ചാണക്യതന്ത്രം തിരിച്ചടിക്കുന്നുവോ; മധ്യപ്രദേശില്‍ ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്കെന്ന് റിപ്പോര്‍ട്ട്

By Web TeamFirst Published Dec 19, 2018, 8:28 PM IST
Highlights

മധ്യപ്രദേശില്‍ 114 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസ് എസ്പി, ബിഎസ്പി, സ്വതന്ത്രര്‍ എന്നിവരുടെ പിന്തുണയോടെയാണ് അധികാരത്തിലെത്തിയത്. 109 സീറ്റുകളാണ് ബിജെപി നേടിയത്

ഭോപ്പാല്‍: മറ്റ് പാര്‍ട്ടികളില്‍ നിന്ന് നേതാക്കളെ സ്വന്തം പാളയത്തിലെത്തിച്ച് ശക്തി വര്‍ധിപ്പിക്കുന്ന തന്ത്രം ബിജെപി പലയിടങ്ങളില്‍ പയറ്റിയിട്ടുണ്ട്. പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനായ അമിത് ഷായുടെ ചാണക്യതന്ത്രമെന്നാണ് ഇതിന് പ്രവര്‍ത്തകര്‍ നല്‍കിയിരുന്ന വിശേഷണം.

ആ തന്ത്രം അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ പ്രചാരണം കനത്തപ്പോള്‍ തിരിഞ്ഞു കൊത്തി തുടങ്ങിയിരുന്നു. ഇപ്പോള്‍ അതിന് ആക്കം കൂട്ടുന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. മധ്യപ്രദേശില്‍ 15 വര്‍ഷത്തിന് ശേഷം അധികാരം നഷ്ടപ്പെട്ട ബിജെപിയില്‍ നിന്ന് നാല് എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറാന്‍ ഒരുങ്ങുന്നുവെന്ന് വിവിധ ദേശീയ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തു. പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ചാണ് ഈ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്.

സഞ്ജയ് പഥക്, സ്വദേശ് റായ്, മുന്‍മുന്‍ റായ്, അനിരുദ്ധ് മാരോ എന്നിവര്‍ കോണ്‍ഗ്രസില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. മധ്യപ്രദേശില്‍ 114 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസ് എസ്പി, ബിഎസ്പി, സ്വതന്ത്രര്‍ എന്നിവരുടെ പിന്തുണയോടെയാണ് അധികാരത്തിലെത്തിയത്.

109 സീറ്റുകളാണ് ബിജെപി നേടിയത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്ന മുതിര്‍ന്ന നേതാവ് കമല്‍നാഥിനെയാണ് കോണ്‍ഗ്രസ് മുഖ്യമന്ത്രിയാക്കിയത്. ഇതോടെ ആറ് മാസത്തിനുള്ളില്‍ വീണ്ടുമൊരു തെരഞ്ഞെടുപ്പ് കാഹളം മധ്യപ്രദേശില്‍ മുഴങ്ങും. കമല്‍നാഥിന് വേണ്ടി ആര് സീറ്റ് ഒഴിഞ്ഞ് നല്‍കുമെന്നത് ചോദ്യമായി കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ മുന്നിലുണ്ട്.

കേവല ഭൂരിപക്ഷം ഒറ്റയ്ക്ക് സ്വന്തമാക്കാന്‍ സാധിക്കാത്തതിനാല്‍ ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാണ് തങ്ങളുടെ എംഎല്‍എമാരെ കോണ്‍ഗ്രസ് കൊത്താന്‍ നോക്കുന്നതെന്ന് ബിജെപി ആരോപിക്കുന്നു.

ഇതിനിടെ സഭയില്‍ വലിയ ഭൂരിപക്ഷമില്ലാത്ത കോണ്‍ഗ്രസില്‍ നിന്ന് എംഎല്‍എമാരെ സ്വന്തം പാളയത്തിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ബിജെപിയും നടത്തുന്നുണ്ട്. എന്നാല്‍, എംഎല്‍എമാരെ ചാക്കിട്ടു പിടിച്ച് അധികാരത്തിലെത്താന്‍ ഇല്ലെന്നാണ് പല നേതാക്കളും ആവര്‍ത്തിക്കുന്നത്. 

click me!