
തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിഷയത്തിൽ ബിജെപി നേട്ടമുണ്ടാക്കിയെന്ന് കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ വിലയിരുത്തൽ. കോൺഗ്രസ് നിലപാട് ജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ലെന്നുമാണ് വിമർശനമുയർന്നത്. പദയാത്രകളും വിശദീകരണ യോഗങ്ങളും നടത്താൻ തീരുമാനം. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. അതിനിടെ ശബരിമല വിഷയത്തിൽ യുഡിഎഫ് രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും.
യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം സ്വാഗതം ചെയ്തിരുന്നെങ്കിലും വിരുദ്ധ നിലപാടാണ് കോണ്‍ഗ്രസ് കേരളാ നേതൃത്വം കൈക്കൊണ്ടത്. ശബരിമല യുവതി പ്രവേശനത്തിൽ വിശ്വാസികള്‍ക്കൊപ്പമാണ് കോണ്‍ഗ്രസ് എന്ന് പ്രഖ്യാപിച്ചെങ്കിലും വേണ്ട വിധത്തിൽ വിഷയം കൈകാര്യം ചെയ്യാനായിട്ടില്ലെന്നാണ് പൊതുവിലയിരുത്തൽ. വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുമ്പോഴും തെരുവിലിറങ്ങിയുള്ള പരസ്യ പ്രതിഷേധങ്ങൾക്കില്ലെന്നായിരുന്നു യുഡിഎഫ് തീരുമാനവും.
ശബരിമല വിഷയത്തില്‍ എരിതീയിൽ എണ്ണ ഒഴിക്കാനാണ് സർക്കാർ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. തന്ത്രി കുടുംബത്തെയും രാജ കുടുംബത്തെയും പരസ്യമായി അധിക്ഷേപിക്കുന്ന മന്ത്രിമാരുടെ നടപടി അംഗീകരിക്കാനാകില്ല. ശബരിമലയിൽ സംഭവിക്കുന്നതിനൊക്കെ ഉത്തരവാദി സർക്കാരാണ്. പൊലീസ് നടപടിയും കാര്യക്ഷമമല്ല. സംസ്ഥാനം ആവശ്യപ്പെട്ടാല്‍ മാത്രം ഓര്‍ഡിനന്‍സ് എന്ന ബി ജെ പി അധ്യക്ഷൻ ശ്രീധരന്‍പിള്ളയുടെ വാക്കുകള്‍ ഭരണഘടന അറിയാത്തതു കൊണ്ടാണെന്നും ഈ വാദം നിലനിൽക്കുന്നതല്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
കേന്ദ്ര സർക്കാരിനാണ് നിയമ നിർമാണത്തിന് സാധ്യത ഉള്ളത്. അതു സൗകര്യപൂർവം ശ്രീധരൻ പിള്ള മറക്കുന്നു. പ്രത്യേക നിയമ സഭ സമ്മേളനം വിളിക്കേണ്ട കാര്യമില്ല. ഓർഡിനൻസ് ഇറക്കാനുള്ള അധികാരം കേന്ദ്ര സർക്കാരിന് മാത്രമാണ്. രാഷ്ട്രീയം കളിക്കുന്നത് ബി ജെ പിയും സി പി എമ്മുമാണെന്നും ദേവസ്വം ബോർഡ് വിശ്വാസികളെ കബളിപ്പിക്കുകയാണെന്നും ചെന്നിത്തല തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam