
മാവൂരിലും പരിസരങ്ങളിലും വിഷമലിനീകരണം നടത്തിയതിനെ തുടര്‍ന്നുള്ള ജനകീയ പ്രക്ഷോഭത്തിനെ തുടര്‍ന്നാണ് സംസ്ഥാനത്തെ ആദ്യകാല വ്യവസായ ശാലകളില്‍ ഒന്നായ മാവൂര്‍ ഗ്രാസിം അടച്ചു പൂട്ടിയത്. പ്രദേശമാകെ നൂറുകണക്കിനാളുകള്‍ കാന്‍സര്‍ അടക്കമുള്ള രോഗങ്ങളെ തുടര്‍ന്ന് മരിക്കുകയും ചാലിയാര്‍ പുഴ മലിനമാവുകയും ചെയ്തതിനെ തുടര്‍ന്നാണ് ഇവിടെ പതിറ്റാണ്ടു നീണ്ട പ്രക്ഷോഭം നടന്നത്. തുടര്‍ന്നാണ്, ഫാക്ടറി അടച്ചു പൂട്ടിയത്. തുച്ഛമായ വിലക്ക് സംസ്ഥാന സര്‍ക്കാര്‍ ബിര്‍ല കമ്പനിക്ക് പാട്ടം നല്‍കിയ 250 ഏക്കര്‍ ഭൂമി ഉപേക്ഷിച്ച് കമ്പനി അധികൃതര്‍ സ്ഥലം വിടുകയും ചെയ്തു. വിഷമലിനീകരണം മൂലം മരിച്ചവരുടെയും രോഗികളായവരുടെയും കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ഇരകളുടെ ആവശ്യം പരിഗണിക്കാതെയാണ് ബിര്‍ല കമ്പനി സ്ഥലം വിട്ടത്.
ബിര്‍ലയ്ക്ക് പാട്ടം നല്‍കിയ ഭൂമിയില്‍ സര്‍ക്കാര്‍ മുന്‍കൈയില്‍ ഐടി വ്യവസായം തുടങ്ങണമെന്ന് നേരത്തെ ആവശ്യമുയര്‍ന്നിരുന്നു. കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാറിന്റെ കാലത്ത് ഇതിനുള്ള ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. എന്നാല്‍, പിന്നീടിത് നിലച്ചു. അതിനു ശേഷമാണ്, ബിര്‍ല കമ്പനിയെ തന്നെ ഇവിടെ സ്മാര്‍ട്ട് സിറ്റി പദ്ധതി തുടങ്ങാന്‍ അനുവദിക്കുന്നത്.
തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങള്‍ക്ക് ശേഷം മലബാറിലും സ്മാര്‍ട്ട് സിറ്റി തുടങ്ങുന്നതിന് സര്‍ക്കാരിനും താല്‍പര്യമുണ്ട്. പരിസ്ഥിതിക്ക് കോട്ടം തട്ടാതെ ഗ്രീന്‍ഫീല്‍്ഡ് സ്മാര്‍ട്ട് സിറ്റിക്കാണ് ബിര്‍ളഗ്രൂപ്പ് താല്‍പര്യമെടുക്കുന്നത്. ഇക്കാര്യം സര്‍ക്കാരുമായി ഉടന്‍ ചര്‍ച്ച ചെയ്യും.
ഗ്രെയ്റ്റര്‍ മലബര്‍ ഇനിഷ്യേറ്റീവിന്റെ ഭാഗമായാണ് മാവൂരിലെ വ്യവസായ സാധ്യതകള്‍ പരിശോധിക്കുന്നത്. പുതിയ വ്യവസായം തുടങ്ങുമെന്ന പ്രഖ്യാപനം പല തവണയുണ്ടായെങ്കിലും നടപടികളൊന്നും എവിടെയുമെത്തിയില്ല.