നിരോധനാജ്ഞ ലംഘിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശബരിമലയിലേക്ക്; അതീവ ജാഗ്രത

By Web TeamFirst Published Nov 20, 2018, 8:45 AM IST
Highlights

ശബരിമല പോലെ ഒരു തീർത്ഥാടന കേന്ദ്രത്തിൽ ആളുകൾ ഒരുമിച്ച് കൂടുന്നത് നിരോധിച്ചത് ഭക്തരോടുള്ള വെല്ലുവിളിയാണെന്നാണ് യുഡിഎഫ് നിലപാട്.
 

പത്തനംതിട്ട: ശബരിമലയിലെ നിരോധനാജ്ഞ ലംഘിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശബരിമലയിലേക്ക്. ബെന്നി ബഹ്നാന്‍ എംഎഎല്‍എയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പത്തനം തിട്ടയിലെത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്ഥലത്തെത്തിയാല്‍ സന്നിധാനത്തേക്ക് തിരിക്കുമെന്ന് ബെന്നി ബഹ്നാന്‍ വ്യക്തമാക്കി.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പിജെ ജോസഫ്, ജോണി നെല്ലൂര്‍ എന്നിവരടക്കം ഘടകക്ഷി നേതാക്കളടങ്ങിയ ഒന്‍പതംഗ സംഘമാണ് ശബരിമലയിലേക്ക് പോകുന്നത്. നിരോധനാജ്ഞ ലംഘിച്ച് മുന്നോട്ട് പോവുക എന്നത് തന്നെയാണ് നേതാക്കളുടെ തീരുമാനം. ശബരിമലയില്‍ ആര്‍എസ്എസും ബിജെപിയും പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. അതിന്‍റെ പേരില്‍ പൊലീസിനെ വച്ച് ദര്‍ശനത്തിനുള്ള അവസരം ഇല്ലാതാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഹരിവരാസം പാടിയതിന് ശേഷവും ശബരിമലയില്‍ ആളുകള്‍ നിന്നിട്ടുണ്ട്. 

ശബരിമലയില്‍ മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യമാണ് നടക്കുനന്ത്. പൊലീസും ആഭ്യന്തര വകുപ്പും പരാജയപ്പെട്ടു. ശബരിമലയില്‍ വിശ്വാസികള്‍ക്ക് സൗകര്യം ഏര്‍പ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി. അതേസമയം യുഡിഎഫ് നേതാക്കള്‍ക്ക് പിന്നാലെ ബിജെപി നേതാക്കളും  ശബരിമലയിലെത്തും. 

ശബരിമല വിഷയത്തിൽ കൂടുതൽ സജീവമായി ഇടപെടുന്നതിന്‍റെ ഭാഗമായാണ് നേതാക്കൾ ഇന്ന് ശബരിമലയിലെത്തുന്നത്. വി. മുരളീധരൻ ഉൾപ്പെടെയുള്ള ബിജെപി നേതാക്കളും ഇന്ന് ശബരിമലയിലെത്തുന്നുണ്ട്.മനുഷ്യാവകാശ കമ്മീഷനും ഇന്ന് പന്പയിലെത്തും.

നിരോധനാജ്ഞ നിലനിൽക്കെ പരമാവധി പ്രവർത്തകരെ ശബരിമലയിൽ എത്തിക്കാനാണ് നേതാക്കൾക്ക് ബിജെപി സംസ്ഥാന നേതൃത്വത്തിന്‍റെ നിർദ്ദേശം. ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കാൻ പ്രവർത്തകർ ശബരിമലയിലേക്ക് പോകണമെന്നാണ് നിർദ്ദേശം. സംസ്ഥാന ജനറൽ  സെക്രട്ടറി എ.എൻ.രാധാകൃഷ്ണന്‍റെ പേരിലാണ് സർക്കുലർ നൽകിയിരിക്കുന്നത്.   

click me!