വോട്ട് ചോദിച്ചെത്തിയ ബിജെപി സ്ഥാനാര്‍ത്ഥിയെ ജനം സ്വീകരിച്ചത് ചെരുപ്പുമാലയണിയിച്ച്: വീഡിയോ

By Web DeskFirst Published Jan 8, 2018, 12:19 PM IST
Highlights

ഭോപ്പാല്‍: മധ്യപ്രദേശ് തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ബിജെപി സ്ഥാനാര്‍ത്ഥിയെ പ്രദേശവാസികള്‍ സ്വീകരിച്ചത് ചെരുപ്പുമാലയണിയിച്ച്. ഭോപ്പാലില്‍ നിന്ന് 272 കിലോമീറ്റര്‍ അകലെയുള്ള ധര്‍ ജില്ലയിലെ ധാംനോദ് നഗരത്തില്‍ പ്രചാരണം നടത്തുന്നതിനിടെയായിരുന്നു സംഭവം.

ധാംനോദ് തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ദിനേഷ് ശര്‍മ്മയെയാണ് പ്രദേശിവാസികള്‍ ചെരുപ്പുമാല അണിയിച്ചത്. വീടുകള്‍ കയറി വോട്ടു ചോദിക്കുകയായിരുന്നു അദ്ദേഹം. 'അവര്‍ എന്റെ സ്വന്തം ആളുകളാണ്. അവരെ അസ്വസ്ഥമാക്കിയ എന്തെങ്കിലും ഒന്ന് ഉണ്ടാവാം. അതുകൊണ്ടാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. ഞങ്ങള്‍ ഒരുമിച്ചിരുന്ന് പ്രശ്‌നം ചര്‍ച്ച ചെയ്യും. ഞാന്‍ അവരുടെ മകനെ പോലെയാണ്. ' സംഭവത്തെ കുറിച്ച് ശര്‍മ്മ പ്രതികരിച്ചത് ഇങ്ങനെ.

ശര്‍മ്മയെ ചെരുപ്പുമാലയണിയിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. മേഖലയിലെ കുടിവെള്ള പ്രശ്‌നം ശ്രദ്ധയില്‍പ്പെടുത്താനാണ് ഇങ്ങനെ ചെയ്തതെന്നാണ് മാലയണിയിച്ചയാള്‍ പ്രതികരിച്ചു. 'പ്രദേശവാസികള്‍ കടുത്ത കുടിവെള്ള പ്രശ്‌നമാണ് നേരിടുന്നത്. ചെയര്‍പേഴ്‌സന് അതിനെക്കുറിച്ച് പരാതി നല്‍കാനായി സ്ഥലത്തെ സ്ത്രീകള്‍ ചെയര്‍പേഴ്‌സണിനെ സമീപിച്ചു. എന്നാല്‍ പരാതിപ്പെടാന്‍ പോയവര്‍ക്കെതിരെ മറ്റൊരു പരാതി രജിസ്റ്റര്‍ ചെയ്യുകയാണുണ്ടായത്. രാത്രിയില്‍ വരെ പലവട്ടം അവര്‍ പൊലീസ് സ്‌റ്റേഷനില്‍ കയറിയിറങ്ങേണ്ടി വന്നു. അതുകൊണ്ടാണ് ഞാനിത് ചെയ്തത്.' അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസമാണ് മധ്യപ്രദേശിലെ 19 തദ്ദേശ ഘടകങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ജനുവരി 17നാണ് വോട്ടെടുപ്പ്.


 

click me!