
ദില്ലി: കന്യാസ്ത്രീയെ ബലാല്‍സംഗം ചെയതെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയേക്കില്ല. പൊലീസ് ആവശ്യപ്പെട്ടതനുസരിച്ച് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി നടപടികളുമായി സഹകരിക്കും. അതേ സമയം, ബിഷപ്പ് പദവിയില്‍ നിന്ന് മാറി നില്ക്കണമെന്ന മുംബൈ അതിരൂപത ആര്‍ച്ച് ബിഷപ്പിന്റെ ആവശ്യം ജലന്ധര്‍ രൂപത തള്ളി.
കൊച്ചിയില്‍ ഐജിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അന്വേഷണ സംഘത്തിന്‍റെ യോഗത്തിന് ശേഷം നിയമവിദഗ്ദരുമായി ബിഷപ്പ് കൂടിയാലോചന നടത്തിയിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കേണ്ടതില്ല എന്നാണ് ഇവര്‍ നല്‍കിയിരിക്കുന്ന പ്രാഥമിക ഉപദേശം. രണ്ട് കാരണങ്ങളാണ് ഇതിനായി ചൂണ്ടിക്കാട്ടുന്നത്. ക്രിമിനല്‍ നടപടിച്ചട്ടം 41 എ വകുപ്പ് പ്രകാരമാണ് ചോദ്യം ചെയ്യലിനായി നോട്ടീസ് നല്കിയിരിക്കുന്നത്.
ഒരു കേസ് സംബന്ധിച്ച് ഏതെങ്കിലും വ്യക്തിയെകുറിച്ച് വിവരം ലഭിക്കുകയോ സംശയം ഉണ്ടായാലോ അയാളെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാന്‍ ഈ വകുപ്പ് അധികാരം നല്‍കുന്നു. ഇത് പ്രകാരം അറസ്റ്റ് അനിവാര്യമല്ല. നോട്ടീസ് അവഗണിക്കല്‍ , പ്രതി ഒളിവില്‍ പോകാന്‍ സാധ്യത തുടങ്ങിയ അസാധാരണ സാഹചര്യങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം അന്വേഷണ ഉദ്യോഗസ്ഥന് വിവേചന അധികാരം ഉപയോഗിക്കാം.
കന്യാസ്ത്രീയുടേയും സാക്ഷികളുടെയും മൊഴികളില്‍ വൈരുദ്ധ്യങ്ങള്‍ ഉണ്ടെന്നും നിലവില്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ തക്ക തെളിവില്ലെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുടെ ആവശ്യമില്ലെന്നാണ് വിലയിരുത്തല്‍. ഹൈക്കോടതി നടപടികള്‍ കൂടി വിലയിരുത്തിയ ശേഷം ഇന്നോ നാളെയൊ അഭിഭാഷക സംഘവുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുമെന്നും അതിന് ശേഷം ഇക്കാര്യത്തില്‍ അന്തിമതീരുമാനം ഉണ്ടാകും എന്നും ജലന്ധര്‍ രൂപതാ വൃത്തങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
അതേ സമയം അന്വേഷണം കഴിയുന്നത് വരെ ബിഷപ്പ് പദവിയില്‍നിന്ന് മാറി നില്ക്കണമെന്ന മുംബൈ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ,കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസിന്‍റെ ആവശ്യം ജലന്തര്‍രൂപത തള്ളി. കര്ദ്ദിനാളിന്‍റെ വ്യക്തിപരമായ അഭിപ്രായം മാത്രമായേ ഇതിനെ കണക്കാക്കുന്നുള്ളൂവെന്നും പദവിയില്‍നിന്ന് മാറി നില്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ബിഷപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങല്‍ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam