ചാനല്‍ ഐ‍ഡി കാര്‍ഡ്, ഒളിക്യാമറ; മൊബൈല്‍ ഷോപ്പ് ഉടമയെയും ജീവനക്കാരിയെയും കൂടുതല്‍ ചോദ്യം ചെയ്യും

By Web DeskFirst Published Dec 15, 2017, 7:24 AM IST
Highlights

കോഴിക്കോട്: ഓര്‍ക്കാട്ടേരിയില്‍ നിന്നും ഒളിച്ചോടി പൊലിസ് പിടിയിലായ മൊബൈല്‍ ഷോപ്പുടമയും ജീവനക്കാരിയും കോഴിക്കോട് നടത്തിയത് കള്ളനോട്ടടിക്കാനുള്ള വന്‍ സജ്ജീകരണങ്ങളും വ്യാജ ലോട്ടറി പ്രിന്‍റിങ്ങും. കഴിഞ്ഞ ദിവസമാണ്  കാണ്മാനില്ലെന്ന വീട്ടുകാരുടെ പരാതിയില്‍ അംജാദിനെയും പ്രവീണ എന്ന യുവതിയെയും പൊലീസ് പിടികൂടുന്നത്. വ്യാജ ഐഡികാര്‍ഡുകള്‍ കണ്ടെടുത്തതിനെതുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് കള്ളനോട്ടടിയടക്കമുള്ള തട്ടിപ്പ് പുറത്തായത്. ഇവരെ കൂടുതല്‍ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. നൂറു രൂപയുടെയും അമ്പത് രൂപയുടെയും ഇരുപത് രൂപയുടെയും വ്യാജനോട്ടുകളാണ് ഇവര്‍ നിര്‍മിച്ചത്. സാധാരണ എഫോര്‍ ഷീറ്റില്‍ പ്രിന്‍റ് ചെയ്ത നൂറു രൂപയുടെ 156 നോട്ടുകളും അമ്പതും ഇരുപതും രൂപയുടെ ഓരോ എണ്ണവുമാണ് കണ്ടെത്തിയത്. 

സെപ്തംബര്‍ 11നാണ് വൈക്കിലശ്ശേരി പുത്തന്‍പുരയില്‍ മുഹമ്മദ് അംജാദിനെ (23) കാണാതാകുന്നത്. പിന്നീട് നവംബര്‍ 13ന് കടയിലെ ജീവനക്കാരിയായ ഒഞ്ചിയം മനക്കല്‍ ഹൗസില്‍ പ്രവീണയെയും (32) കാണാതായത്. ഇരുവരുടെയും തിരോധാനം സംബന്ധിച്ച് ബന്ധുക്കള്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി ഫയല്‍ചെയ്തിരുന്നു. തിരോധാനത്തില്‍ ഐഎസ് ബന്ധംവരെ സംശയിച്ച സാഹചര്യത്തിലാണ് വടകര ഡിവൈഎസ്പി പ്രേംരാജിന്‍റെ നേതൃത്വത്തില്‍ എടച്ചേരി എസ്ഐ കെ.പ്രദീപ് കുമാറും സംഘവും അന്വേഷണം നടത്തിയത്. 

കോഴിക്കോട് പുതിയറ ജയില്‍റോഡില്‍ ഒരു വീടിന്‍റെ ഒന്നാംനിലയില്‍ വാടകക്കു താമസിച്ചുവരികയായിരുന്നു ഇവര്‍. ഇവിടെ നിന്നാണ് കള്ളനോട്ടുകള്‍ നിര്‍മിച്ചത്. ഇതോടൊപ്പം ഇവര്‍ വ്യാജ ലോട്ടറി നിര്‍മിച്ച് സമ്മാനം കൈപ്പറ്റിയതായും പോലീസ് കണ്ടെത്തി. സമ്മാനാര്‍ഹമായ നമ്പറുള്ള ലോട്ടറി ടിക്കറ്റ് തയാറാക്കിയാണ് പണം സ്വന്തമാക്കിയത്. മീഡിയാവണ്‍ ചാനലിന്‍റെ ഐഡന്‍റിറ്റി കാര്‍ഡും ഇവര്‍ കൃത്രിമമായി തയാറാക്കിയിട്ടുണ്ട്. ഇവയും താമസ സ്ഥലത്ത് നടത്തിയ റെയ്ഡില്‍ പോലീസ് പിടിച്ചെടുത്തു. 

കോഴിക്കോട് പുതിയറയിലെ വാടകവീട്ടിലേക്ക് പ്രിന്‍ററും മറ്റ് സാധനങ്ങളും എത്തിച്ച് നല്‍കിയത് പ്രവീണയാണ്. മൂന്ന് കളര്‍ പ്രിന്‍ററുകള്‍, രണ്ട് സ്കാനറുകള്‍, ഒരു ലാപ്ടോപ്പ്, ടാബ്, നോട്ട് അടിക്കാനുള്ള പേപ്പറുകള്‍, മുകള്‍ നിലയില്‍ ഇവര്‍ താമസിച്ചിരുന്ന വീട്ടിലേക്ക് ആളുകള്‍ കടന്നുവരുന്നത് മനസിലാക്കാന്‍ പ്ലാസ്റ്റിക് ബക്കറ്റില്‍ സ്ഥാപിച്ച സിസിടിവി ക്യാമറ, അച്ചടിച്ച നോട്ടുകള്‍, വ്യാജ ലോട്ടറി ടിക്കറ്റുകള്‍, മീഡിയവണ്‍ ചാനലിന്‍റെ വ്യാജ ഐഡന്‍റിറ്റി കാര്‍ഡുകള്‍, പോലിസ് സ്ക്വാഡിന്‍റെ ഐഡന്‍റിറ്റി കാര്‍ഡ് എന്നിവയാണ് പിടിച്ചെടുത്തത്. 

ചാനലിന്‍റെ ഐഡന്‍റിറ്റി കാര്‍ഡില്‍ പ്രവീണ സംഗീത മേനോനും അംജാദ് അജു വര്‍ഗീസുമാണ് ഇവർ. കേരളപൊലിസിലെ ക്രൈം സ്ക്വാഡ് അംഗം എന്ന നിലയിലും അംജാദിന്‍റെ ഐഡന്‍റിറ്റി കാര്‍ഡുണ്ട്. നവംബര്‍ 13 മുതല്‍ പ്രവീണ ഇവിടെ താമസിക്കുന്നുണ്ടെങ്കിലും വീട്ടുടമസ്ഥന്‍ അറിഞ്ഞിരുന്നില്ല. ഐഡിയയുടെ മാനേജര്‍ ആണെന്നാണ് അംജാദ് ഉടമസ്ഥനോട് പറഞ്ഞിരുന്നത്. അഞ്ഞൂറു രൂപ സമ്മാനം ലഭിച്ച കേരള ലോട്ടറിയുടെ ടിക്കറ്റുകള്‍ വ്യാജമായി നിര്‍മിച്ച് വില്പനക്കാരില്‍നിന്നും രണ്ട് ടിക്കറ്റും ബാക്കി പണവും കൈക്കലാക്കുകയായിരുന്നു ഇയാള്‍. 

കള്ളനോട്ട് കേസില്‍ പ്രതികളായ ഇരുവരേയും വടകര മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍റ് ചെയ്ത ശേഷമാണ് ഹൈക്കോടതിയില്‍ ഹാജരാക്കാന്‍ എറണാകുളത്തേക്കു കൊണ്ടുപോയത്. കാണാതായതു സംബന്ധിച്ച് ഇരുവരുടേയും ബന്ധുക്കള്‍ ഹേബിയസ് കോര്‍പസ് ഫയല്‍ ചെയ്ത സാഹചര്യത്തിലാണ് ഹൈക്കോടതിയില്‍ ഹാജരാക്കിയത്. പ്രതികളെ റിമാന്‍റ് ചെയ്തു. ഇരുവരേയും കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി അടുത്ത ദിവസം തന്നെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു. 
വടകര സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്കാണ് അന്വേഷണ ചുമതല. 

click me!