കോടിയേരിക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് ബിജെപിയുടെ പരാതി

By Web DeskFirst Published Jan 15, 2018, 8:15 PM IST
Highlights

തിരുവനന്തപുരം: ചൈന അനുകൂല പ്രസംഗം നടത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരേ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി. 

ബിജെപി തിരുവനന്തപുരം ജില്ലാ  പ്രസിഡന്റ് അഡ്വ.എസ്. സുരേഷാണ് കോടിയേരിക്കെതിരേ ഡിജിപിക്ക് പരാതി നല്‍കിയത്. അമേരിക്ക,ജപ്പാന്‍,ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുമായി ചേര്‍ന്ന് ഇന്ത്യ ചൈനയെ വളഞ്ഞിട്ടാക്രമിക്കുന്നു എന്ന കോടിയേരിയുടെ കായംകുളത്തെ പ്രസംഗം രാജ്യദ്രോഹമാണ്. ഇന്ത്യ ഏറ്റവും ഭീഷണി നേരിടുന്നത് ചൈനയില്‍ നിന്നാണെന്ന കരസേനാ മേധാവിയുടെ വെളിപ്പെടുത്തലിന് ശേഷം നടത്തിയ ഈ പ്രസ്താവന രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കെതിരായ നീക്കമാണ്. രാജ്യത്തിന് തുരങ്കം വെക്കുന്ന ഈ നീക്കം ശത്രുക്കളെ സഹായിക്കാനുള്ളതാണെന്നും പരാതിയില്‍ പറയുന്നു. 

സിപിഎമ്മിന് ചൈനയില്‍ നിന്ന് സഹായം കിട്ടുന്നുണ്ടെന്ന് ബിജെപിക്ക് സംശയമുണ്ട്. ആഭ്യന്തരമന്ത്രി, എംഎല്‍എ എന്നീ ഭരണഘടനാ പദവികള്‍ വഹിച്ചിരുന്നയാള്‍ നടത്തിയ പ്രസ്താവന എന്ന നിലയില്‍ ഇത് അതീവ ഗുരുതരമാണ്. ഭരണഘടനാ ലംഘനത്തിനും രാജ്യദ്രോഹക്കുറ്റത്തിനും കോടിയേരിക്കെതിരേ കേസെടുക്കണമെന്നും പരാതിയില്‍ ആവശ്യമുണ്ട്. സിപിഎം സംസ്ഥാന സമ്മേളനത്തില്‍ കോടിയേരി നടത്തിയ പ്രസംഗത്തെ വിമര്‍ശിച്ച് കുമ്മനം രാജശേഖരനും രംഗത്ത് വന്നിരുന്നു. മാതൃരാഷ്ട്രത്തെ സ്‌നേഹിക്കാന്‍ ആവില്ലെങ്കില്‍ കോടിയേരിയെ പോലെയുള്ളവര്‍ അവരുടെ സ്വപ്‌നനാട്ടിലേക്ക് പോകാന്‍ തയ്യാറാകണമെന്നായിരുന്നു കുമ്മനത്തിന്റെ വിമര്‍ശനം. ഇന്ത്യ ചൈനയെ വളഞ്ഞിട്ടാക്രമിക്കുന്നു എന്ന കോടിയേരിയുടെ പ്രസ്താവന രാജ്യദ്രോഹമാണ്. ഇന്ത്യയോടാണോ ചൈനയോടാണോ കൂറെന്ന് സിപിഎം വ്യക്തമാക്കണം. ദേശവിരുദ്ധ ശക്തികള്‍ക്ക് കുടപിടിക്കുന്ന സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.


 

click me!