
ദില്ലി/കൊച്ചി:നേരത്തെ ബിഷപ്പ് സ്ഥാനത്ത് നിന്നും രാജി വയ്ക്കാൻ ആലോചിച്ചിരുന്നതായി ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. അത് ചെയ്യരുതെന്ന് സഹവൈദികർ ഉപദേശിച്ചു. സഭയുടെ പ്രതിച്ഛായ തകർക്കുന്നത് മാധ്യമ വിചാരണയാണെന്നും ബിഷപ്പ് പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം ബിഷപ്പിനെതിരായ ആരോപണം ഗൂഢാലോചനയെന്ന് ആരോപിച്ച് ജലന്ധർ രൂപത പ്രസ്താവന ഇറക്കിയിരുന്നു. സഭയെയും ബിഷപ്പിനെയും ഇല്ലായ്മ ചെയ്യാനുളള ഗൂഢാലോചനയാണ്. ആരോപണം തെളിയുന്നത് വരെ മാധ്യമവിചാരണയില്‍ മിതത്വം വേണം. കന്യാസ്ത്രീയുടെ മൊഴികളില്‍ വൈരുദ്ധ്യമെന്നും ജലന്ധര്‍ രൂപത പ്രസ്താവനയില്‍ പറയുന്നു.
നാല് പേജുളള പ്രസ്തവനയാണ് പുറത്തിറക്കിയത്. ആദ്യം പീഡനം നടന്നുവെന്ന് പറയുന്ന ദിവസം ബിഷപ്പ് കുറവിലങ്ങാട് മഠത്തിലല്ല താമസിച്ചത് എന്ന് പ്രസ്താവനയില്‍ പറയുന്നു. തൊട്ടടുത്ത ദിവസം കന്യാസ്ത്രീയുടെ വീട്ടിൽ നടന്ന ചടങ്ങിൽ ബിഷപ്പ് പങ്കെടുത്തു. കന്യാസ്ത്രീ വളരെ സന്തോഷത്തോടെ ബിഷപ്പിനെ സ്വീകരിച്ചു. പീഡിപ്പിച്ചിരുന്നുവെങ്കിൽ ഇങ്ങനെ സംഭവിക്കുമോയെന്നും പ്രസ്താവനയിൽ ചോദിക്കുന്നു.
കന്യാസ്ത്രീക്കെതിരെ ബന്ധു പരാതി നൽകിയ ശേഷമാണ് ബിഷപ്പുമായി അകന്നത് എന്നും രൂപത ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസവും വിശദീകരണവുമായി ബിഷപ്പ് രംഗത്തെത്തിയിരുന്നു. സാധാരണ ജനങ്ങൾക്ക് പ്രശ്നമൊന്നുമില്ല എന്നാണ്. എന്നാൽ പള്ളിക്ക് എതിരെ നില്‍ക്കുന്നവർ കന്യാസ്ത്രീകളെ ഉപയോഗിക്കുകയാണ്. അവർ ഈ വിഷയം മാത്രമല്ല ഉന്നയിക്കുന്നത്. പ്ലേക്കാർഡിൽ പല വിഷയങ്ങളുമുണ്ട്. അവർ മറ്റു കാര്യങ്ങൾക്കായി സമരം ചെയ്യുമ്പോൾ കന്യാസ്ത്രീകളെ മുന്നിൽ നിര്‍ത്തുന്നു. ഇത് ഗൂഢാലോചനയാണ്. നിയമനടപടികളുമായി പൂർണ്ണമായും സഹകരിക്കും. ഇതുവരെ അത് ചെയ്തിട്ടുണ്ട്. ഇക്കാര്യത്തിൽ തടസ്സമില്ല.'
അറസ്റ്റും നടപടിയും ആവശ്യപ്പെട്ടുള്ള കേരളത്തിലെ സമരം ദേശീയ ശ്രദ്ധ നേടുമ്പോഴാണ് ജലന്തർ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ മാധ്യമങ്ങൾക്കു മുന്നിലെത്തിയത്. കന്യാസ്ത്രീക്കെതിരെയുള്ള പരാതി അന്വേഷിച്ചതിന്‍റെ പ്രതികാരമാണ് തനിക്കെതിരെയുള്ള കേസെന്ന് ഫ്രാങ്കോ മുളയ്ക്കൽ ആവർത്തിക്കുന്നു.
അതിനിടെ, ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നതിനെതിരായ കന്യാസ്ത്രീകളുടെ സമരം കൂടുതൽ ശക്തി പ്രാപിക്കുകയാണ്. കൊച്ചിയ്ക്ക് പുറമെ സെക്രട്ടേറിയേറ്റിന് മുന്നിലേക്കും ഇന്ന് സമരം വ്യാപിപ്പിക്കും. കേസിന്റെ തുടർനടപടികൾ ചർച്ച ചെയ്യാനുള്ള നിർണായക യോഗം ഇന്ന് കൊച്ചിയിൽ ചേരും. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വെകും തോറും പ്രതിഷേധം ശക്തമാകുകയാണ്. കൊച്ചിയ്ക്ക് പുറമെ സെക്രട്ടറിയേറ്റിനു മുന്നിലും സമരം തുടങ്ങുകയാണ് സന്യാസിസമൂഹ സംരക്ഷണ വേദി.
സമരം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി നടക്കുന്ന പ്രതിഷേധസംഗമത്തിൽ കുറവിലങ്ങാട് നിന്നുള്ള കന്യാസ്ത്രീകൾ പങ്കെടുക്കില്ല. പകരം സമരത്തെ പിന്തുണയ്ക്കുന്ന തിരുവനന്തപുരത്ത് നിന്നുള്ളവരാകും സംഗമത്തിൽ പങ്കെടുക്കുക. കൊച്ചിയിലെ സമരപന്തലിലേക്കും ഐക്യദാർഡ്യമർപ്പിച്ച് ഇന്ന് നിരവധി പേരെത്തും. കണ്ണൂരിൽ നിന്ന് തുടങ്ങുന്ന ഐക്യദാർഢ്യയാത്രയിൽ കൽപ്പറ്റ നാരായണൻ, ഹമീദ് ചേന്നമംഗലൂർ,ഡോ.ആസാദ് തുടങ്ങിയവർ പങ്കെടുക്കും. ഇവർക്ക് പുറമെ സിനിമാമേഖലയിലെ വനിതകളുടെ കൂട്ടായ്മയായ ഡബ്ല്യുസിസിയുടെ പ്രവർത്തകരും കന്യാസ്ത്രീകൾക്ക് പിന്തുണയുമായും എത്തും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam