ബിജെപിക്ക് തിരിച്ചടി നല്‍കിയത് ഭഗവാന്റെ കോപമെന്ന് അയോധ്യയിലെ രാമക്ഷേത്രത്തിലെ മുഖ്യപുരോഹിതന്‍

By Web DeskFirst Published Jun 6, 2018, 9:03 AM IST
Highlights
  • രാമക്ഷേത്ര നിര്‍മാണം അവഗണിച്ചാല്‍ ഇനി അധികാരത്തിലെത്തില്ല
  • അധികാരത്തിലെത്തിയപ്പോള്‍ അവര്‍ ശ്രീരാമനെ മറന്നു

അയോധ്യ: 2019 ലെ തെരഞ്ഞെടുപ്പ് നേരിടുമ്പോള്‍ അയോധ്യക്ഷേത്ര നിര്‍മാണ് ബിജെപിക്ക് തലവേദനയാകുന്നു. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിച്ചില്ലെങ്കില്‍ വീണ്ടും അധികാരത്തിലെത്താമെന്ന സ്വപ്നം ഉപേക്ഷിക്കേണ്ടി വരുമെന്ന് ബിജെപിക്ക് ക്ഷേത്രത്തിലെ മുഖ്യ പുരോഹിതന്റെ ഭീഷണി. അയോധ്യ വിഷയം പൂര്‍ണമായി മറന്നുള്ള പ്രവര്‍ത്തനം തെരഞ്ഞെടുപ്പില്‍ തിരിച്ചടി നല്‍കും. 

എഎന്‍ഐയോട് സംസാരിക്കുമ്പോഴാണ് മുഖ്യ പുരോഹിതന്‍ ആചാര്യ സത്യേന്ദ്ര ദാസ് ഈ വിഷയം വെളിപ്പെടുത്തിയത്. ബിജെപി അധികാരത്തിലെത്തിയത് ശ്രീരാമ ഭഗവാന്റെ അനുഗ്രഹത്തില്‍ ആണെന്ന കാര്യം വിസ്മരിക്കരുത്. അധികാരത്തിലെത്തിയപ്പോള്‍ അവര്‍ ശ്രീരാമനെ മറന്നെന്നാണ് മുഖ്യപുരോഹിതന്റെ ആരോപണം. 

ശ്രീരാമ ക്ഷേത്രം നിര്‍മാണം ആരംഭിച്ചില്ലെങ്കില്‍ ഭഗവാന്റെ ശാപം ബിജെപിക്ക് തിരിച്ചടി നല്‍കും. ബിജെപിയ്ക്ക് കയ്റാനയില്‍ നേരിട്ട തിരിച്ചടിയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ആചാര്യ ദാസ്.  ഉപതിരഞ്ഞെടുപ്പുകളിലെ തിരിച്ചടിക്ക് പിന്നില്‍ ശ്രീരാമ ഭഗവാന്റെ ശാപമാണ്. ഇനി പാര്‍ട്ടിക്ക് ഭഗവാന്റെ പ്രീതി കിട്ടണമെങ്കില്‍ ക്ഷേത്ര നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

ബിജെപിയുടെ പുരോഗതിക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ തെറ്റായ ദിശയിലാണ് പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം കേന്ദ്ര ന്യൂനപക്ഷക്ഷേമ വകുപ്പു മന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വി പറഞ്ഞ കാര്യങ്ങളാണ് രാമക്ഷേത്ര വീണ്ടും ചര്‍ച്ചയാവാന്‍ കാരണം. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിനെ ബിജെപി നേരിടുക വികസന നേട്ടങ്ങൾ ഉയർത്തിക്കാണിച്ചാണെന്നും ഹിന്ദുത്വ വാദത്തിനോ ക്ഷേത്രവിഷയങ്ങൾക്കോ ഇക്കാര്യത്തില്‍ ഒരു പങ്കുമുണ്ടാകില്ലെന്നുമായിരുന്നു നഖ്‌വി വിശദമാക്കിയത്. 

നാലു വർഷം കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഒട്ടേറെ വികസന പദ്ധതികൾ കൊണ്ടുവന്നിരുന്നു. ഇതു മാത്രം മതി വൻ ഭൂരിപക്ഷത്തോടെ ബിജെപി വീണ്ടും അധികാരത്തിലെത്താനെന്നും. യാതൊരു വിവേചനവുമില്ലാതെയാണു കേന്ദ്രം ജനങ്ങൾക്കു സഹായം നൽകുന്നതെന്നും നഖ്‍വി പറഞ്ഞിരുന്നു. രാജ്യത്ത് എല്ലാ ന്യൂനപക്ഷ വിഭാഗക്കാരും സുരക്ഷിതരാണെന്നും നഖ്‌വി കൂട്ടിച്ചേര്‍ത്തു
 

click me!