
ദില്ലി: വനിത സംവരണ ബിൽ വ്യാഴാഴ്ച തുടങ്ങുന്ന പാർലമെൻറ് സമ്മേളനത്തിൽ പാസ്സാക്കണം എന്ന പ്രധാനമന്ത്രിയുടെ നിർദ്ദേശത്തെ എതിർത്ത് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ. മണ്ഡല പുനർനിർണ്ണയത്തെക്കുറിച്ച് ആദ്യം സർവ്വകക്ഷി യോഗം വിളിച്ച് ചർച്ച ചെയ്യണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മല്ലികാർജ്ജുൻ ഖർഗെ കത്തു നല്കി. വ്യാഴാഴ്ച മുതൽ മൂന്നു ദിവസം പാർലമെൻറിൽ ഹാജരാകണമെന്ന് നിർദ്ദേശിച്ച് ബിജെപി എംപിമാർക്ക് വിപ്പ് നല്കി
വനിത സംവരണ ബില്ലിൽ പിന്തുണ തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ എല്ലാ കക്ഷി നേതാക്കൾക്കും കത്ത് നല്കിയിരുന്നു. വനിത സംവരണം നടപ്പാക്കാനുള്ള ഉചിതമായ സമയമാണിതെന്നും ഇക്കാര്യത്തിൽ ഒന്നിച്ചു മുന്നോട്ടു പോകാമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. കക്ഷി നേതാക്കളുമായി ഇക്കാര്യത്തിൽ സർക്കാർ ചർച്ച നടത്തിയതായും പ്രധാനമന്ത്രി കത്തിൽ പറഞ്ഞിരുന്നു. എന്നാൽ കൂടിയാലോചന നടന്നിട്ടില്ലെന്ന് പ്രധാനമന്ത്രിക്ക് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ നല്കിയ കത്തിൽ ചൂണ്ടിക്കാട്ടി. മണ്ഡല പുനർനിർണ്ണയം എങ്ങനെ എന്ന് ഇതുവരെ പ്രതിപക്ഷത്തെ അറിയിച്ചിട്ടില്ല. 543ൽ നിന്ന് 816 ആക്കി ലോക്സഭ സീറ്റുകളുടെ എണ്ണം കൂട്ടാനുള്ള ഭേദഗതി സർക്കാർ കൊണ്ടു വരും എന്നാണ് സൂചന. ഇതിനൊപ്പം 2029 മുതൽ ലോക്സഭയിലും നിയമസഭകളിലും സംവരണം നടപ്പാക്കാനുള്ള പ്രത്യേക ബില്ലും ഉണ്ടാകും.
സീറ്റുകളുടെ എണ്ണം, മണ്ഡല പുനർനിർണ്ണയം എന്നിവ സർവ്വകക്ഷിയോഗം വിളിച്ച് ബംഗാളിലെ വോട്ടെടുപ്പിനു ശേഷം ചർച്ച ചെയ്യണമെന്ന് ഖർഗെ നിർദ്ദേശിച്ചു. ഇതിനു ശേഷം പാർലമെൻറ് ചേർന്നാൽ മതിയെന്നാണ് കോൺഗ്രസ് നിലപാട്. ബുധനാഴ്ച പ്രതിപക്ഷ പാർട്ടി നേതാക്കളുടെ യോഗം ഖർഗെയുടെ അദ്ധ്യക്ഷതയിൽ ദില്ലിയിൽ ചേരും. രാഷ്ട്രീയ ലാഭത്തിനു വേണ്ടിയാണ് ഇപ്പോൾ ഇത് ചർച്ചയാക്കുന്നത് എന്ന വിമർശനവും മല്ലികാർജ്ജുൻ ഖർഗെ കത്തിൽ ഉന്നയിച്ചു. ഒന്നുകിൽ നിലവിലെ സീറ്റുകൾ കൂട്ടാതെ തന്നെ സംവരണം നടപ്പാക്കണം എന്നാണ് ചില കക്ഷികളുടെ നിർദ്ദേശം. ഇല്ലെങ്കൽ സെൻസസ് കണക്ക് വ്യക്തമായി വന്ന ശേഷം മണ്ഡലങ്ങളുടെ എണ്ണം തീരുമാനിക്കണമെന്നും പ്രതിപക്ഷം പറയുന്നു. അതേസമയം നീക്കത്തിൽ നിന്ന് പിന്നോട്ടില്ലെന്ന സൂചനയാണ് ബിജെപി നല്കുന്നത്. ലോക്സഭയിലെയും രാജ്യസഭയിലെയും എംപിമാർ എല്ലാവരും നിർബന്ധമായും പതിനാറ് മുതൽ പതിനെട്ട് വരെ പാർലമെൻറിിൽ ഉണ്ടാകണം എന്ന് ബിജെപി നേതൃത്വം നിർദ്ദേശിച്ചു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam