ബിജെപി കൊല്ലം ജില്ലാ സെക്രട്ടറി അറസ്റ്റില്‍

By Web TeamFirst Published Dec 1, 2018, 1:05 PM IST
Highlights

വനിതാ എംഎല്‍എമാരെ അധിക്ഷേപിച്ച് സംസാരിച്ചെന്ന കേസില്‍ ബിജെപി കൊല്ലം ജില്ലാ സെക്രട്ടറി വയക്കല്‍ സോമൻ അറസ്റ്റിൽ.

 

കൊല്ലം: വനിതാ എംഎല്‍എമാരെ അധിക്ഷേപിച്ച് സംസാരിച്ചെന്ന കേസില്‍ ബി ജെ പി കൊല്ലം ജില്ലാ സെക്രട്ടറി വയക്കല്‍ സോമൻ അറസ്റ്റിൽ. എംഎല്‍എമാരായ അയിഷാ പോറ്റി, വീണാ ജോര്‍ജ്,  യു. പ്രതിഭ, ആര്‍ ബാലകൃഷ്ണപിളള എന്നിവരെ പരസ്യമായി അധിക്ഷേപിച്ച് സംസാരിച്ചെന്നാണ് കേസ്.

കൊട്ടാരക്കര എംഎൽഎ അഡ്വ. അയിഷാ പോറ്റിയുടെ പരാതിയെ തുടര്‍ന്നാണ് പുനലൂരില്‍ നിന്ന് സോമനെ കസ്റ്റഡിയില്‍ എടുത്തത്. കൊട്ടാരക്കര ഡിവൈഎസ്പി ഓഫീസിൽ സോമന്‍റെ മൊഴി പൊലിസ് രേഖപ്പെടുത്തും.

കൊട്ടാരക്കരയിൽ ബിജെപി ജില്ലാ സെക്രട്ടറി അഡ്വ.വയക്കൽ സോമൻ നടത്തിയ പ്രസംഗത്തിന്‍റെ വീഡിയോ വിവാദമായിരുന്നു. വീഡിയോ  സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ നിലയ്ക്കലിൽ അറസ്റ്റിലായ ദിവസം കൊട്ടാരക്കര നഗരത്തിൽ നടന്ന ദേശീയപാത ഉപരോധത്തിനിടയിലെ പ്രസംഗത്തിലാണ് വയക്കൽ സോമൻ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. കൊട്ടാരക്കര നഗരത്തിൽ ഉച്ചഭാഷിണി ഉപയോഗിച്ചായിരുന്നു അശ്ലീല പ്രസംഗം.

കൊട്ടാരക്കര ബാറിലെ അഭിഭാഷകനാണ് വയക്കല്‍ സോമന്‍. കേരള കോൺഗ്രസ് നേതാവ് ആർ ബാലകൃഷ്ണപിളളയും കുടുംബവും, മകനും പത്തനാപുരം എംഎൽഎയുമായ കെബി ഗണേഷ് കുമാർ,  കൊട്ടാരക്കര എംഎൽഎ ഐഷാ പോറ്റിയും കുടുംബവും, മുഖ്യമന്ത്രി പിണറായി വിജയൻ, കായംകുളം എംഎൽഎ പ്രതിഭാ ഹരി, ആറൻമുള എംഎൽഎ വീണാ ജോർജ്, എഡിജിപിമാരായ മനോജ് എബ്രഹാം, എസ്.ശ്രീജിത്, കൊട്ടാരക്കര എസ്ഐ മനോജ് എന്നിങ്ങനെ നിരവധി പേർക്കെതിരെ പ്രസിദ്ധീകരണ യോഗ്യമല്ലാത്ത കടുത്ത അശ്ലീല പരാമർശങ്ങളും മോശം പദപ്രയോഗങ്ങളും പ്രസംഗത്തിലുണ്ട്.  

 വയക്കല്‍ സോമന്‍റെ പ്രസംഗത്തിന്‍റെ വീഡിയോ (കടുത്ത അശ്ലീല പ്രയോഗങ്ങള്‍ മറച്ചിട്ടുണ്ട്)

click me!