
ഭുവനേശ്വര്‍: ബിജെപി ദേശീയ നിർവ്വാഹകസമിതി യോഗം ഇന്ന് ഭുവനേശ്വറിൽ തുടങ്ങും. രാഷ്ട്രപതി സ്ഥാനാർത്ഥിയെ നിശ്ചയിക്കാനുള്ള അധികാരം നിർവ്വാഹകസമിതി യോഗം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വിട്ടേക്കും. കേരളത്തിലെ സാഹചര്യം യോഗത്തിലവതരിപ്പിക്കുന്ന രാഷ്ട്രീയപ്രമേയത്തിൽ ഉൾപ്പെടുത്തിയേക്കും.
ബിജെപിയുടെ ചരിത്രത്തിലെ ഏറ്റവും തിളക്കമാർന്ന ഒരു സമയത്താണ് ഭുവനേശ്വറിൽ രണ്ടു ദിവസത്തെ നിർവ്വാഹകസമിതി യോഗം ചേരുന്നത്. ഉത്തർപ്രദേശിലെ വൻ വിജയത്തിനു ശേഷം എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉജ്ജ്വല സ്വീകരണം ഒരുക്കിയിട്ടുണ്ട്. നരേന്ദ്രമോദിയുടം റോഡ് ഷോയും വൈകിട്ട് നടക്കും. പാർട്ടിയുടെ മുഖ്യമന്ത്രിമാരുടെ എണ്ണം 13 ആയിരിക്കെ നരേന്ദ്ര മോദി ഇതുവരെയുള്ള എല്ലാ നേതാക്കൾക്കും മേലിൽ ഉയരുകയാണ്.
ഭുവനേശ്വറിൽ എവിടെ തിരിഞ്ഞാലും നരേന്ദ്ര മോദിയുടെ കട്ടൗട്ടുകൾ. ഒപ്പം പാർട്ടിയിൽ മോദികഴിഞ്ഞാൽ രണ്ടാമൻ അമിത്ഷാ തന്നെന്ന് ഈ സമ്മേളനം പ്രഖ്യാപിക്കുന്നു. രാഷ്ട്പതി ഉപരാഷ്ട്പതി സ്ഥാനാർത്ഥികൾ ആരെന്നതാണ് ഇനി പ്രധാന ചോദ്യം. എൽകെ അദ്വാനിക്ക് ഇത് നല്കാൻ ഇപ്പോഴത്തെ നേതൃത്വത്തിന് താല്പര്യമില്ല. സ്ഥാനാർത്ഥിയാരെന്ന തീരുമാനം യോഗം പ്രധാനമന്ത്രിക്കും പാർട്ടി അദ്ധ്യക്ഷനും വിടും എന്നാണ് സൂചന. എൻഡിഎയിലെ പ്രമുഖ കക്ഷികളുമായി പ്രധാനമന്ത്രി ചർച്ച നടത്തും.
കേരളത്തിലെ സാഹചര്യവും ഇന്നു ചേരുന്ന ഭാരവാഹി യോഗത്തിൽ ചർച്ചയാവും. രാഷ്ട്രീയപ്രമേയത്തിൽ കേരളത്തിലെ ഭരണത്തിനെതിരെ പരാമർശം വേണമെന്ന് സംസ്ഥാന നേതാക്കൾ ആവശ്യപ്പെടും. എൽ കെ അദ്വാനി യോഗത്തിനെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഉത്തർപ്രദേശ് മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥും യോഗത്തിൽ ശ്രദ്ധാകേന്ദ്രമാകും
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam