
തിരുവനന്തപുരം : ശബരിമല പ്രശ്നത്തിൽ പരിഹാരം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റി പടിക്കൽ നടത്തിവന്ന നിരാഹാര സമരം ബിജെപി അവസാനിപ്പിച്ചു. 49 ദിവസം നീണ്ട സമരം വൻ വിജയമായിരുന്നു എന്നാണ് സമരം അവസാനിപ്പിക്കാനുള്ള തീരുമാനം വിശദീകരിച്ച ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരൻ പിള്ളയും മുതിര്‍ന്ന ബിജെപി നേതാക്കളും അവകാശപ്പെടുന്നത്.
സര്‍ക്കാര്‍ നിലപാട് തെറ്റാണെന്ന് തെളിയിക്കാനായെന്ന് ബിജെപി വിശദീകരിക്കുന്നു. ശബരിമല വിഷയത്തിൽ സര്‍ക്കാര്‍ ഒറ്റപ്പെട്ടു, വിശ്വാസികളേയും അവിശ്വാസികളും രണ്ട് ചേരിയായെന്നും ശബരിമല നിലപാട് പാര്‍ട്ടിക്ക് നേട്ടമായെന്നുമാണ് വിലയിരുത്തൽ. അതേസമയം സമരം ഏങ്ങനെ തുടരുമെന്ന കാര്യത്തിൽ തീരുമാനമൊന്നും ആയിട്ടില്ല. ശബരിമല കര്‍മ്മ സമിതി അടക്കമുള്ളവരുമായി ആലോചിച്ച ശേഷം തുടര്‍ സമരപരിപാടികൾ ആസൂത്രണം ചെയ്യുമെന്ന് മാത്രമാണ് നേതാക്കൾ പറയുന്നത്.
സെക്രട്ടേറിയറ്റിന് പടിക്കലെ അനിശ്ചിത കാല നിരാഹാര സമരം വൻ വിജയമായിരുന്നു എന്നാണ് ബിജെപി അവകാശപ്പെടുന്നതെങ്കിലും സമരത്തിന്റെ തുടര്‍ച്ച എങ്ങനെ വേണമെന്ന കാര്യത്തിൽ അഭിപ്രായ സമന്വയം ഉണ്ടാക്കാൻ നേതാക്കൾക്കായിട്ടില്ല. മണ്ഡലമകരവിളക്ക് കാലത്ത് ശബരിമലയിൽ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ പിൻവലിക്കണമെന്നതടക്കം സമരവേദിയിൽ ബിജെപി ഉന്നയിച്ച ആവശ്യങ്ങളോടൊന്നും സര്‍ക്കാര്‍ പ്രതികരിച്ചില്ല. സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തിയരോട് ഒരു ഘട്ടത്തിലും സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറായതുമില്ല. അനാവശ്യ ഹര്‍ത്താലുകളും അതെ തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങളുമെല്ലാം പൊതുജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കിയെന്ന തോന്നലും പാര്‍ട്ടിക്കകത്തുണ്ട്. മുതിര്‍ന്ന നേതാക്കൾ നിരാഹാര സമരം ഏറ്റെടുക്കാൻ എത്താതിരുന്ന സാഹചര്യം ബിജെപിക്ക് അകത്ത് തന്നെ കടുത്ത അതൃപ്തിയുണ്ടാക്കി. സമരം വേണ്ടത്ര ഫലം ചെയ്യാതെ പോയത് എന്ന വികാരമാണ് സാധാരണ പ്രവര്‍ത്തകരിൽ ഉണ്ടായത് .
എന്നാൽ ശബരിമല കയറിയെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്ന 51 പേരുടെ പട്ടികയിൽ കടന്ന് കൂടിയ ആശയക്കുഴപ്പങ്ങളടക്കം അവസാന ലാപ്പിൽ ഗുണമുണ്ടാക്കിയെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. പുത്തിരിക്കണ്ടം മൈതാനത്ത് സംഘടിപ്പിക്കുന്ന അയ്യപ്പ സംഗമത്തോടെ സമരത്തിന് പുതിയ രൂപവും ഭാവവും ഉണ്ടാകുമെന്നും നേതാക്കൾ പ്രതീക്ഷ പ്രകടിപ്പിക്കുന്നുണ്ട്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam