
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ വയനാട്ടില്‍ മാവോയിസ്റ്റ് സാന്നിധ്യം കണ്ടെത്തിയത് പതിമുന്നിടങ്ങളിലാണ്‍. ചിലയിടത്ത് അവര്‍ അക്രമത്തിന് മുതിര്‍ന്നു. ബൈക്കുകള്‍ തീയിട്ടു റിസോര്‍ട്ടുകള്‍ തല്ലിതകര്‍ത്തു. ഒടുവില്‍ വെള്ളമുണ്ടയിലെ ചപ്പയില്‍ പോലീസുമായി നേരിട്ടുള്ള ഏറ്റുമുട്ടല്‍. ഇപ്പോഴിതാ മാവോയിസ്റ്റുകള്‍ തട്ടികോണ്ടുപോകുമെന്ന് പേടിച്ച് ജില്ലയിലെ അഴിമതിക്കാരായ 48 ഉദ്യോഗസ്ഥരുടെ പട്ടികയും തയാറാക്കിയിരിക്കുന്നു. പട്ടിക തയാറാക്കി അഴിമിതക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിച്ചു എന്നതുകോണ്ടു മാത്രം പ്രശ്‌നം പരിഹരിക്കാനാകുമോ? വര്‍ഷങ്ങളായി മാവോയിസ്റ്റ് സാന്നിധ്യം കാണുന്ന പ്രദേശങ്ങളില്‍ അടിസ്ഥാന സൗകര്യവികസനമെത്തിയോ?
ചപ്പ വെടിവെപ്പിനുശേഷം അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയുടെ പുതുവല്‍സരാഘോഷം മാവോയിസ്റ്റ് സാന്നിധ്യ പ്രദേശങ്ങളിലായിരുന്നു. ജനങ്ങളുടെ ഭീതിയകറ്റുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. ഇതിന്റെ ഭാഗമായി വിവിധ പദ്ധതികളും ആവിഷ്‌ക്കരിച്ചു. അതിനായി പ്രഖ്യാപിച്ചത് അഞ്ചു കോടി. ഉടന്‍ ജില്ലാ ഭരണകൂടം പദ്ധതി തയാറാക്കി. അഞ്ചു കോടിയുടെ നടത്തിപ്പ് ജില്ല കളക്ടര്‍ടര്‍ക്കെന്ന് ഉത്തരവിറങ്ങി മൂന്നു ദിവസത്തിനുള്ളില്‍ അട്ടിമറിച്ചു. ഇടപെട്ടത് അന്നത്തെ പട്ടികവര്‍ഗ്ഗവകുപ്പുമന്ത്രിയായിരുന്ന പി കെ ജയലക്ഷ്മിയുടെ പ്രൈവറ്റ് സെക്രട്ടറിയെന്ന് ഈ രേഖ പറയുന്നു. ഇതെ തുടര്‍ന്ന് നടത്തിപ്പ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന് കൈമാറി വീണ്ടും ഉത്തരവിറങ്ങി. ഇതോടെ കളക്ടറുടെ നിര്‍ദ്ദേശങ്ങള്‍ക്ക് കടലാസുവിലയായി. ബ്ലോക്ക് പഞ്ചായത്ത് ഈ അഞ്ചുകോടി എന്തു ചെയ്തു? പദ്ധതിപ്രകാരം ചപ്പയിലേക്ക് പണിയേണ്ട റോഡ്, വീടുകളുടെ ഇപ്പോഴത്തെ സ്ഥതി, കൃഷിക്കായുള്ള കുളം എന്നിവ നിര്‍മ്മിച്ചുകൊടുത്തില്ല. അഞ്ചുകോടി കൊണ്ട് ആകെ ഗുണമുണ്ടായത് നാട്ടുകാര്‍ക്ക് കിട്ടിയ ആടും പശുവും മാത്രം. പദ്ധതി പ്രകാരം ചപ്പക്ക് മുന്നു കിലോമീറ്റര്‍ ഇപ്പുറത്തു പണിത കമ്യൂണിറ്റി ഹാളിന് ചിലവ് 25 ലക്ഷമായിരുന്നു. ആര്‍ക്കുവേണ്ടിയാണ് ഇതെന്ന് പണിതവര്‍ക്കുപോലുമറിയില്ല.
ഇനി സര്‍ക്കാര്‍ മുദ്രയുള്ള ഈ സര്‍ട്ടിഫിക്കറ്റ് കാണുക. പദ്ദതിയുടെ ഭാഗമായി സ്വയം തൊഴില്‍ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് നല്‍കിയതാണ്. പരിശീലനം നല്കിയ സ്ഥാപനം ഞങ്ങളന്വേഷിച്ചു. ഇങ്ങനെയോരു സ്ഥാപനം പ്രവര്‍ത്തിക്കുന്നില്ല. സര്‍ക്കാര്‍ മുദ്രയില്‍ ഇല്ലാത്ത സ്ഥാനപത്തിന്റെ പേരിലിറങ്ങിയ സര്‍ട്ടിഫിക്കറ്റില്‍ ഒപ്പിട്ടിരിക്കുന്നത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്. ഇതോക്കെയാണ് അഞ്ചുകോടി രൂപ മുടക്കി നടത്തിയ വികസനങ്ങള്‍. ജനങ്ങളാവശ്യപ്പെട്ട ഒന്നും കിട്ടിയില്ല. ചപ്പ ഇപ്പോഴും പഴയ ചപ്പ തന്നെ. ഇനി ഇവിടുത്തെ ആളുകള്‍ക്ക് ഇപ്പോള്‍ മാവോയിസ്റ്റ് അനുകൂല മനോഭാവമാണുള്ളത്. ഇക്കാര്യം പലരും ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണസംഘത്തോട് സമ്മതിക്കുകയും ചെയ്‌തു.
മാവോയിസ്റ്റ് സാന്നിധ്യം കണ്ടെത്തിയ മറ്റു പ്രദേശങ്ങളിലും ഞങ്ങള്‍ പോയി. അടിസ്ഥാന വികസനം ഒരിടത്തുമില്ല. വല്ലപ്പോഴും പോലീസ് വന്ന് പരിശോധിക്കും അത്രമാത്രം. ഇതിലും ഗൗരവം രഹസ്യമായി പലരും പറഞ്ഞത് മാവോയിസ്റ്റുകള്‍ക്ക് അനുകൂലമായ പരാമര്‍ശങ്ങളാണെന്നതാണ്.
അടിസ്ഥാന സൗകര്യവികസനത്തിലൂടെ ഈ മനോഭാവത്തില്‍ മാറ്റം വരുത്തുകയാണ് മാവോയസ്റ്റുസാന്നിധ്യം ഇല്ലാതാക്കാനുള്ള ഏക പോംവഴി. അതും അഴിമതിക്കുള്ളഅവസരം ഇല്ലാതാക്കിക്കൊണ്ട്. സര്‍ക്കാര്‍ അതിന് തയാറായില്ലെങ്കില്‍ വയനാട്ടല്‍ അവര്‍ വേരുറപ്പിച്ചുകൊണ്ടേയിരിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam