
അഹമ്മദാബാദ്: ഗുജറാത്തിൽ എക്സിറ്റ് പോളുകൾ പ്രവചിച്ചതിനെക്കാൾ മികച്ചവിജയം നേടുമെന്ന് ബിജെപി. എക്സിറ്റ് പോൾ തെറ്റാണെന്നും തിങ്കളാഴ്ച വോട്ടെണ്ണുമ്പോൾ ബിജെപി അമ്പരക്കുമെന്നുമാണ് കോൺഗ്രസിന്റെ അവകാശവാദം. വാശിയേറിയ പ്രചാരണത്തിനൊടുവിൽ ഇന്ന് വിശ്രമദിനം ആണെങ്കിലും കൂട്ടിയും കിഴിച്ചും ജനവിധിക്കായി കാത്തിരിക്കുകയാണ് സ്ഥാനാർത്ഥികൾ. ഗുജറാത്തിൽ 116 സീറ്റ് വരെ നേടി ബിജെപി ഭരണം തുടരുമെന്നാണ് വിവിധ എക്സിറ്റ് പോളുകളുകളുടെ ശരാശരി നൽകുന്ന സൂചന.
കോൺഗ്രസ് പത്ത് സീറ്റുവരെ ഇത്തവണ അധികം നേടാൻ സാധ്യതയുണ്ടെന്നും സർവ്വെകൾ പറയുന്നു. സൗരാഷ്ട്രയിലും വടക്കൻ ഗുജറാത്തിലും കോൺഗ്രസ് നേട്ടമുണ്ടാക്കുമെന്ന് പറയുന്ന എക്സിറ്റ് പോൾ മധ്യഗുജറാത്തും ദക്ഷിണ ഗുജറാത്തും അഹമ്മദാബാദും ബിജെപി തൂത്തുവാരുമെന്നും വ്യക്തമാക്കുന്നു. സർവ്വകളെ തള്ളിക്കളയുന്നില്ലെങ്കിലും 130ലധികം സീറ്റ് ഉറപ്പായും കിട്ടുമെന്നാണ് ബിജെപി നേതാക്കൾ പറയുന്നത്. സർവ്വെ ശരിയല്ലെന്നും പതിനെട്ടിന് വോട്ടെണ്ണുമ്പോൾ വിജയം തങ്ങൾക്കൊപ്പമാകുമെന്നും കോൺഗ്രസ് നേതാവ് രാജീവ് ശുക്ല പ്രതികരിച്ചു.
ഗുജറാത്തിൽ മഹാപരിവർത്തൻ വരാൻപോവുകയാണെന്ന് സംവരണ സമരനായകൻ ഹാർദിക് പട്ടേൽ ട്വിറ്ററിൽ കുറിച്ചു. ആഴ്ചകൾ നീണ്ട പ്രചാരണങ്ങൾക്കൊടുവിൽ നേതാക്കൾക്ക് ഇന്ന് വിശ്രമ ദിവസമാണ്. 182 അംഗ ഗുജറാത്ത് നിയമസഭയിലെ പല പ്രമുഖരും ഇത്തവണ ശക്തമായ മത്സരം നേരിട്ടിരുന്നു. രാജ്കോട്ടിൽ മുഖ്യമന്ത്രി വിജയ് രൂപാണി ഇന്ത്രാനിൽ രാജ്യഗുരുവിനോടും മെഹ്സാനയിൽ ഉപമുഖ്യമന്ത്രി നിധിൻ പട്ടേൽ ജീവാഭായ് പട്ടേലിനോടും വിയർത്തുപോരാടി. മുതിർന്ന കോൺഗ്രസ് നേതാക്കളായ ശക്തിസിംഗ് ഗോഹിൽ, അർജുൻ മോഡ്വാഡിയ, ദളിത് നായകൻ ജിഗ്നേഷ് മേവാനി ഒബിസി നേതാവ് അൽപേഷ് ഠാക്കൂർ ഇവരെല്ലാം എതിരാളികളിൽനിന്നും വെല്ലുവിളി നേരിട്ടു. കൂട്ടിയും കിഴിച്ചും കാത്തിരിക്കുകയാണ് സ്ഥാനാർത്ഥികൾ.