ങി.
വടവുകോട് പുത്തൻകുരിശു പഞ്ചായത്തും ബ്രഹ്മപുരത്ത് മാലിന്യം എത്തിക്കുന്നതിനെതിരെ പ്രതിഷേധ രംഗത്തെത്തിയിട്ടുണ്ട്. പ്രതിഷേധക്കാരുമായും വിവിധ നഗരസഭ അധികൃതരുമായും കളക്ടർ വൈകിട്ട് ചർച്ച നടത്തും. തുടർച്ചയായ തീപിടുത്തം ഒഴിവാക്കാൻ അഗ്നിശമന സേന നിർദ്ദേശിക്കുന്ന കാര്യങ്ങൾ ചെയ്യാൻ എഞ്ചിനീയറിംഗ് വിഭാഗത്തോട് കൊച്ചി കോർപ്പറേഷൻ നിർദ്ദേശിച്ചു. തീപിടുത്തത്തിന്‍റെ കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇൻഫോപാർക്ക് പൊലീസാണ് കേസെടുത്തിരിക്കുന്നത്. മാലിന്യ പ്ലാൻറിലെ ജീവനക്കാരിൽ നിന്നുൾപ്പെടുടെ അടുത്ത ദിവസം മൊഴിഎടുക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam