വിജിലന്‍സ് ഡയറക്ടറായി തുടരുമെന്ന് സൂചന നല്‍കി ജേക്കബ് തോമസ്

Published : Oct 20, 2016, 09:45 AM ISTUpdated : Oct 04, 2018, 06:28 PM IST
വിജിലന്‍സ് ഡയറക്ടറായി തുടരുമെന്ന് സൂചന നല്‍കി ജേക്കബ് തോമസ്

Synopsis

വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്നും മാറ്റണമെന്നാലശ്യപ്പെട്ട് നല്‍കിയ കത്തില്‍ സര്‍ക്കാര്‍ തീരുമാനം വരാനിരിക്കെയാണ് ജേക്കബ് തോമസ് നിലപാട് മയപ്പെടുത്തിയത്. സ്ഥാനം ഒഴിയുമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോയെന്ന ചോദ്യത്തിന് ജനങ്ങളുടെ സര്‍ക്കാര്‍ ഏല്‍പ്പിക്കുന്ന ഉത്തരവാദിത്തങ്ങള്‍ നിര്‍വ്വഹിക്കും എന്നായിരുന്നു. കാര്യങ്ങള്‍ സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ടെന്നും ഇനി ജനങ്ങളുടെ സര്‍ക്കാര്‍ അതില്‍ തീരുമാനം എടുക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. വിജിലന്‍സിനെ ശക്തിപ്പെടുത്താനുള്ള തീരുമാനങ്ങളാണ് ഇപ്പോള്‍ കേട്ടുകൊണ്ടിരിക്കുന്നതെന്നും ജേക്കബ് തോമസ് പറഞ്ഞു വിജിലന്‍സിനെതിരായ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ പ്രതിഷേധനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ വിജിലന്‍സില്‍ കിട്ടുന്ന പരാതികള്‍ വിജിലന്‍സ് അന്വേഷിക്കുമെന്നും സര്‍ക്കാറില്‍ കിട്ടുന്ന പരാതികള്‍ സര്‍ക്കാറല്ലേ അന്വേഷിക്കേണ്ടതെന്നുമായിരുന്നു മറുപടി. 

ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് തുടരണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ താല്‍പര്യം. സി.പി.എം സെക്രട്ടറിയേറ്റും ഇതേ തീരുമാനമാണ് എടുത്തത്. എന്നാല്‍ സ്ഥാനം ഒഴിയണമെന്ന് ജേക്കബ് തോമസ് നിലപാട് കടുപ്പിച്ചതാണ് തീരുമാനം വൈകിപ്പിച്ചത്. മുഖ്യമന്ത്രിയുമായി അടുത്ത കേന്ദ്രങ്ങള്‍ ജേക്കബ് തോമസുമായി ഇന്നലെ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് നിലപാട് മയപ്പെടുത്തയതെന്നാണ് അറിയുന്നത്. വിജിലന്‍സിന് ലഭിച്ച ചില പരാതികള്‍ അന്വേഷിക്കാനായി ആക്കുളത്തും അഞ്ചുതെങ്ങിലും ഇന്ന് ജേക്കബ് തോമസ് പരിശോധനക്കും ഇറങ്ങി. ജേക്കബ് തോമിനെ ഇന്ന് വീണ്ടും വി.എസ്.അച്യുതാനന്ദന്‍ പിന്തുണച്ചു.

അതേ സമയം ജേക്കബ് തോമസിന്റെ കത്ത് സഭയില്‍ ക്രമപ്രശ്നമായി പ്രതിപക്ഷം ഉന്നയിച്ചു. ഡയറക്ടറുടെ കത്ത് നിയമസഭയിലോ മന്ത്രിസഭയിലോ ചര്‍ച്ച ചെയ്യാതെ പാര്‍ട്ടി തലത്തില്‍ ചര്‍ച്ച ചെയ്തതത് നിയമ വിരുദ്ധമാണെന്നാരോപിച്ചായിരുന്നു ക്രമപ്രശ്നം. ജേക്കബ് തോമസിനെ പാര്‍ട്ടി നോമിനിയാക്കാന്‍ ശ്രമം നടക്കുന്നുവെന്നും എ.കെ.ജി സെന്ററിനു ചുറ്റും വിജിലന്‍സ് തത്ത പറന്നു നടക്കുന്നുവെന്ന് രമേശ് ചെന്നിത്തല നിയമസഭയില്‍ ആരോപിച്ചു.

PREV
click me!

Recommended Stories

തിരമാലകൾ 98 അടി വരെ ഉയരും, സംഭവിച്ചാൽ 2 ലക്ഷം പേർക്ക് ജീവഹാനി; എന്താണ് അപൂർവ്വ മെഗാക്വേക്ക് മുന്നറിയിപ്പ്?
കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ